രാജസ്ഥാനില്‍ തുടര്‍ഭരണം ലക്ഷ്യം; പുതിയ തന്ത്രവുമായി അമിത് ഷാ 

ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാജസ്ഥാനിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ട് ബിജെപി.
രാജസ്ഥാനില്‍ തുടര്‍ഭരണം ലക്ഷ്യം; പുതിയ തന്ത്രവുമായി അമിത് ഷാ 

ജയ്പൂര്‍: ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാജസ്ഥാനിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ട് ബിജെപി. മോദി സര്‍ക്കാരിന്റെ ജനോപകാരപ്രദമായ നടപടികള്‍ ഉയര്‍ത്തിക്കാണിച്ച് രാജസ്ഥാനില്‍ യാത്ര സംഘടിപ്പിക്കാനാണ് ബിജെപി തയ്യാറെടുക്കുന്നത്. ഇതിന് പുറമേ ടിഡിപിയുമായി ബന്ധംവേര്‍പിരിഞ്ഞ ആന്ധ്രാപ്രദേശില്‍ പാര്‍ട്ടി പ്രവര്‍ത്തനം ശക്തമാക്കാന്‍ മൂന്ന് മുതിര്‍ന്ന കേന്ദ്രമന്ത്രിമാരെ സംസ്ഥാനത്തേയ്ക്ക് നിയോഗിക്കാനും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചു.

രാജസ്ഥാനില്‍ ഈ വര്‍ഷം അവസാനമാണ് തെരഞ്ഞെടുപ്പ് . അടുത്ത വര്‍ഷം നടക്കുന്ന ആന്ധ്രാ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പും പൊതു തെരഞ്ഞെടുപ്പും ഒരേ സമയം നടക്കാനാണ് സാധ്യത. ഈ രണ്ടു സംസ്ഥാനങ്ങളും ബിജെപിയ്ക്ക് നിര്‍ണായകമാണ്.

രാജസ്ഥാനില്‍ ഭരണവിരുദ്ധ വികാരം ശക്തമാണ്. ബിജെപിയുടെ വസുന്ധരരാജ സിന്ധ്യയുടെ നേതൃത്വത്തിലുളള ഭരണത്തിനെതിരെ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാനാണ് ബിജെപി തീരുമാനം. അടുത്തിടെ  രാജസ്ഥാനില്‍  രണ്ട് ലോക്‌സഭ മണ്ഡലങ്ങളിലേയ്ക്കും ഒരു നിയമസഭ സീറ്റിലേയ്ക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി കനത്ത തോല്‍വി നേരിട്ടിരുന്നു. ഇതും കണക്കിലെടുത്താണ് മോദി സര്‍ക്കാരിന്റെ നേട്ടങ്ങളെ മുന്‍നിര്‍ത്തി യാത്ര സംഘടിപ്പിക്കാന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമുണ്ടായത്.

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ നിന്നും കൂടുതല്‍ സീറ്റുകള്‍ നേടാനുളള തന്ത്രങ്ങളാണ് ബിജെപിയുടെ അണിയറയില്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ആന്ധ്രാപ്രദേശില്‍ സ്വാധീനം വര്‍ധിപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിനായി പ്രമുഖ നേതാക്കളായ നിതിന്‍ ഗഡ്കരി, പീയുഷ് ഗോയല്‍, പ്രകാശ് ജാവദേക്കര്‍ എന്നിവരെ സംസ്ഥാനത്ത് നിയോഗിക്കാനാണ് ബിജെപി നേതൃത്വം കൈക്കൊണ്ട തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com