ഡല്‍ഹിയിലേക്ക് കണ്ണുംനട്ട് മമത; ലക്ഷ്യം പ്രധാനമന്ത്രി പദം?, ബംഗാളിലെ അധിക ചുമതലകള്‍ ഒഴിയുന്നു

ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന സൂചനകളെ ബലപ്പെടുത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ ഉടച്ചുവാര്‍ക്കുന്നു.
ഡല്‍ഹിയിലേക്ക് കണ്ണുംനട്ട് മമത; ലക്ഷ്യം പ്രധാനമന്ത്രി പദം?, ബംഗാളിലെ അധിക ചുമതലകള്‍ ഒഴിയുന്നു

കൊല്‍ക്കത്ത: ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന സൂചനകളെ ബലപ്പെടുത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ ഉടച്ചുവാര്‍ക്കുന്നു. ബംഗാളിലെ രാഷ്ട്രീയ ഭരണകാര്യങ്ങളിലെ ഇടപെടല്‍ കുറച്ച് ദേശീയ തലത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ മമത ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി പദം ലക്ഷ്യമിട്ടുളള നീക്കമാണിതെന്നാണ് രാഷ്ട്രീയ വ്യത്തങ്ങള്‍ നല്‍കുന്ന സൂചന.

അടുത്തിടെ, ബിജെപി വിരുദ്ധ മുന്നണി കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി മമത ബാനര്‍ജി നടത്തിയ ഡല്‍ഹി സന്ദര്‍ശനം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. കോണ്‍ഗ്രസിന്റെ സോണിയ ഗാന്ധി ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് മമത തിരിച്ചുപോയത്.ഇതിന് പിന്നാലെയാണ് ലോക്‌സഭ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു വര്‍ഷം മാത്രം അവശേഷിക്കേ മമത പ്രവര്‍ത്തനമണ്ഡലം പുന:സംഘടിപ്പിക്കുന്നത്. തന്റെത് മാത്രമല്ല, പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതിയിലും കാതലായ മാറ്റങ്ങള്‍ വരുത്തി പൊതു തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടിയെ സജ്ജമാക്കാനാണ് മമത പദ്ധതിയിട്ടിരിക്കുന്നത്.

ദേശീയ രാഷ്ട്രീയം, സംസ്ഥാന ഭരണം, സംസ്ഥാന രാഷ്ട്രീയം എന്നിങ്ങനെ മൂന്നായി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ മമത വിഭജിച്ചു.ഇതിന് പുറമേ സംസ്ഥാനതലത്തിലുളള തന്റെ ഉത്തരവാദിത്വങ്ങള്‍ പാര്‍ട്ടി വിശ്വസ്തരെ ഏല്‍പ്പിച്ച മമത ദേശീയ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ തിരിയ്ക്കാനുളള നീക്കങ്ങള്‍ കൂടുതല്‍ സജീവമാക്കിയെന്നാണ് റിപ്പോര്‍ട്ട്. മെയ് 22 ന് നടന്ന തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് തന്റെ അനന്തരവനായ അഭിഷേക് ബാനര്‍ജിയെ മമത ഉയര്‍ത്തിക്കാണിച്ചിരുന്നു.കേന്ദ്രത്തിന്റെ എണ്ണ വില വര്‍ധനവിന് എതിരായ പാര്‍ട്ടിയുടെ സമരപരിപാടികളെ നയിച്ചത് അഭിഷേക് ബാനര്‍ജിയാണ്. അതേസമയം ബിജെപിയെ രാഷ്ട്രീയമായി എതിര്‍ക്കുന്ന ദൗത്യം മമത തന്നെ തുടരും. ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കുന്നത് അടക്കമുളള അടവുനയങ്ങളില്‍ അവസാനവാക്ക് മമതയുടെതായിരിക്കുമെന്നും ഉറപ്പാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com