ആര്‍എസ്എസിനെ നേരിടാന്‍ സേവാദളിനെ സജ്ജമാക്കണം : രാഹുല്‍ ഗാന്ധി

ദേശീയത ഉയര്‍ത്തിപ്പിടിച്ചുള്ള ആര്‍എസ്എസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്.
ആര്‍എസ്എസിനെ നേരിടാന്‍ സേവാദളിനെ സജ്ജമാക്കണം : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ദേശീയത ഉയര്‍ത്തിപ്പിടിച്ചുള്ള ആര്‍എസ്എസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് സേവാദളിന്റെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്താനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ആര്‍എസ്എസിനെ നേരിടാന്‍ സേവാദളിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പൂര്‍ണ സ്വാതന്ത്ര്യവും സ്വയംഭരണാവകാശവും അനുവദിച്ചു. സേവാദളിന്റെ ദേശീയ നിര്‍വാഹസമിതി യോഗത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ തീരുമാനം.

സേവാദളിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 1000 നഗരങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. എല്ലാ മാസവും അവസാനത്തെ ഞായറാഴ്ചയായിരിക്കും 'ധ്വജ് വന്ദന' എന്ന പേരില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ് സംഘടിപ്പിക്കുക. ഇതോടൊപ്പം മഹാത്മാഗാന്ധി, ജവഹര്‍ ലാല്‍ നെഹ്‌റു എന്നിവരുടെ ആദര്‍ശങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കും. 

ദേശീയത ഉയര്‍ത്തിപ്പിടിച്ചുളള പ്രചാരണ പ്രവര്‍ത്തനങ്ങളിലാണ് ആര്‍എസ്എസ് മുഖ്യമായി ശ്രദ്ധപതിപ്പിക്കുന്നത്. ജാതി, മതം, അടക്കം സമൂഹവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന വിഷയങ്ങളില്‍ ആര്‍എസ്എസ് തുടരുന്ന വിവേചന നയം അപകടകരമാണെന്ന് സേവാദളിന്റെ ദേശീയ നിര്‍വാഹസമിതി യോഗം വിലയിരുത്തി. രാജ്യത്തെ സ്ഥിതിഗതികളും, നേരിടുന്ന വെല്ലുവിളികളും രാഹുല്‍ ഗാന്ധി സേവാദള്‍ പ്രതിനിധികളോട് ആരാഞ്ഞു. 

മതനിരപേക്ഷതയില്‍ അടിസ്ഥാനമായുള്ള ദേശീയത, സഹിഷ്ണുത, ബഹുമതവിശ്വാസം തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ച നടത്തുമെന്ന് സേവാദള്‍ വ്യക്തമാക്കി. 
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സേവാദള്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നില്ല. തുടര്‍ന്ന് സംഘടനയെ ശക്തിപ്പെടുത്തേണ്ടതിന്റെ ഉത്തരവാദിത്വം രാഹുല്‍ ഗാന്ധി ഏറ്റെടുക്കുകയായിരുന്നു. 

ബ്രിട്ടീഷുകാരുമായി പോരാടുന്നതിന് 1924ലാണ് സേവാദള്‍ രൂപീകരിച്ചത്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ് സംഘടനയുടെ ആദ്യ പ്രസിഡന്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com