തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാക്കി മോദി; ആര്‍എസ്എസ് നേതാക്കള്‍ക്ക് അത്താഴവിരുന്ന് ഒരുക്കി

രാജസ്ഥാന്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന പശ്ചാത്തലത്തില്‍, ബ്രിജെപി, ആര്‍എസ്എസ് നേതാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അത്താഴവിരുന്ന് സംഘടിപ്പിച്ചു
തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാക്കി മോദി; ആര്‍എസ്എസ് നേതാക്കള്‍ക്ക് അത്താഴവിരുന്ന് ഒരുക്കി

ന്യൂഡല്‍ഹി: രാജസ്ഥാന്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന പശ്ചാത്തലത്തില്‍, ബ്രിജെപി, ആര്‍എസ്എസ് നേതാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അത്താഴവിരുന്ന് സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് എന്നി സംസ്ഥാനങ്ങളില്‍ ബിജെപി പ്രചാരണ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യമേറെയാണ്. എന്നാല്‍ അത്താഴവിരുന്നിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല.

മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് എന്നി സംസ്ഥാനങ്ങളില്‍ ബിജെപിയാണ് ഭരിക്കുന്നത്. ഭരണവിരുദ്ധ വികാരം സംസ്ഥാനങ്ങളില്‍ പ്രകടമാണെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ ഭരണം നിലനിര്‍ത്താന്‍ ആര്‍എസ്എസിന്റെ സഹായം തേടിയാണ് മോദി കൂടിക്കാഴ്ച സംഘടിപ്പിച്ചതെന്നാണ് വിവരം. 

ഹരിയാനയിലെ സൂരജ്കുണ്ഡില്‍ ബിജെപിയുടെ ത്രിദിന സമ്മേളനം നടക്കുകയാണ്. ആര്‍എസ്എസിന്റെ നേതാക്കളും പങ്കെടുക്കുന്ന സമ്മേളനത്തില്‍ പാര്‍ട്ടിയുടെ സംഘടനാസംവിധാനം, ഭാവി പരിപാടികള്‍ എന്നിവ ചര്‍ച്ചയായതായാണ് വിവരം. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി, ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല തുടങ്ങിയ നേതാക്കളെല്ലാം ശനിയാഴ്ച അവസാനിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. 

കഴിഞ്ഞവര്‍ഷവും സമാനമായ അത്താഴവിരുന്ന് മോദി സംഘടിപ്പിച്ചിരുന്നു. സംഘപരിവാര്‍ നേതാക്കളുമായി കൃത്യമായ ഇടവേളകളില്‍ മോദി ആശയവിനിമയം നടത്താറുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് വീണ്ടും കൂടിക്കാഴ്ച സംഘടിപ്പിച്ചതെന്നും ഇവര്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com