15 കോടിയുടെ സ്വത്തിനായി ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തി

 15 കോടി രൂപയുടെ സ്വത്ത് കൈവശപ്പെടുത്താന്‍ വേണ്ടിയാണ്  ശങ്കര്‍ ഗെയ്ക്ക്‌വാദിനെ ഭാര്യ ആശ ഗെയ്ക്ക്‌വാദ് കൊലയാളിയുടെ സഹായത്തോടെ കൊലപ്പെടുത്തിയത്
15 കോടിയുടെ സ്വത്തിനായി ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തി

താനെ: സ്വത്ത് കൈവശപ്പെടുത്താനായി ഭാര്യ ഭര്‍ത്താവിനെ  ക്വട്ടേഷന്‍ നല്‍കി കൊന്നു. മഹാരാഷ്ട്ര താനെ ജില്ലയിലെ കല്യാണിലാണ് സംഭവം.  15 കോടി രൂപയുടെ സ്വത്ത് കൈവശപ്പെടുത്താന്‍ വേണ്ടിയാണ്  ശങ്കര്‍ ഗെയ്ക്ക്‌വാദിനെ ഭാര്യ ആശ ഗെയ്ക്ക്‌വാദ് കൊലയാളിയുടെ സഹായത്തോടെ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ആശയെ പൊലീസ് അറസ്റ്റ് ചെയ്തു.

വാടക കൊലയാളിയായ ഹിമാന്‍ഷു ദുബെയ്ക്ക് 30 ലക്ഷം രൂപയാണ് ആശ വാഗ്ദാനം ചെയ്തത്. നാലു ലക്ഷം രൂപ അഡ്വാന്‍സായി നല്‍കുകയും ചെയ്തു. കഴിഞ്ഞ മെയ് 18നായിരുന്നു കൊലപാതകം നടന്നത്. പിന്നാലെ  ശങ്കറിനെ കാണാനില്ലെന്ന പരാതിയുമായി ആശ പൊലീസിനെ സമീപിക്കുകയായിരുന്നു.

ശങ്കറിന്റെ സ്വത്ത് വില്‍ക്കാന്‍ ആശ ശ്രമം നടത്തിയതിന് പിന്നാലെ സംശയം തോന്നിയ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്.സ്വത്ത് വില്‍ക്കാന്‍ ശങ്കര്‍ തടസം നിന്നതിനെക്കുറിച്ചും ഭര്‍ത്താവിനെ കൊല്ലുന്നതിനുള്ള ഗുഢാലോചനയുടെ ഭാഗമായി ആശ സുഹൃത്തുക്കളുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങളും അന്വേഷണത്തിനിടെ പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ആശയുടെ ഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും പരിശോധിച്ചപ്പോള്‍ ദുബൈയും ആശയുമായുള്ള ബന്ധവും കണ്ടെത്തി. ഇതോടെ ആശയെയും കൊലപാതകം നടത്തിയ വാടക കൊലയാളി ഹിമാന്‍ഷു ദുബെയേയും അറസ്റ്റ് ചെയ്യുകയായിരുന്നു.

വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. മെയ് 18ന് ശങ്കറിന് മയക്കുമരുന്ന് ജ്യൂസില്‍ ചേര്‍ത്ത് നല്‍കുകയും അബോധാവസ്ഥയിലായ ശങ്കറിനെ ഹിമാന്‍ശുവും മറ്റു സഹായികളും ചേര്‍ന്ന് വാഗണിയിലും നേരലിലെയും ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് ഇരുമ്പ് ദണ്ട് ഉപയോഗിച്ച് മര്‍ദിച്ച് കൊലപ്പെടുകയുമായിരുന്നു. വെള്ളിയാഴ്ച പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെത്തി.കൊലപാതകി സംഘത്തില്‍ ഉണ്ടായിരുന്നവെന്ന് സംശയിക്കുന്ന പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. പ്രിതം, രാജ് സിങ്, ജഗന്‍ മഹ്രേത എന്നിവരാണ് സംശയിക്കപ്പെടുന്ന മറ്റു പ്രതികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com