പ്രധാനമന്ത്രിയുടെ വസതിക്കു സമീപം ''പറക്കും തളിക?'; സുരക്ഷാ പരിശോധന, അന്വേഷണം

പ്രധാനമന്ത്രിയുടെ വസതിക്കു സമീപം ''പറക്കും തളിക?'; സുരക്ഷാ പരിശോധന, അന്വേഷണം
പ്രധാനമന്ത്രിയുടെ വസതിക്കു സമീപം ''പറക്കും തളിക?'; സുരക്ഷാ പരിശോധന, അന്വേഷണം

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് അതീവ സുരക്ഷാ മേഖലയിലുള്ള, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്കു സമീപം ''പറക്കും തളിക'' കണ്ടതായി റിപ്പോര്‍ട്ട്. സംഭവം സുരക്ഷാ ഉദ്യോഗസ്ഥരെ അങ്കലാപ്പിലാക്കിയതായും മേഖലയില്‍ അരിച്ചുപെറുക്കി പരിശോധന നടത്തിയെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട പറയുന്നത്.

ജൂണ്‍ ഏഴിനാണ് സുരക്ഷാ ഉദ്യോഗസ്ഥരെ മുള്‍മുനയിലാക്കിയ സംഭവം നടന്നത്. അജ്ഞാതമായ, പറന്നു നീങ്ങുന്ന വസ്തു പ്രധാനമന്ത്രിയുടെ വസതിക്കു സമീപം കണ്ടെത്തിയതായി ഡല്‍ഹി പൊലീസ് വക്താവ് ദീപേന്ദ്ര പഥക് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ സുരക്ഷാകാരണങ്ങളാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് പഥക് പറഞ്ഞതായി പത്രം ചൂണ്ടിക്കാട്ടുന്നു. അജ്ഞാതമായ ഒരു വസ്തു കണ്ടെങ്കിലും ആശങ്കയുണ്ടാക്കുന്ന ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വീടിരിക്കുന്ന മേഖലയുടെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ നോ ഫ്‌ളൈയിങ് ഏരിയയാണ്. ഇവിടെ ''പറക്കുംതളിക'' കണ്ടെത്തിയത് ഉദ്യോഗസ്ഥരെ കുഴക്കിയിട്ടുണ്ട്. ഗുരുതരമായ സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ജൂണ്‍ ഏഴിനു വൈകുന്നേരം എസ്പിജി ഉദ്യോഗസ്ഥനാണ് പറന്നു നടക്കുന്ന വസ്തു കണ്ടത്. വിവരം ഉടന്‍ തന്നെ ഡല്‍ഹി പൊലീസില്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ യൂണിറ്റിനെയും എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ സെന്ററിനെയും അറിയിച്ചു. സിഐഎസ്എഫിനും ഡല്‍ഹി വിമാനത്താവളത്തിലും അറിയിപ്പു നല്‍കി. ഇന്റലിജന്‍സ് അധികൃതര്‍ക്കും നാഷനല്‍ സെക്യുരിറ്റി ഗാര്‍ഡിനുംവിവരം നല്‍കി. 

പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ലെങ്കിലും അന്വേഷണം തുടരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com