സൗഹൃദത്തിന് മതമില്ല: ആരോരുമില്ലാത്ത ഹിന്ദുവിന്റെ മരണാനന്തരക്രിയകള്‍ പൂര്‍ത്തിയാക്കിയത് മുസ്ലിം സുഹൃത്ത് 

കഴിഞ്ഞ മാസം മരണപ്പെട്ട മിലന്‍ ദാസ് എന്ന ഹിന്ദു മതവിശ്വാസിയുടെ മരണാനന്തരചടങ്ങുകള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത് അയല്‍ക്കാരനായ മുസ്ലീം സുഹൃത്ത്
സൗഹൃദത്തിന് മതമില്ല: ആരോരുമില്ലാത്ത ഹിന്ദുവിന്റെ മരണാനന്തരക്രിയകള്‍ പൂര്‍ത്തിയാക്കിയത് മുസ്ലിം സുഹൃത്ത് 

കൊല്‍ക്കത്ത: കഴിഞ്ഞ മാസം മരണപ്പെട്ട മിലന്‍ ദാസ് എന്ന ഹിന്ദു മതവിശ്വാസിയുടെ മരണാനന്തരചടങ്ങുകള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത് അയല്‍ക്കാരനായ മുസ്ലീം സുഹൃത്ത്. ആരോരുമില്ലാത്ത മിലന്‍ അപ്രതീക്ഷിതമായി മരണമടഞ്ഞപ്പോള്‍ അയല്‍ക്കാരുടെ മനസിലെ ആശങ്ക അദ്ദേഹത്തിന്റെ കര്‍മ്മങ്ങള്‍ ആര് പൂര്‍ത്തിയാക്കും എന്നായിരുന്നു. എന്നാല്‍ ഒട്ടും അമാന്തിക്കാതെ സുഹൃത്തിന്റെ കര്‍മ്മങ്ങള്‍ ചെയ്യാമെന്ന് ഏറ്റെടുക്കുകയായിരുന്നു റാബി ഷെയ്ഖ്. 

മുസ്ലീമായതിനാല്‍ തന്നെ റാബിയുടെ ഈ തിരുമാനം മറ്റുള്ളവരെ അതിശയിപ്പിച്ചെങ്കിലും അതൊന്നും റാബി കാര്യമാക്കിയില്ല. മതപരമായ നിയന്ത്രണങ്ങള്‍ വകവയ്ക്കാതെ സുഹൃത്തിനുവേണ്ടി നില്‍ക്കാനായിരുന്നു റാബിയുടെ തീരുമാനം. മിലന്റെ ചിതയ്ക്ക് തീ കൊളുത്തുന്നതുമുതല്‍ ശ്രാന്തകര്‍മ്മങ്ങള്‍ വരെ റാബി നിര്‍വഹിച്ചു. 

മിലനും താനും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നെന്നും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ തമ്മില്‍ കാണാത്ത ഒരു ദിനം പോലും ഉണ്ടാകാനിടയില്ലെന്നുമാണ് റാബിയുടെ വാക്കുകള്‍. 'കുടുംബാംഗങ്ങള്‍ ഇല്ലെന്ന് ചൂണ്ടികാട്ടി ശരിയായ മരണാനന്തര ചടങ്ങുകള്‍ അവന് നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ഞാനെങ്ങനെ അത് അനുവദിച്ചുകൊടുക്കും? അതുകൊണ്ട് കഴിഞ്ഞ 10ദിവസമായി ഹിന്ദു മതപ്രകാരമുള്ള മരണകര്‍മ്മങ്ങള്‍ക്ക് പാലിക്കേണ്ട എല്ലാ ചിട്ടകളും ഞാന്‍ അനുഷ്ടിച്ചുവരികയാണ്', റാബി പറഞ്ഞു. 

ഇത്തരത്തിലൊരു കര്‍മ്മത്തില്‍ തനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞതും ഇങ്ങനൊരു സൗഹൃദത്തിന് സാക്ഷിയായതും പുണ്യമായാണ് കണക്കാക്കുന്നതെന്നാണ് ചടങ്ങുകളില്‍ സഹായിക്കാന്‍ എത്തിയ ഹിന്ദു മതാചാര്യന്റെ വാക്കുകള്‍. മതങ്ങളുടെ വേലിക്കെട്ടുകള്‍ക്കുമപ്പുറം ഉറപ്പുള്ള ഒരു സൗഹൃദം, ഇത്തരത്തിലൊരു മുഹൂര്‍ത്തതിന് ഇനി ജീവിതത്തില്‍ സാക്ഷിയാവാന്‍ കഴിയുമോ എന്ന് ഞാന്‍ സംശയിക്കുന്നു, അദ്ദേഹം പറഞ്ഞു. 

മെയ് 29-ാം തിയതിയാണ് മിലന്‍ മരിക്കുന്നത്. മിലന്റെ കുടുംബത്തേയോ മറ്റു ബന്ധുക്കളെയോ കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍ തിരിച്ചറിയാന്‍ കഴിയാത്ത ശവശരീരങ്ങള്‍ സംസ്‌കരിക്കുന്നതുപോലെ മിലന്റെ സംസ്‌കാരം നിര്‍വഹിക്കാമെന്ന തീരുമാനത്തിലേക്കാണ് പൊലീസ് എത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് സുഹൃത്തിന്റെ കര്‍മ്മങ്ങള്‍ റാബി സ്വയം ഏറ്റെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com