ചോദിച്ചത് ഒരേയൊരു ചോദ്യം, ഇതുവരെ ലഭിച്ചത് 1170 മറുപടികള്‍; പുലിവാലുപിടിച്ച് വിവരാവകാശ പ്രകര്‍ത്തകന്‍

രാജ്യത്തെ വിവിധ പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ ഓഫീസുകളില്‍ നിന്ന് ദിനംപ്രതി അമ്പതില്‍ അധികം കത്തുകളാണ് ഇദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്
ചോദിച്ചത് ഒരേയൊരു ചോദ്യം, ഇതുവരെ ലഭിച്ചത് 1170 മറുപടികള്‍; പുലിവാലുപിടിച്ച് വിവരാവകാശ പ്രകര്‍ത്തകന്‍

ഭോപ്പാല്‍; വിവരാവകാശത്തിലൂടെ നികുതി കുടിശ്ശിക എത്രയെന്ന് അറിയാന്‍ ഒരു അപേക്ഷ സമര്‍പ്പിച്ചതിന് പുലിവാല്‍ പിടിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ നീമുച്ച് സ്വദേശിയായ സ്വദേശിയായ ചന്ദ്രശേഖര്‍ ഗൗര്‍. ഒറ്റ അപേക്ഷയ്ക്ക് ഇതുവരെ 1170 മറുപടി കത്തുകളാണ് ചന്ദ്രശേഖറിന് ലഭിച്ചിരിക്കുന്നത്. എന്നാല്‍ മറുപടികളുടെ വരവ് അവസാനിച്ചിട്ടില്ല. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മറുപടികള്‍ വരുന്നത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

നികുതി കുടിശ്ശിക അറിയുന്നതിനായാണ് ചന്ദ്രശേഖര്‍ കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡിനെ സമീപിച്ചത്. വിവരാവകാശ നിയമപ്രകാരം ഇദ്ദേഹം കുടിശ്ശിക എത്രവരും എന്നതിന്റെ ഏകീകൃത കണക്കാണ് ചോദിച്ചത്. രാജ്യത്തെ വിവിധ പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ ഓഫീസുകളില്‍ നിന്ന് ദിനംപ്രതി അമ്പതില്‍ അധികം കത്തുകളാണ് ഇദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഒരുദിവസം 90 കത്തുകള്‍ ലഭിച്ച സാഹചര്യം വരെയുണ്ടായെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. ദിനംപ്രതി കെട്ടുകണക്കിന് കത്തുകള്‍ ലഭിക്കാന്‍ തുടങ്ങിയതോടെ കാര്യമന്വേഷിച്ച് അയല്‍വാസികള്‍ വരെ വീട്ടിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്രയും കത്തുകള്‍ ലഭിച്ചെങ്കിലും താന്‍ ചോദിച്ചതിന്റെ ഉത്തരം മാത്രം ഇതിലുണ്ടായിരുന്നില്ല എന്നാണ് ചന്ദ്രശേഖര്‍ പറയുന്നത്.

ഡിജിറ്റല്‍ ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചന്ദ്രശേഖര്‍ ഓണ്‍ലൈനായാണ് അപേക്ഷ നല്‍കിയത്. മറുപടി ലഭിക്കാന്‍ ഇ മെയില്‍ വിലാസവും നല്‍കിയിരുന്നു. എന്നിട്ടും മറുപടി ലഭിക്കുന്നത് കത്തുകളായിത്തന്നെയാണ്. തനിക്ക് കത്തുകള്‍ അയക്കുന്നതിന് തന്നെ 50,000 രൂപയോളം സര്‍ക്കാരിന് ചെലവുവന്നിട്ടുണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്. ഇ മെയില്‍ വഴിയാണ് മറുപടി ലഭിച്ചിരുന്നത് എങ്കില്‍ ഇത്ര ബുദ്ധിമുട്ടുണ്ടാവുകയില്ലായിരുന്നെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com