ഷെഹ്‌ല റാഷിദ് നിതിന്‍ ഗഡ്കരിയെ അപമാനിച്ചു;കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നു: പരാതിയുമായി യുവമോര്‍ച്ച 

ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഷെഹ്‌ല റാഷിദിനെതിരെ പരാതിയുമായി  ബിജെപിയുടെ യുവജനവിഭാഗമായ യുവമോര്‍ച്ച രംഗത്ത്
ഷെഹ്‌ല റാഷിദ് നിതിന്‍ ഗഡ്കരിയെ അപമാനിച്ചു;കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നു: പരാതിയുമായി യുവമോര്‍ച്ച 

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഷെഹ്‌ല റാഷിദിനെതിരെ പരാതിയുമായി  ബിജെപിയുടെ യുവജനവിഭാഗമായ യുവമോര്‍ച്ച രംഗത്ത്. കേന്ദ്ര ആഭ്യന്തരമന്ത്രി നിതിന്‍ ഗഡ്കരിയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് യുവമോര്‍ച്ച പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സംഘപരിവാറിനും മോദി സര്‍ക്കാരിനുമെതിരെ നിരന്തരം കടുത്ത വിമര്‍ശനങ്ങള്‍ നടത്തുന്ന നേതാവാണ് ഷെഹ്‌ല. 

മോദിയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിടുന്നുവെന്ന പ്രചാരണത്തിന് എതിരെ ഷെഹ്‌ല കഴിഞ്ഞ ദിവസം  ട്വിറ്ററില്‍ നിതിന്‍ ഗഡ്കരിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ഇതാണ് യുവമോര്‍ച്ചയെ ചൊടുപ്പിച്ചിരിക്കുന്നത്. ആര്‍എസ്എസും ഗഡ്കരിയും മോദിയെ അപായപ്പെടുത്താന്‍ ശ്രമിച്ചിട്ട് കമ്മ്യൂണിസ്റ്റുകളുടെയും മുസ്‌ലിംകളുടെയും മേല്‍ കെട്ടിവയ്ക്കുകയും മുസ്‌ലിംകളെ അക്രമിക്കുകയും ചെയ്യും എന്നായിരുന്നു ഷെഹ്‌ലയുടെ ട്വീറ്റ്്. 

തനിക്കെതിരെ വ്യക്തിപരമായ അപവാദപ്രചാരണാങ്ങള്‍ നടത്തുന്നവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗഡ്കരി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. 

രാജീവ് ഗാന്ധിയെ വധിച്ചതുപോലെ മോദിയെയും വധിക്കുമെന്ന തരത്തിലുള്ള മാവോയിസ്റ്റുകളുടെ കത്ത് ലഭിച്ചുവെന്ന് പുനെ പൊലീസ് അവകാശപ്പെട്ടതിന് പിന്നാലെയായിരുന്നു ഷെഹ്‌ലയുടെ ട്വീറ്റ്. 

ഷെഹ്‌ല  ജനങ്ങളെ വിഭജിച്ച് രാജ്യത്ത് കലാപമുണ്ടാക്കാനും സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും യുവമോര്‍ച്ച പരാതിയില്‍ പറയുന്നു. പരാതി ലഭിച്ചിട്ടുണ്ടെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com