രണ്ടുസീറ്റുകള്‍ നല്‍കാം, അല്ലെങ്കില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് സമാജ് വാദി; മതേതര സഖ്യത്തില്‍ വിളളല്‍?

ബിജെപി വിരുദ്ധ വിശാല സഖ്യം രൂപീകരിച്ച് ദേശീയ രാഷ്ട്രീയത്തില്‍ ചലനം സൃഷ്ടിച്ച ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്- സമാജ് വാദി പാര്‍ട്ടി ബന്ധം വഷളാകുന്നതായി റിപ്പോര്‍ട്ട്.
രണ്ടുസീറ്റുകള്‍ നല്‍കാം, അല്ലെങ്കില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് സമാജ് വാദി; മതേതര സഖ്യത്തില്‍ വിളളല്‍?

ലക്‌നൗ: ബിജെപി വിരുദ്ധ വിശാല സഖ്യം രൂപീകരിച്ച് ദേശീയ രാഷ്ട്രീയത്തില്‍ ചലനം സൃഷ്ടിച്ച ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്- സമാജ് വാദി പാര്‍ട്ടി ബന്ധം വഷളാകുന്നതായി റിപ്പോര്‍ട്ട്. ആസന്നമായ ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിശാല സഖ്യത്തില്‍ അനൗദ്യോഗിക സീറ്റുവിഭജന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതിനെ ചൊല്ലിയാണ് ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കം ഉടലെടുത്തതെന്നാണ് സൂചന.

ഉത്തര്‍പ്രദേശില്‍ 80 ലോക്‌സഭ സീറ്റുകളാണുളളത്. രാജ്യത്ത് ഏറ്റവുമധികം ലോക്‌സഭ സീറ്റുകളുളള സംസ്ഥാനമേതെന്ന ചോദ്യത്തിനും ഉത്തരം ഉത്തര്‍പ്രദേശാണ്. ഇവിടെ കോണ്‍ഗ്രസിന് രണ്ടു സീറ്റുകള്‍ മാത്രം നല്‍കുകയുളളുവെന്ന നിലപാടിലാണ് സമാജ് വാദി പാര്‍ട്ടി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ റായ്ബറേലിയും. എന്നാല്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യം കോണ്‍ഗ്രസ് മുന്നോട്ടുവെച്ചതായാണ് വിവരം. എന്നാല്‍ ഇതില്‍ സമാജ് വാദി പാര്‍ട്ടി കടുംപിടുത്തം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എല്ലാം മണ്ഡലങ്ങളിലും മത്സരിച്ചുവെങ്കിലും രണ്ടിടത്തു മാത്രമാണ് വിജയിച്ചത്. അമേഠിയിലും റായ്ബറേലിയിലും മാത്രം സീറ്റ് നിലനിര്‍ത്താനാണ് കോണ്‍ഗ്രസിന് സാധിച്ചത്. 71 സീറ്റുകളുമായി ഗംഭീര പ്രകടനം കാഴ്ച വെച്ച ബിജെപിയുടെ വോട്ടുവിഹിതം വര്‍ധിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം എട്ടില്‍ താഴെയായി ഇടിഞ്ഞു. 2009ല്‍ 21 സീറ്റുകളുണ്ടായിരുന്ന സ്ഥാനത്ത് നിന്നുമാണ് കോണ്‍ഗ്രസിന്റെ ദയനീന പരാജയം.

മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നാകുന്ന കാഴ്ചയാണ് ദൃശ്യമായത്. അത് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുകയും ചെയ്തു. ബിജെപി വിരുദ്ധ വിശാല സഖ്യം രൂപികരിക്കുന്നതില്‍ കോണ്‍ഗ്രസും നിര്‍ണാക പങ്കാണ് വഹിച്ചത്. പ്രതിപക്ഷ ഐക്യനിരയുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.

2019ല്‍ ബിജെപിയ്ക്ക് വെല്ലുവിളി സൃഷ്ടിച്ച് വിശാലസഖ്യം മികച്ച മുന്നേറ്റം നടത്തുമെന്നാണ് പ്രവചനം. ഈ പ്രവചനങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍്ട്ടുകള്‍. ഉത്തര്‍പ്രദേശില്‍ 40 സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്ന നിലപാട് സ്വീകരിച്ച് ബിഎസ്പി അവരുടെ ഇഗിതം വെളിപ്പെടുത്തി കഴിഞ്ഞു. ബിഎസ്പിയെ കൂടെ നിര്‍്ത്താന്‍ തങ്ങളുടെ രണ്ട് മുതല്‍ മൂന്ന് വരെയുളള സിറ്റിങ് സീറ്റുകള്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് സമാജ് വാദി പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ബിഎസ്പി - എസ്പി സഖ്യത്തില്‍ വിളളല്‍ വീഴുമെന്ന ബിജെപിയുടെ പ്രതീക്ഷകള്‍ക്കാണ് സമാജ് വാദി പാര്‍ട്ടിയുടെ പ്രഖ്യാപനം തിരിച്ചടിയായത്.

എന്നാല്‍ കോണ്‍ഗ്രസിന് രണ്ടു സീറ്റുകള്‍ മാത്രമേ സമാജ് വാദി പാര്‍ട്ടി വിട്ടുനല്‍കുകയുളളുവെന്ന റിപ്പോര്‍ട്ടുകള്‍ ദേശീയ രാഷ്ട്രീയത്തില്‍ വിശാല സഖ്യത്തില്‍ വിളളല്‍ വീഴ്ത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ദേശീയ തലത്തില്‍ വിശാല സഖ്യത്തേ മുന്നില്‍ നിന്ന് നയിക്കാന്‍ ഇപ്പോഴും കെല്‍പ്പുളള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അങ്ങനെ വരുമ്പോള്‍ അര്‍ഹിച്ച പരിഗണന നല്‍കാതെ ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസിനെ അവഗണിച്ചാല്‍ അത് ദേശീയ തലത്തിലും പ്രതിഫലിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com