ഫിറ്റ്‌നസ് രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രിയുടെ വീഡിയോ; മോദിയുടെ ചലഞ്ച് കുമാരസ്വാമിക്ക്‌

യോഗയ്ക്ക് പുറമെ, പഞ്ച തത്വത്തില്‍ ഊന്നിയുള്ള വ്യായാമവും ദിവസേന നടത്തുമെന്ന് പ്രധാനമന്ത്രി പറയുന്നു
ഫിറ്റ്‌നസ് രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രിയുടെ വീഡിയോ; മോദിയുടെ ചലഞ്ച് കുമാരസ്വാമിക്ക്‌

ന്യൂഡല്‍ഹി: കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് തുടങ്ങിവെച്ച ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദൈംന്യം ദിന വ്യായാമ മുറകള്‍ വെളിപ്പെടുത്തുന്ന വീഡിയോയുമായെത്തിയാണ് മോദി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നത്. 

രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, വിവിധ യോഗാ മുറകള്‍, ശ്വാസോച്ഛാസ പരിശീലനങ്ങള്‍ എന്നിവയാണ് മോദി നടത്തുന്നത്. യോഗയ്ക്ക് പുറമെ, പഞ്ച തത്വത്തില്‍ ഊന്നിയുള്ള വ്യായാമവും ദിവസേന നടത്തുമെന്ന് പ്രധാനമന്ത്രി പറയുന്നു. പൃഥ്വി, ജല്‍, അഗ്നി, വായു, ആകാശ് എന്നിവയെയാണ് വ്യായാമത്തോട് ചേര്‍ത്തു നിര്‍ത്തുന്നത്. 

പുല്ല്, കല്ല്, ജലം, മണല്‍ എന്നിങ്ങനെ വ്യത്യസ്ത ഉപരിതലത്തിലൂടെ മോദി നടക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ പോസ്റ്റ് ചെയ്തതിന് പുറമെ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയെ ഫിറ്റ്‌നസ് ചലഞ്ചിനായി മോദി വെല്ലുവിളിക്കുകയും ചെയ്യുന്നു.

കുമാരസ്വാമിയെ കൂടാതെ 2018 കോമണ്‍വെല്‍ത്തില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ താരങ്ങള്‍, ഇന്ത്യയിലെ ഐപിഎല്‍ ഉദ്യോഗസ്ഥര്‍, പ്രത്യേകിച്ച് പ്രായം നാല്‍പത് കടന്നവര്‍ എന്നിവരേയും പ്രധാനമന്ത്രി ഫിറ്റ്‌നസ് ചലഞ്ചില്‍ പങ്കെടുക്കുന്നതിനായി വെല്ലുവിളിക്കുന്നു.

കേന്ദ്ര കായിക മന്ത്രി തുടങ്ങിവെച്ച ഫിറ്റ്‌നസ് ചലഞ്ചില്‍ സാമൂഹ്യ, രാഷ്ട്രീയ, സിനിമാ, കായിക മേഖലയില്‍ നിന്നുമുള്ള സെലിബ്രിറ്റികള്‍ ഭാഗമായിരുന്നു. അതോടെ സമൂഹമാധ്യമങ്ങളില്‍ ഫിറ്റ്‌നസ് ചലഞ്ച് ട്രെന്‍ഡായി മാറുകയായിരുന്നു. ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിനായുള്ള വര്‍ക്കഔട്ടില്‍ ഏര്‍പ്പെടുന്നതിന്റെ ഫോട്ടോയോ വീഡിയോയോ ഷെയര്‍ ചെയ്യണമെന്നതായിരുന്നു ചലഞ്ച്.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി ചലഞ്ച് ചെയ്തതിന് തൊട്ടുപിന്നാലെ തന്നെ ചലഞ്ച് ഏറ്റെടുക്കുന്നതായി മോദി വ്യക്തമാക്കിയിരുന്നു. എന്നാല്‍ വീഡിയോ എത്താന്‍ ആഴ്ചകളെടുത്തു. കോഹ് ലിയുടെ വെല്ലുവിളി ഏറ്റെടുത്തതിന് പുറമെ മോദിയെ ട്രോളി രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരും എത്തിയിരുന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കാന്‍ സാധിക്കുമോ എന്നെല്ലാമുള്ള വെല്ലുവിളിയായിരുന്നു പിന്നെ മോദിക്ക് നേരെ എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com