തീരുമാനം പുന:പരിശോധിക്കില്ല; ഘടകകക്ഷികള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിച്ചാല്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് ഹൈക്കമാന്‍ഡ് 

രാജ്യസഭ സീറ്റ് ഘടകകക്ഷിയ്ക്ക് വിട്ടുകൊടുത്ത കോണ്‍ഗ്രസ് തീരുമാനം പുന: പരിശോധിക്കില്ലെന്ന് ഹൈക്കമാന്‍ഡ്
തീരുമാനം പുന:പരിശോധിക്കില്ല; ഘടകകക്ഷികള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിച്ചാല്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് ഹൈക്കമാന്‍ഡ് 

ന്യൂഡല്‍ഹി: രാജ്യസഭ സീറ്റ് ഘടകകക്ഷിയ്ക്ക് വിട്ടുകൊടുത്ത കോണ്‍ഗ്രസ് തീരുമാനം പുന: പരിശോധിക്കില്ലെന്ന് ഹൈക്കമാന്‍ഡ്. മുന്നണി മര്യാദ പാലിച്ചാണ് തീരുമാനം കൈക്കൊണ്ടത്. ഘടകകക്ഷികള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിച്ചാല്‍ തെറ്റായ സന്ദേശം നല്‍കുമെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തി. 

ഘടകകക്ഷികളുടെ പിന്തുണയില്ലാതെ രാജ്യസഭ സീറ്റിലേക്ക് ഒറ്റയ്ക്ക് മത്സരിച്ചാല്‍ ജയിക്കുമെന്ന് കോണ്‍ഗ്രസിന് ഉറപ്പില്ല. ഇതും ഘടകകക്ഷിയുടെ സമ്മര്‍ദത്തിന് വഴങ്ങാന്‍ ഹൈക്കമാന്‍ഡിനെ പ്രേരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 

രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയ തീരുമാനത്തെ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ് യോഗത്തില്‍ ന്യായീകരിച്ചിരുന്നു. നേരത്തെയും ഇത്തരത്തില്‍ സീറ്റുകള്‍ മറ്റു പാര്‍ട്ടികള്‍ക്ക് വിട്ടുനല്‍കിയ ചരിത്രം കോണ്‍ഗ്രസിനുണ്ടെന്ന് ഉമ്മന്‍ ചാണ്ടി യോഗത്തില്‍ ഉന്നയിച്ചു. മുന്‍പ് കേരള കോണ്‍ഗ്രസും മുസ്ലീം ലീഗും കോണ്‍ഗ്രസിന് വേണ്ടി സീറ്റുകള്‍ ത്യജിച്ചിട്ടുമുണ്ട്. സീറ്റ് നല്‍കിയതില്‍ പ്രതിഷേധിക്കുന്നവരെ കുറ്റപ്പെടുത്തുന്നില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചവര്‍ക്ക് കാര്യങ്ങള്‍ വഴിയെ ബോധ്യപ്പെടും. കേരള കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് യുഡിഎഫിന് ആത്മവിശ്വാസം നല്‍കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സീറ്റ് നല്‍കാതിരിക്കാന്‍ താന്‍ ഇടപെട്ടുവെന്ന പി ജെ കുര്യന്റെ ആരോപണം ഉമ്മന്‍ ചാണ്ടി തളളി. മുന്‍പ് കുര്യന് സീറ്റ് ലഭിക്കാന്‍ താന്‍ ഇടപെട്ടിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. കേരള കോണ്‍ഗ്രസിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് അവര്‍ക്ക് സീറ്റ് നല്‍കിയതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഒറ്റത്തവണ എന്ന വ്യവസ്ഥയിലാണ് സീറ്റ് നല്‍കിയത്. എല്ലാ കാര്യങ്ങളും എക്‌സിക്യൂട്ടീവ് കൂടി തീരൂമാനിക്കാനാവില്ല. നേതൃത്വത്തിന്റെ തീരുമാനം മാത്രം മതിയെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം അംഗീകരിച്ച യുഡിഎഫ് യോഗത്തിലാണ് ഇരുവരും വാദമുഖങ്ങള്‍ നിരത്തിയത്.

യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവ് വിഎം സുധീരന്‍ യുഡിഎഫില്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. കെഎം മാണിയുടെ വരവിലുള്ള എതിര്‍പ്പ് യോഗത്തില്‍ അറിയിച്ചതിനു ശേഷമാണ് ഇറങ്ങിപ്പോന്നതെന്ന് സുധീരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com