'എങ്കില്‍ പിന്നെ അവനെ കൊന്നുകളഞ്ഞേക്ക്' ; ദയാവധത്തിന് അനുമതി തേടി പേരറിവാളിന്റെ അമ്മ സര്‍ക്കാരിന് മുന്‍പില്‍

മകന് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് താന്‍ കത്തയ്ക്കുമെന്ന് അര്‍പുതമ്മാള്‍ പറഞ്ഞു
'എങ്കില്‍ പിന്നെ അവനെ കൊന്നുകളഞ്ഞേക്ക്' ; ദയാവധത്തിന് അനുമതി തേടി പേരറിവാളിന്റെ അമ്മ സര്‍ക്കാരിന് മുന്‍പില്‍

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയയ്ക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ അപേക്ഷ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയ പശ്ചാത്തലത്തില്‍ , കേസില്‍ ജീവപര്യന്തം തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പേരറിവാൡ് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് അമ്മ രംഗത്ത്. രാഷ്ട്രപതി അപേക്ഷ തളളിയ വാര്‍ത്ത തങ്ങളുടെ കുടുംബത്തെ തകര്‍ത്തതായി പേരറിവാളിന്റെ അമ്മ അര്‍പുതമ്മാള്‍ പ്രതികരിച്ചു. സമാധാനത്തോടെ ജീവിക്കാനായിരുന്നു ആഗ്രഹം. അവശേഷിക്കുന്ന ജീവിതം മകനൊടൊപ്പം ചെലവഴിക്കാനും ആഗ്രഹിച്ചു. മകന്റെ മോചനത്തിനായി ആകാംക്ഷയോടെ കാത്തിരുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷകളും കെട്ടടങ്ങി.കേന്ദ്രത്തിനെതിരെ നിയമപോരാട്ടം തുടരാനുളള ശക്തി ചോര്‍ന്നതായും അര്‍പുതമ്മാള്‍ പറഞ്ഞു. 

മകന്‍ ഇനിയും ദുരിതത്തില്‍ കഴിയുന്നത് തനിക്ക് സഹിക്കാന്‍ കഴിയില്ല. മകന് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് താന്‍ കത്തയ്ക്കുമെന്ന് അര്‍പുതമ്മാള്‍ പറഞ്ഞു. 

27 വര്‍ഷമായി ജയിലില്‍ കഴിയുന്ന മകന്റെ മോചനത്തിന് എതിരായ രാഷ്ട്രപതിയുടെ തീരുമാനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടാണ് പ്രതിഫലിക്കുന്നത്. മകന്റെ മോചനത്തിന് കേന്ദ്രം എതിരാണെങ്കില്‍, മകനെ സമാധാനമായി മരിക്കാന്‍ അനുവദിക്കണമെന്നും അര്‍പുതമ്മാള്‍ പറഞ്ഞു.

രാഷ്ട്പതിയുടെ തീരുമാനത്തില്‍ രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികളില്‍ നിരാശ പ്രകടമായിരുന്നില്ലെന്ന് ജയില്‍ വൃത്തങ്ങള്‍ പറഞ്ഞു.

പ്രതികളെ സ്വതന്ത്രരാക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തോട് കേന്ദ്രത്തിനു യോജിപ്പില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു രാഷ്ട്രപതിയുടെ നടപടി. മന്ത്രിമാരടങ്ങുന്ന കൗണ്‍സിലിന്റെ അഭിപ്രായം കേട്ട ശേഷമാണ് ഇത്തരം വിഷയങ്ങളില്‍ രാഷ്ട്രപതി തീരുമാനമെടുക്കുക.

കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടെ രണ്ടു തവണയാണ് മനുഷ്യത്വപരമായ കാരണങ്ങള്‍ കണക്കിലെടുത്ത് പ്രതികളെ വിട്ടയയ്ക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചത്. എന്നാല്‍, രാഷ്ട്രപതി ഈ ആവശ്യങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു. ഹര്‍ജി പരിഗണിക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രിയെ കൊലപ്പെടുത്തിയവര്‍ സമൂഹത്തില്‍ സ്വതന്ത്രരായി ജീവിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കേ്ന്ദ്രം നിലപാട് സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്.

1991 മേയ് 21ന് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസിലാണ് ഏഴു പേര്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. വി. ശ്രീഹരന്‍, എ. ജി. പേരറിവാളന്‍, ശാന്തന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, നളിനി എന്നിവരാണ് തടവിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com