രാജീവ് വധത്തിന്റെ മാതൃകയില്‍ മോദിയെ കൊലപ്പെടുത്താന്‍ മാവോയിസ്റ്റ് പദ്ധതി; മഹാരാഷ്ട്ര പൊലീസ് റിപ്പോര്‍ട്ട് കോടതിയില്‍

ഭീമ കോറിഗാവ് കലാപവുമായി ബന്ധപ്പെട്ട് പൂനെ പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്
രാജീവ് വധത്തിന്റെ മാതൃകയില്‍ മോദിയെ കൊലപ്പെടുത്താന്‍ മാവോയിസ്റ്റ് പദ്ധതി; മഹാരാഷ്ട്ര പൊലീസ് റിപ്പോര്‍ട്ട് കോടതിയില്‍

മുംബൈ: തമിഴ് പുലികള്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചതിനു സമാനമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടിരുന്നതായി മഹാരാഷ്ട്ര പൊലീസിന്റെ റിപ്പോര്‍ട്ട്. ഭീമ കോറിഗാവ് കലാപവുമായി ബന്ധപ്പെട്ട് പൂനെ പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത അഞ്ചു പേരില്‍ ഒരാളുടെ വീട്ടില്‍ നിന്നു ലഭിച്ച കത്തിലാണ് ഈ വിവരമുള്ളതെന്ന് പൊലീസ് പറയുന്നു. വ്യാഴാഴ്ചയാണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. 

ഭീമ കോറിഗാവ് കലാപവുമായി ബന്ധപ്പെട്ട് ദലിത് ആക്ടിവിസ്റ്റ് സുധീര്‍ ധവാലെ, അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റാവുത്ത്, ഷോമ സെന്‍, റോണ വില്‍സണ്‍ എന്നിവരെ ബുധനാഴ്ച  അറസ്റ്റ് ചെയ്തിരുന്നു. മലയാളിയായ റോണ വില്‍സണിന്റെ വീട്ടില്‍ നിന്നാണ് പൊലീസിന് കത്ത് ലഭിച്ചത്. രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ രീതിയില്‍ മറ്റൊരു വധം ആസൂത്രണം ചെയ്യുന്നതിനെ കുറിച്ച് കത്തില്‍ വ്യക്തമായ സൂചനകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ അദ്ദേഹത്തെ അപായപ്പെടുത്തുമെന്ന് കത്തില്‍ സൂചനയുളളതായി ഗവണ്‍മെന്റ് പ്ലീഡര്‍ ഉജ്ജ്വല പവാര്‍ കോടതിയെ ധരിപ്പിച്ചു.

പുനെയിലെ ശനിവര്‍വാഡയില്‍ ദലിത് ആക്ടിവിസ്റ്റുകളുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയായ എല്‍ഗര്‍ പരിഷത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കും മറ്റും സാമ്പത്തികമായ സഹായം നല്‍കിയത് മാവോയിസ്റ്റുകളാണെന്നാണ് പൊലീസ് ഭാഷ്യം. 
കൊറിഗാവ് ഭീമ പദ്ധതിക്കായി സുധീറിനെയും ഭാവി പരിപാടികള്‍ക്കായി ഷോമയെയും സരേന്ദ്രയെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കത്തില്‍ സൂചിപ്പിക്കുന്നു. 

അറസ്റ്റിലായ സുരേന്ദ്ര ഗാഡ്‌ലിങ്ങിന്റെ വീട്ടില്‍ നിന്നും പൊലീസ് സമാനമായ കത്ത് കണ്ടെടുത്തിരുന്നു. ഗഡ്ചിരോളിയില്‍ അടുത്തിടെ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തിന് ഗാഡ്‌ലിങ്ങുമായി പരോക്ഷ ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണ് നാഗ്പുരിലെ ഗാഡ്‌ലിങ്ങിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത കത്തെന്നും പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com