കെജരിവാളിന് പിന്തുണയുമായി യശ്വന്ത് സിന്‍ഹയും; എഎപിയുടെ മാര്‍ച്ച് ഫോര്‍ ഡെമോക്രസി പൊലീസ് തടഞ്ഞു

ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ സമരം തുടരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് പിന്തുണയുമായി രാജ് നിവാസിന് മുന്നില്‍ എഎപി അണികളുടെ പ്രതിഷേധം
കെജരിവാളിന് പിന്തുണയുമായി യശ്വന്ത് സിന്‍ഹയും; എഎപിയുടെ മാര്‍ച്ച് ഫോര്‍ ഡെമോക്രസി പൊലീസ് തടഞ്ഞു

ന്യൂഡല്‍ഹി: ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ സമരം തുടരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് പിന്തുണയുമായി രാജ് നിവാസിന് മുന്നില്‍ എഎപി അണികളുടെ പ്രതിഷേധം. ഗവര്‍ണറുടെ വസതിയിലേക്ക് എത്തുന്നതിന് മുന്നേ ഡല്‍ഹി പൊലീസ് മാര്‍ച്ച് തടഞ്ഞു. മാര്‍ച്ച് ഫോര്‍ ഡെമോക്രസി എന്ന പേരില്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ ബിജെപിയില്‍ നിന്ന് രാജിവച്ച് പുറത്തുവന്ന മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ പങ്കെടുത്തു. 

അടല്‍ ബിഹാരി വാജ്‌പെയിയായിരുന്നു ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയെങ്കില്‍ അദ്ദേഹം ഇപ്പോള്‍ എന്തുചെയ്യുമായിരുമന്നു? കേന്ദ്ര ആഭ്യാന്തര മന്ത്രിയോട് ഡല്‍ഹി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി പ്രശ്‌ന പരഹിഹാരം കണ്ടെത്താന്‍ നിര്‍ദേശിച്ചേനെ-യശ്വന്ത് സിന്‍ഹ പറഞ്ഞു. 

രാജ് നിവാസിലെ സന്ദര്‍ശക മുറിയില്‍ തിങ്കളാഴ്ചയാണ് കെജരിവാളും മന്ത്രിമാരായ മനീഷ് സിസോദിയ,സത്യേന്ദര്‍ ജെയിന്‍,ഗോപാല്‍ റായി എന്നിവരും കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ഇവിടെയിരുന്നു തന്നെയാണ് മുഖ്യമന്ത്രി ഭരണ കര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും. പാവപ്പെട്ടവര്‍ക്ക് റേഷന്‍ വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് ഉദ്യോഗസ്ഥവൃന്ദം എതിര് നില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സമരം ആരംഭിച്ചത്.

ഐഎഎസ് ഉദ്യോഗസ്ഥരോട് സര്‍ക്കാരിനൊപ്പം സഹകരിക്കാനുള്ള ഉത്തരവിറക്കുന്നതുവരെ ഗവര്‍ണറുടെ വസതിയില്‍ നിന്ന് പോകില്ലെന്ന് കെജരിവാള്‍ വ്യക്തമാക്കി. കഴിഞ്ഞ മൂന്നുമാസമായി സര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കാനോ തങ്ങള്‍ നല്‍കുന്ന ഉത്തരവുകള്‍ പാലിക്കാനോ ഉദ്യോഗസ്ഥര്‍ കൂട്ടാക്കുന്നില്ലെന്നും കെജരിവാള്‍ പറഞ്ഞു. രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഐഎഎസ് ഉദ്യോഗസ്ഥര്‍ കൃത്യനിര്‍വഹണം നടത്താതെയിരിക്കുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോയെന്നും കെജരിവാള്‍ ചോദിക്കുന്നു. ഡല്‍ഹിയെ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍മാറാന്‍ താന്‍ ഗവര്‍ണറോട് അപേക്ഷിച്ചതാണെന്നും എന്നാല്‍ അദ്ദേഹം തന്റെ ബോസിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഡല്‍ഹി മുഖ്യമന്ത്രി പറയുന്നു.

ജനാധിപത്യ ഇന്ത്യാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി സമരം നടത്തുന്നത്. തങ്ങളെ ഭരിക്കാന്‍ സമ്മതിക്കാതെ ഗവര്‍ണറെയും മറ്റ് ഐഎഎസ് ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് നരേന്ദ്ര മോദി പകവീട്ടുകയാണെന്ന് കെജരിവാളും സമരമിരിക്കുന്ന മറ്റ് മന്ത്രിമാരും ആരോപിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com