ജനങ്ങള്‍ തീരുമാനിച്ചാല്‍ രാഹുല്‍ പ്രധാനമന്ത്രിയാവുന്നത് ആര്‍ക്കും തടയാനാവില്ല;പിന്തുണയുമായി തേജസ്വി യാദവ് 

നുണകളുടെ അടിസ്ഥാനത്തിലാണ് മോദി തരംഗം സൃഷ്ടിച്ചതെന്ന് ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു
ജനങ്ങള്‍ തീരുമാനിച്ചാല്‍ രാഹുല്‍ പ്രധാനമന്ത്രിയാവുന്നത് ആര്‍ക്കും തടയാനാവില്ല;പിന്തുണയുമായി തേജസ്വി യാദവ് 

ന്യൂഡല്‍ഹി:രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവണമെന്ന് രാജ്യത്തെ ജനങ്ങള്‍ തീരുമാനിച്ചാല്‍ ആര്‍ക്കും അദ്ദേഹത്തെ തടയാനാവില്ലെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. രാഹുല്‍ കഴിവുളള നേതാവാണ്. രാഹുല്‍ പോവുന്നിടതെല്ലാം ശക്തമായ പ്രചാരണം നടത്താന്‍ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും നിര്‍ബന്ധിതരാകുകയാണ്. എന്തിനാണ് മോദി രാഹുലിനെ ഇത്രമാത്രം ഭയപ്പെടുന്നതെന്നും തേജസ്വി യാദവ് ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ ചോദിച്ചു.

അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായാല്‍, താനായിരിക്കും പ്രധാനമന്ത്രി എന്ന രാഹുലിന്റെ യുക്തിയില്‍ തെറ്റില്ല. 2014ല്‍ ബിജെപി ചെയ്തത് അതുതന്നെയാണ്. മറ്റു ഏതെങ്കിലും പാര്‍ട്ടിക്ക് ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയരാന്‍ കഴിഞ്ഞാല്‍, പ്രധാനമന്ത്രി പദത്തിന് അവര്‍ അവകാശവാദം ഉന്നയിക്കുന്നതിലും തെറ്റില്ല. ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും അഭിപ്രായപ്രകടനം നടത്താന്‍ അവകാശമുണ്ട്. രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം സ്വാധീനമുളള തന്റെ പാര്‍ട്ടി പ്രതിപക്ഷ ഐക്യനിരയ്ക്കാണ് ശ്രമിക്കുന്നതെന്നും തേജ്വസി യാദവ് പറഞ്ഞു.

നുണകളുടെ അടിസ്ഥാനത്തിലാണ് മോദി തരംഗം സൃഷ്ടിച്ചതെന്ന് ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. ബിജെപി ഭരണം നാലുവര്‍ഷം പിന്നിട്ട പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോള്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ കരുത്തരായി മുന്നോട്ടുവരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലം. സോഷ്യല്‍ മീഡിയയിലും മേല്‍ക്കൈ നേടാന്‍ കഴിഞ്ഞാല്‍ ബിജെപി പ്രതിരോധത്തിലാകുമെന്ന് തേജസ്വി യാദവ് പറഞ്ഞു.

കോണ്‍ഗ്രസാണ് മുഖ്യ പ്രതിപക്ഷ പാര്‍ട്ടി. അതുകൊണ്ട് മറ്റു പാര്‍ട്ടികളെ കൂടെകൂട്ടുക എന്നത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വമാണ്. രാജ്യത്തിന്റെ നന്മയ്ക്കായി എല്ലാ പാര്‍ട്ടികളും അഹന്ത വെടിയണം. കോണ്‍ഗ്രസ് ശക്തമായി നിലക്കൊളളുന്ന സംസ്ഥാനങ്ങളില്‍ അവരെ പിന്തുണയ്‌ക്കേണ്ടത് അനിവാര്യമാണ്. 18 സംസ്ഥാനങ്ങളില്‍ ബിജെപിയുടെ മുഖ്യ എതിരാളി  കോണ്‍ഗ്രസാണ്. അതുകൊണ്ടുതന്നെ വിശാലഐക്യത്തെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ മുഖ്യപങ്കുവഹിയ്‌ക്കേണ്ടതും കോണ്‍ഗ്രസാണെന്ന് തേജസ്വി യാദവ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com