മധ്യപ്രദേശില്‍ കോണ്‍ഗ്രസ്- ബിഎസ്പി സഖ്യം തുലാസില്‍; ദലിതുകളെ ആകര്‍ഷിക്കാന്‍ ഉപമുഖ്യമന്ത്രി കാര്‍ഡ് ഇറക്കി കോണ്‍ഗ്രസ്

ഉത്തര്‍പ്രദേശിലെ പോലെ ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കാനുളള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്ക് മധ്യപ്രദേശില്‍ തിരിച്ചടി.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ്- ബിഎസ്പി സഖ്യം തുലാസില്‍; ദലിതുകളെ ആകര്‍ഷിക്കാന്‍ ഉപമുഖ്യമന്ത്രി കാര്‍ഡ് ഇറക്കി കോണ്‍ഗ്രസ്

ഭോപ്പാല്‍: ഉത്തര്‍പ്രദേശിലെ പോലെ ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കാനുളള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്ക് മധ്യപ്രദേശില്‍ തിരിച്ചടി. മധ്യപ്രദേശില്‍ 230 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് ബിഎസ്പി വ്യക്തമാക്കിയതിന് പിന്നാലെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് അപ്രതീക്ഷിത നീക്കം നടത്തി. ദലിത് നേതാവിനെയാണ് ഉപമുഖമന്ത്രി സ്ഥാനാര്‍ത്ഥിയായി മധ്യപ്രദേശിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഉയര്‍ത്തിക്കാട്ടുന്നത്. മധ്യപ്രദേശില്‍ നിര്‍ണായക ശക്തിയായ ദലിതുകളെ ആകര്‍ഷിച്ച് ബിഎസ്പിയുടെ കുറവ് നികത്താനാണ് കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചിരിക്കുന്നത്.

മധ്യപ്രദേശില്‍ ബിജെപി വീണ്ടും അധികാരത്തിലേറുന്നത് തടയാന്‍ കോണ്‍ഗ്രസ് -ബിഎസ്പിയുമായി ചേര്‍ന്ന് സഖ്യം രൂപീകരിക്കാന്‍ പോകുന്നു എന്ന തരത്തിലുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പുകളില്‍ പരീക്ഷിച്ച് വിജയിച്ച വിശാല സഖ്യം മധ്യപ്രദേശില്‍ ബിജെപിക്കെതിരെ പ്രയോഗിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ വിദഗ്ധര്‍ വ്യാഖ്യാനിച്ചു.

എന്നാല്‍ ഈ നിഗമനങ്ങളെയെല്ലാം പാടേ തളളുന്നതാണ് നിലവിലെ രാഷ്ട്രീയ നീക്കങ്ങള്‍. മധ്യപ്രദേശില്‍ സഖ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസുമായി യാതൊരുതരത്തിലുളള കൂടിയാലോചനകളും ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് ബിഎസ്പി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ സംസ്ഥാനത്തെ 230 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും ബിഎസ്പി അറിയിച്ചു. 

ബിഎസ്പിയുടെ നിലപാടിന് പിന്നാലെയാണ് ദളിത് നേതാവ് സുരേന്ദ്ര ചൗധരിയാണ് പാര്‍ട്ടിയുടെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന തരത്തില്‍ കോണ്‍ഗ്രസ് രംഗത്തുവന്നത്. മധ്യപ്രദേശില്‍ തനിച്ച് മത്സരിക്കുമെന്ന് ബിഎസ്പി നിലപാട് അറിയച്ചത് കോണ്‍ഗ്രസ് ആശങ്കയോടെ കാണുന്നത്. ബിഎസ്പിയെ പോലുളള പ്രമുഖ പാര്‍ട്ടിയുടെ പിന്തുണയില്ലാതെ എങ്ങനെ ബിജെപിയെ പരാജയപ്പെടുത്തുമെന്ന ചിന്തയിലാണ് കോണ്‍ഗ്രസ്.

ദലിത് വിഭാഗത്തില്‍ നിന്നുളള ജമുനാ ദേവിയാണ് സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ്. ദലിത് വിഭാഗത്തില്‍ നിന്നുളള വ്യക്തിയെ ദലിത് പ്രസിഡന്റും, ദലിത് മുഖ്യമന്ത്രിയുമാക്കിയ പാരമ്പര്യമുളള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് മധ്യപ്രദേശിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി ദീപക് ബാബ്രിയ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com