മധ്യപ്രദേശില്‍ കോണ്‍ഗ്രസുമായി സഖ്യമില്ല; 230 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്പി 

മധ്യപ്രദേശില്‍ ബിജെപിക്കെതിരെ വിശാല മുന്നണിയായി മത്സരിക്കാന്‍ കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ബിഎസ്പി 
മധ്യപ്രദേശില്‍ കോണ്‍ഗ്രസുമായി സഖ്യമില്ല; 230 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്പി 

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപിക്കെതിരെ വിശാല മുന്നണിയായി മത്സരിക്കാന്‍ കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ബിഎസ്പി. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സഖ്യത്തെക്കുറിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും 230 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനമെന്നും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് നര്‍മ്മദാ പ്രസാദ് അഹിര്‍വാള്‍ വ്യക്തമാക്കി. 

ദേശീയ സെക്രട്ടറിയായി ഉയര്‍ത്തിയ ഉത്തര്‍പ്രദേശ് യൂണിറ്റ് പ്രസിഡന്റ് റാം അചാല്‍ രാജ്ഭറിന് മധ്യപ്രദേശിന്റെ ചുമതല നല്‍കിയതായും പാര്‍ട്ടി അറിയിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംസ്ഥാനത്തെ നാലായി വിഭജിച്ച് മുതിര്‍ന്ന നേതാക്കള്‍ക്ക് ചാര്‍ജ് നല്‍കിയിരിക്കുകയാണ്. 
കോണ്‍ഗ്രസുമായി സഖ്യനീക്കത്തെക്കുറിച്ച് ഇതുവരെ മായാവതിയില്‍ നിന്ന് നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. 

സമാന ആശയങ്ങളുള്ളവരെ കൂട്ടുപിടിച്ച് ബിജെപിക്കെതിരെ മത്സരിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തിവരുന്നത്. ശിവരാജ് സിങ് ചൗഹാനെതിരെ നിലനില്‍ക്കുന്ന ശക്തമായ ഭരണവിരുദ്ധ വികാരം മുതലെടുക്കാന്‍ സഖ്യത്തിന് സാധിക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ഉത്തര്‍പ്രദേശിലെ ലോകസഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ബിജെപിയെ പരാജയപ്പെടുത്തിയിരുന്നു. ഇതില്‍ ബിഎസ്പിയും ഉള്‍പ്പെട്ടിരുന്നു. 

മധ്യപ്രദേശില്‍ 2013ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിഎസ്പിക്ക് 6.29 ശതമാനം വോട്ടും കോണ്‍ഗ്രസിന് 36.38 ശതമാനം വോട്ടുമാണ് ലഭിച്ചത്. 44.88 ശതമാനം വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചിരുന്നത്. ബിജെപി 165, കോണ്‍ഗ്രസ് 58, ബിഎസ്പി നാല് എന്നിങ്ങനെയായിരുന്നു സീറ്റ് നില.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com