കര്‍ണാടകയില്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി എട്ടാം ക്ലാസുകാരന്‍; ഇതില്‍ എന്തുതെറ്റെന്ന് കുമാരസ്വാമി 

കര്‍ണാടകയില്‍ എട്ടാം ക്ലാസുകാരനായ മന്ത്രിക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ചുമതല
കര്‍ണാടകയില്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി എട്ടാം ക്ലാസുകാരന്‍; ഇതില്‍ എന്തുതെറ്റെന്ന് കുമാരസ്വാമി 

ബംഗലൂരു: കര്‍ണാടകയില്‍ എട്ടാം ക്ലാസുകാരനായ മന്ത്രിക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ചുമതല. ജെഡിഎസ് മന്ത്രിയായ ജി ടി ദേവഗൗഡയ്ക്കാണ് വകുപ്പുവിഭജനത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല ലഭിച്ചത്. സംസ്ഥാനത്ത് ബിജെപിയെ പരാജയപ്പെടുത്തി അധികാരത്തിലേറിയ ജെഡിഎസ്- കോണ്‍ഗ്രസ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് മന്ത്രിസഭ വികസിപ്പിച്ചത്. തുടര്‍ന്ന് നടന്ന വകുപ്പ് വിഭജനത്തിലാണ് എട്ടാം ക്ലാസുകാരനായ ദേവഗൗഡയ്ക്ക് ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതല നല്‍കിയത്.

എട്ടാം ക്ലാസുകാരന് ഉന്നതവിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യാനുളള ചുമതല നല്‍കിയതു സംബന്ധിച്ച ചോദ്യങ്ങള്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി തളളി. 'എന്താണ് ഞാന്‍ പഠിച്ചത്?, എന്നിട്ടും ഞാന്‍ മുഖ്യമന്ത്രിയായില്ലേ'എന്നതായിരുന്നു ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ബിഎസ്‌സി ബിരുദധാരിയായ എച്ച് ഡി കുമാരസ്വാമിയുടെ മറുപടി.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ എല്ലാവരും ഉറ്റുനോക്കിയിരുന്ന ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയെ പരാജയപ്പെടുത്തിയാണ് ദേവഗൗഡ എംഎല്‍എയായത്. സിദ്ധരാമയ്യയെ പരാജയപ്പെടുത്തിയതിലുടെ വ്യക്തിപ്രഭാവം ഉയര്‍ന്ന ദേവഗൗഡ നിര്‍ണായക വകുപ്പിനായി സമ്മര്‍ദം ചെലുത്തുമെന്ന്്റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

'ചില ആളുകള്‍ക്ക് വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യേണ്ടതായി വരും. എല്ലാം വകുപ്പുകളിലും കാര്യക്ഷമമായി ജോലി ചെയ്യുന്നതിന് വലിയ സാധ്യതകളുണ്ട്. കാര്യക്ഷമമായി ജോലി ചെയ്യുക എന്നതുമാത്രമാണ് പ്രാധാന്യം. ഉന്നത വിദ്യാഭ്യാസത്തേക്കാള്‍ മെച്ചപ്പെട്ട വകുപ്പ് ഉണ്ടെന്ന് പറയാന്‍ കഴിയുമോ' കുമാരസ്വാമി ചോദിച്ചു.

പാര്‍ട്ടിയില്‍ നിരവധി പേര്‍ മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ചില നിര്‍ണായക വിഷയങ്ങളില്‍ തീരുമാനങ്ങള്‍ കൈക്കൊളളുന്നത് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. ആദ്യം മന്ത്രിസ്ഥാനം വേണമെന്ന ആഗ്രഹമാണ് എല്ലാവരും പ്രകടിപ്പിക്കുക. മന്ത്രിസ്ഥാനം കിട്ടിയാല്‍ വകുപ്പുകളുടെ കാര്യത്തില്‍ എല്ലാവരും പൊതുനിലപാടാണ് സ്വീകരിക്കുന്നതെന്നും കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് എച്ച്ഡി കുമാരസ്വാമി സര്‍ക്കാര്‍ മന്ത്രിസഭ വികസിപ്പിച്ചത്. 25 മന്ത്രിമാരാണ് പുതിയതായി ചുമതലയേറ്റത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com