ഏത് ജനാധിപത്യ സര്‍ക്കാരും രാഷ്ട്രപതി ഭരണത്തെക്കാള്‍ എന്തുകൊണ്ടും നല്ലതെന്ന് തരിഗാമി

കശ്മീരില്‍ പിഡിപി സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചുണ്ടായ ഭരണപ്രതിസന്ധിയില്‍ പ്രതികരണവുമായി സിപിഎം നേതാവും എംഎല്‍എയുമായ യൂസുഫ് തരിഗാമി
ഏത് ജനാധിപത്യ സര്‍ക്കാരും രാഷ്ട്രപതി ഭരണത്തെക്കാള്‍ എന്തുകൊണ്ടും നല്ലതെന്ന് തരിഗാമി

ശ്മീരില്‍ പിഡിപി സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചുണ്ടായ ഭരണപ്രതിസന്ധിയില്‍ പ്രതികരണവുമായി സിപിഎം നേതാവും എംഎല്‍എയുമായ യൂസുഫ് തരിഗാമി. രാഷ്ട്രപതിഭരണത്തെക്കാള്‍
ഏറ്റവും നല്ലത് ഏതെങ്കിലും ജനാധിപത്യ സര്‍ക്കാരാണെന്ന് അദ്ദേഹം ഔട്ട് ലുക്കിലെഴുതിയ ലേഖനത്തില്‍ പറഞ്ഞു. കശ്മീരില്‍ ജനാധിപത്യം വളരെ മോശം സ്ഥിതിയിലാണ്. അതിന് പ്രധാന കാരണം കേന്ദ്ര ഭരണം കയ്യാളുന്നവരും രണ്ടുവര്‍ഷവും രണ്ട് മാസവും രണ്ടാഴ്ചയും സംസ്ഥാനം  ഭരിച്ചവരുമായ ബിജെപി തന്നെയാണ്. ഇതൊരു അവസരവാദ സര്‍ക്കാരാണെന്ന് ഞങ്ങളിന്നലെവരെ പറഞ്ഞിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 

2014മുതലുള്ള ബിജെപിയുടെ ട്രാക്ക് റെക്കോര്‍ഡ് ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ജനാധിപത്യ പ്രക്രിയയുടെ മുന്നോട്ട് പോക്ക് അത്യാവശ്യമായിരുന്നു, ഗവര്‍ണര്‍ ഭരണത്തെക്കാള്‍ എന്തുകൊണ്ടും ഒരു തെരഞ്ഞെടുത്ത സര്‍ക്കാരിന്റെ ഭരണം നല്ലതാണ്. അതുകൊണ്ടാണ് ഞങ്ങള്‍ കശ്മീരിലെ രാഷ്ട്രീയ സ്ഥിതി ചര്‍ച്ചകളിലൂടെ മെച്ചപ്പെടുത്തണമെന്ന് തുടര്‍ച്ചായി ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. 

കശ്മീരിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഒരേയൊരു ഉത്തരം നിരന്തരമായ ചര്‍ച്ചകളാണ്. 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കശ്മീരില്‍ വലിയ ജനപങ്കാളിത്തമുണ്ടായി, എന്നാല്‍ പിന്നീട് എന്തുസംഭവിച്ചു? എന്തുകൊണ്ട് കഴിഞ്ഞ ഒരുവര്‍ഷമായി  ദക്ഷിണ കശ്മീരില്‍ ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുന്നില്ല? ഇതിപ്പോഴും ഉത്തരം കിട്ടേണ്ട ചോദ്യമാണ്-അദ്ദേഹം പറയുന്നു. 

അധികാരം എന്നത് ഒഴിച്ചാല്‍ ബിജെപിക്കും പിഡിപിക്കും പൊതുവായ ഒരു ആശയവും ഇല്ലായിരുന്നുവെന്ന് തരിഗാമി പറയുന്നു. കശ്മീരിനെ ഇപ്പോള്‍ കാണുന്നവിധം പ്രശ്‌നങ്ങളിലേക്ക് തള്ളിയിട്ടതില്‍ ബിജെപിക്കൊപ്പം പിഡിപിയും ഉത്തരം പറയണമെന്നും അദ്ദേഹം പറയുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത അസ്വസ്ഥകളിലേക്കാണ് ജമ്മു കശ്മീര്‍ നീങ്ങുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജമ്മുവില്‍ ഇതുവരെ കാണാത്ത തരത്തില്‍ വര്‍ഗീയ വിഭദനം സംഭവിച്ചു കഴിഞ്ഞു.ജമ്മുവില്‍ വലിയ തോതില്‍ ഹിന്ദു വര്‍ഗീയവാദം കത്തിപ്പടരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഡല്‍ഹിയില്‍ അടിയന്തമരമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് മൂന്നുവര്‍ഷം നീണ്ടുനിന്ന സഖ്യം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. മതതീവ്രവാദവും വിഘടനവാദവും ശക്തിപ്പെടുന്നത് തടയാന്‍ പിഡിപി സര്‍ക്കാരിന് സാധിക്കുന്നില്ല എന്നാരോപിച്ചാണ് ബിജെപി സഖ്യം അവസാനിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com