രാജസ്ഥാനില്‍ ഇനി മദ്യം വാങ്ങിക്കുന്നവര്‍ പശുസംരക്ഷണ നികുതികൂടി നല്‍കണം

പശുക്കളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി ചെലവഴിക്കുന്നതിനാണ് ഈ തുക മദ്യത്തിന്റെ വിലയ്‌ക്കൊപ്പം ഈടാക്കുന്നത്.
രാജസ്ഥാനില്‍ ഇനി മദ്യം വാങ്ങിക്കുന്നവര്‍ പശുസംരക്ഷണ നികുതികൂടി നല്‍കണം

ജയ്പൂര്‍: രാജസ്ഥാനില്‍ ഇനി മദ്യപിക്കണമെങ്കില്‍ പശു സംരക്ഷണത്തിനുള്ള സെസ്സ് കൂടെ നല്‍കണം. മദ്യത്തിന്റെ വിലയ്‌ക്കൊപ്പം സര്‍ചാര്‍ജ് ആയി ഈ തുക കൂടി ഈടാക്കാനാണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനം. ഇതു സംബന്ധിച്ച മന്ത്രിസഭാ തീരുമാനം ഉണ്ടായതായും ഈ വര്‍ഷം തന്നെ 'പശു സെസ്സ്' ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിയമനിര്‍മാണം ഉണ്ടാവുമെന്നുമാണ് റിപ്പോര്‍ട്ട്. 

പശുക്കളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി ചെലവഴിക്കുന്നതിനാണ് ഈ തുക മദ്യത്തിന്റെ വിലയ്‌ക്കൊപ്പം ഈടാക്കുന്നത്. നിലവില്‍ രാജസ്ഥാനില്‍ വസ്തുക്കള്‍ വില്‍ക്കുമ്പോഴോ വാടകയ്ക്ക് നല്‍കുമ്പോഴോ ഉള്ള സ്റ്റാമ്പ് ഡ്യൂട്ടിയില്‍ നിലവില്‍ സര്‍ക്കാര്‍ ഈ പശു പരിപാലന നികുതി ചുമത്തുന്നുണ്ട്. ഇത് മദ്യത്തിലേക്ക് കൂടെ വ്യാപിപ്പിക്കാനാണ് തീരുമാനം. സ്റ്റാമ്പ് ഡ്യൂട്ടിയുടെ 10 ശതമാനം പശുപരിപാലന നികുതി എന്നത് 20 ശതമാനത്തിലേക്ക് ഉയര്‍ത്താനും തീരുമാനമുണ്ട്. ഇതോടെ ഇന്ത്യന്‍ മദ്യത്തിനും ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിനും വില കൂടും. 

സംസ്ഥാനത്തെ പശുക്കളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി പ്രത്യേക തുക കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഈ നികുതി ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വസ്തുവകകളുടെ ഇടപാടിന്റെ ഭാഗമായി സ്റ്റാമ്പ് ഡ്യൂട്ടിയോടൊപ്പം 'പശു സെസ്സ്' ഈടാക്കുന്നത് കഴിഞ്ഞ വര്‍ഷം മുതലാണ് ആരംഭിച്ചത്. ഈ തുക വര്‍ധിപ്പിക്കാനും ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 

സ്റ്റാമ്പ് ഡ്യൂട്ടിയുടെ 20 ശതമാനം വരെ പശു സെസ്സ് ആയി ഈടാക്കാനാണ് തീരുമാനം. നികുതി വരുമാനമായി 500 കോടി സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പശുസംരക്ഷണത്തിനായി 'ഗോ പാലന്‍' എന്ന പേരില്‍ ഒരു പ്രത്യേക വകുപ്പ് തന്നെ രാജസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com