പ്ലാസ്റ്റിക് കവറുകള്‍ക്ക് നൂറും ഇരുന്നൂറും അല്ല,  രൂപ 10,000നല്‍കണം പിഴയായി 

നിയമം ആദ്യതവണ ലംഘിക്കുന്നവരില്‍ നിന്ന് 5000രൂപ പിഴ ഈടാക്കാനും രണ്ടാം വട്ടം പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിച്ചുകണ്ടാല്‍ ഇവരില്‍ നിന്ന് 10,000രൂപ പിഴ ഈടാക്കാനുമാണ് പദ്ധതിയിടുന്നത്
പ്ലാസ്റ്റിക് കവറുകള്‍ക്ക് നൂറും ഇരുന്നൂറും അല്ല,  രൂപ 10,000നല്‍കണം പിഴയായി 

മുംബൈ:  ജൂണ്‍ 23 മുതല്‍ മുംബൈയില്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാകുന്നു. പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് 10,000രൂപ വരെ പിഴ ഈടാക്കുമെന്നാണ് നഗരസഭ അറിയിച്ചിരിക്കുന്നത്. നിരോധനം കര്‍ശനമായി  പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനായി ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍(ബിഎംസി) ഇന്‍സ്‌പെക്ടര്‍മാരുടെ ലിസ്റ്റും തയ്യാറാക്കികഴിഞ്ഞു. 

നഗരത്തിലുടനീളം കടകളും നിരത്തിലുള്ള ആളുകളെയും നിരീക്ഷിക്കാനാണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. അധികം താമസിക്കാതെ തന്നെ ഷോപ്പിംഗ് മാളുകളിലും മാര്‍ക്കറ്റുകളിലും നിരീക്ഷണം നടത്താനുള്ള ഇന്‍സ്‌പെക്ടര്‍മാരുടെ ലിസ്റ്റും പുറത്തുവിടും. ബിഎംസി ഉദ്യോഗസ്ഥരായ ഇവര്‍ക്ക് പ്ലാസ്റ്റ് കവറുകള്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് പിഴ നേരിട്ട് ഈടാക്കാനുള്ള അധികാരമുണ്ടാകും. 

പ്ലാസ്റ്റിക് സഞ്ചികള്‍, പ്ലേറ്റുകള്‍, സ്പൂണുകള്‍, ഗ്ലാസുകള്‍, കണ്ടെയ്‌നറുകള്‍, പ്ലാസ്റ്റിക് ബാനറുകള്‍, ഷീറ്റുകള്‍, തെര്‍മോക്കോള്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തികൊണ്ട് മാര്‍ച്ച് 23ന് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. പ്ലാസ്റ്റിക്കുകള്‍ ഉപേക്ഷിച്ച് പരിസ്ഥിതി സൗഹൃദ ഉല്‍പന്നങ്ങള്‍ ശീലമാക്കാന്‍ മൂന്ന് മാസത്തെ  സമയമാണ് അനുവദിച്ചിരുന്നത്. ഈ സമയത്തും പിഴ ഈടാക്കുന്നതില്‍ തടസമില്ലായിരുന്നെങ്കിലും ആളുകള്‍ തുണികൊണ്ടും കടലാസുകൊണ്ടുമുള്ള കവറുകളുമായി പൊരുത്തപ്പെടുന്നതിന് കുറച്ച് സമയം അനുവദിക്കുകയായിരുന്നെന്നും നഗരസഭ ഡെപ്യൂട്ടി കമ്മീഷ്ണര്‍ നിഥി ചൗദരി പറയുന്നു. 

നിരോധനം കര്‍ശനമാക്കുന്നതിന് 225 ഉദ്യോഗസ്ഥരെയാണ് നിയമിക്കുന്നതെന്നും നഗരസഭ  നല്‍കുന്ന അതോറിറ്റി ലെറ്ററും തിരിച്ചറിയല്‍ കാര്‍ഡുമായാണ് ഇവര്‍ ജോലിയിലുണ്ടായിരിക്കുകയെന്നും ചൗദരി പറഞ്ഞു. നിയമം ആദ്യതവണ ലംഘിക്കുന്നവരില്‍ നിന്ന് 5000രൂപ പിഴ ഈടാക്കാനും രണ്ടാം വട്ടം പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിച്ചുകണ്ടാല്‍ ഇവരില്‍ നിന്ന് 10,000രൂപ പിഴ ഈടാക്കാനുമാണ് പദ്ധതിയിടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com