മോദി തരംഗം മങ്ങുന്നുവെന്ന് സമ്മതിച്ച് ബിജെപിയും; അഡ്വാനിയേയും ജോഷിയേയും വീണ്ടും രംഗത്തിറക്കാന്‍ ശ്രമം

മുതിര്‍ന്ന നേതാവ്  എല്‍.കെ അഡ്വാനിയെ വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ മോദി ശ്രമിക്കുന്നതായി ബംഗാളി ദിനപത്രം ആനന്ദ് ബസാര്‍ പത്രിക റിപ്പോര്‍ട്ട് ചെയ്യുന്നു
മോദി തരംഗം മങ്ങുന്നുവെന്ന് സമ്മതിച്ച് ബിജെപിയും; അഡ്വാനിയേയും ജോഷിയേയും വീണ്ടും രംഗത്തിറക്കാന്‍ ശ്രമം

2019 തെരഞ്ഞെടുപ്പിലേക്കുള്ള തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി. മുതിര്‍ന്ന നേതാവ്  എല്‍.കെ അഡ്വാനിയെ വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ മോദി ശ്രമിക്കുന്നതായി ബംഗാളി ദിനപത്രം ആനന്ദ് ബസാര്‍ പത്രിക റിപ്പോര്‍ട്ട് ചെയ്യുന്നു. മോദി തരംഗം മങ്ങുന്നുവെന്ന് ബിജെപി നേതൃത്വവും കണക്കുകൂട്ടുന്നുവെന്ന നിഗമനമാണ് റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നത്. മറ്റൊരു മുതിര്‍ന്ന നേതവായ മുരളി മനോഹര്‍ ജോഷിയേയും രംഗത്തിറക്കിയാന്‍ മോദി ആലോചിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. 

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നും വിജയിച്ചെത്തിയ അഡ്വാനിയെ പ്രധാനമന്ത്രിയാക്കണം എന്ന് ബിജെപിയില്‍ ഒരുവിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അഡ്വാനിയേയും കൂട്ടുകാരേയും പൂര്‍ണമായി ഒതുക്കി മോദി അധികാരത്തിലെത്തി. പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളില്‍ നിന്നും അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും തഴയപ്പെട്ടു. ജോഷിയേയും അഡ്വാനിയേയും ഉള്‍പ്പെടുത്തി മാര്‍ഗ ദര്‍ശക് മണ്ഡല്‍ എന്നപേരില്‍ സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ ഒരു സമിതി ബിജെപി അധ്യക്ഷന്‍ അമിത് ഷാ രൂപീകരിച്ചിരുന്നു. അമിത് ഷായും മോദിയും രാജ്‌നാഥ് സിങുമാണ് ഇതിലെ മറ്റ്  അംഗങ്ങള്‍. എന്നാല്‍ ഇതുവരെയായിട്ടും ഒരു മീറ്റിങ് പോലും ഈ സമിതി കൂടിയിട്ടില്ല. പൂര്‍ണമായും മോദിയില്‍ കേന്ദ്രീകരിച്ചി പോയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അടിപതറുമെന്ന തോന്നലാണ് ഇപ്പോള്‍ ഈ മുതിര്‍ന്ന നേതാക്കളെ വീണ്ടും രംഗത്തിറക്കാന്‍ ബിജെപിയെ പ്രേരിപ്പിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്ന ആവശ്യവുമായി മോദിയും അമിത് ഷായും അഡ്വാനിയെ സമീപിച്ചുവെന്ന് ആനന്ദ് ബസാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദക്ഷിണേന്ത്യയില്‍ മോദി തരംഗം തീരെയില്ലെന്നും ഉത്തര്‍പ്രദേശ് പോലുള്ള പാര്‍ട്ടി പോക്കറ്റുകളില്‍ കടുത്ത  ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നത് തിരിച്ചടിയാകുമെന്നും ബിജെപി വിലയിരുത്തുന്നു. ഇത് മറികടക്കാന്‍ പഴയ ജനസമ്മതനായ നേതാവിനെ രംഗത്തിറക്കിയാല്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. 

മോദിയുടെ നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള നടപടികളില്‍ ജനങ്ങള്‍ വലിയ അസംതൃപ്തരാണെന്നും ഉപതെരഞ്ഞെടുപ്പുകളിലേറ്റ പരാജയം പ്രതിപക്ഷത്തിന് കൂടുതല്‍ കരുത്തേകിയെന്നും പാര്‍ട്ടി വിലയിരുത്തുന്നു. രഥയാത്രകളിലൂടെയും മറ്റും തീവ്ര ഹിന്ദുത്വത്തിന് വഴിമരുന്നിട്ട് ബിജെപിക്ക് ഉഴുതുമറിക്കാന്‍ കളമൊരുക്കി നല്‍കിയ അഡ്വാനിയെയും ജോഷിയെയും രംഗത്തിറക്കി പിണങ്ങിപ്പോയ പഴയ നേതാക്കളെയും അവരുടെ അണികളെയും കൂടെനിര്‍ത്താനാണ് ബിജെപി ശ്രമം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com