'പ്രണബ് മുഖര്‍ജി, നിങ്ങള്‍ തോല്‍പ്പിച്ചു കളഞ്ഞത് ഒരു രാജ്യത്തെയാണ്';ദുഃഖം തോന്നുന്നുവെന്ന് ടി എം കൃഷ്ണ

നാഗ്പൂരിലെ  ആര്‍എസ്എസ് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ പങ്കെടുക്കുക വഴി പ്രണബ് മുഖര്‍ജി ഒരു ജനതയെ തോല്‍പ്പിച്ചു കളഞ്ഞുവന്ന് ടി എം കൃഷ്ണ.
'പ്രണബ് മുഖര്‍ജി, നിങ്ങള്‍ തോല്‍പ്പിച്ചു കളഞ്ഞത് ഒരു രാജ്യത്തെയാണ്';ദുഃഖം തോന്നുന്നുവെന്ന് ടി എം കൃഷ്ണ

ചെന്നൈ: നാഗ്പൂരിലെ  ആര്‍എസ്എസ് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ പങ്കെടുക്കുക വഴി പ്രണബ് മുഖര്‍ജി ഒരു ജനതയെ തോല്‍പ്പിച്ചു കളഞ്ഞുവന്ന് സംഗീതജ്ഞനും രാഷ്ട്രീയ നിരീക്ഷകനുമായ
ടി എം കൃഷ്ണ. അദ്ദേഹത്തില്‍ നിന്ന്  ഒരുപാട് പ്രതീക്ഷിച്ചതു കൊണ്ടാവാം ആ സന്ദര്‍ശനവും പ്രസംഗവുമെല്ലാം ഇത്രയേറെ നിരാശ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നാഗ്പൂരില്‍ പോയി പ്രസംഗിച്ചതിനെ നിര്‍ദോഷകരമായി ആണ് അദ്ദേഹം കാണുന്നതെങ്കില്‍ കൂടി, ഗാന്ധി വധത്തില്‍ ഇപ്പോഴും ആരോപണവിധേയരായ, അങ്ങേയറ്റം വെറുക്കപ്പെടേണ്ട വര്‍ഗീയ സംഘടനയുടെ പരിപാടിയില്‍ മുന്‍രാഷ്ട്രപതി എത്തിയതിന് നിരവധി അര്‍ത്ഥങ്ങള്‍ കണ്ടെത്താന്‍ കഴിയും. വര്‍ഗ്ഗീയവാദികളായ നേതാക്കള്‍ക്കൊപ്പം പ്രണബ് മുഖര്‍ജി നില്‍ക്കുന്ന ചിത്രത്തിലൂടെ  ആര്‍എസ്എസ് നേടിയ മൈലേജ് വലിയതാണ് എന്നും അദ്ദേഹം പറഞ്ഞു. 

ജീവിതത്തിന്റെ നല്ലൊരു പങ്കും കോണ്‍ഗ്രസുകാരനായി ജീവിച്ചത് കൊണ്ട് മതേതരത്വം അതിന്റെ സത്തയില്‍ എല്ലാ കോണ്‍ഗ്രസുകാരെയും പോലെ മുഖര്‍ജി  ഉള്‍ക്കൊണ്ടിട്ടുണ്ട് എന്ന് വിചാരിച്ചിടത്താണ് നമുക്ക് പിഴച്ചത്. അങ്ങനെയല്ലെന്ന് അദ്ദേഹം കാണിച്ചു തന്നു. ചില കോണ്‍ഗ്രസുകാരുടെ ഉള്ളിലെങ്കിലും ആര്‍എസ്എസിന്റെ മാന്യമായ പതിപ്പ് ഉറങ്ങിക്കിടപ്പുണ്ടെന്നും അതിന്റെ അംഗമാവുന്നതില്‍ അവര്‍ തെറ്റൊന്നും കാണുന്നില്ലെന്നുമാണ് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നത്.ഒരു പൗരനെന്ന നിലയില്‍ പ്രണബ് മുഖര്‍ജിക്ക് എവിടെ പോകാനും സ്വാതന്ത്ര്യമുണ്ട് . പക്ഷേ  മുന്‍രാഷ്ട്രപതിക്ക് അത് ഉണ്ടോ എന്നതാണ് ചിന്തിക്കേണ്ടത്. മുന്‍രാഷ്ട്രപതി ആര്‍എസ്എസ് ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതിന്റെ കാര്യം അറിയേണ്ട ആവശ്യം തനിക്കില്ലെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ഉള്ളിലെവിടെയോ ആര്‍എസ്എസ് മുന്നോട്ട് വയ്ക്കുന്ന 'ഹിന്ദുമേല്‍ക്കോയ്മ' മറഞ്ഞിരിക്കുന്നുവോ എന്ന്‌ താന്‍ സംശയിക്കുന്നുവെന്ന് ടി എം കൃഷ്ണ പറഞ്ഞു. 

തൊട്ടുകൂടായ്മ എന്ന വാക്ക് നിലവിലെ സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുമെങ്കില്‍ ഏറ്റവും യോജിക്കുക ആര്‍എസ്എസ് എന്ന സംഘടനയുടെ കാര്യം വരുമ്പോഴാണ്.ഗാന്ധി വധത്തിന്റെ കാര്യത്തിലൊഴികെ മറ്റെല്ലായ്‌പ്പോഴും മധ്യ-ഉന്നത വര്‍ഗ ഹിന്ദുസമൂഹത്തിന്റെ എല്ലാ പിന്തുണയും ലഭിച്ച/ ലഭിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് ആര്‍എസ്എസ്. പാര്‍ട്ടിക്കതീതമായി മൃദു ആര്‍എസ്എസ് സമീപനം പുലര്‍ത്തുന്ന നിരവധി രാഷ്ട്രീയക്കാരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മുന്‍രാഷ്ട്രപതിയും സാധാരണ രാഷ്ട്രീയക്കാരനും തമ്മില്‍ പ്രകടമായ ചില വ്യത്യാസങ്ങളുണ്ട്. ഇന്ത്യ പോലൊരു മതേതര രാജ്യത്ത് നിന്ന് ഇന്ത്യ ഹിന്ദു രാജ്യമാണ് എന്നും ഹിന്ദു മേല്‍ക്കോയ്മയ്ക്കായി വാദിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തിന്റെ ചടങ്ങില്‍ മുന്‍ രാഷ്ട്രപതി പങ്കെടുക്കാന്‍ പാടില്ല എന്നതില്‍ തനിക്ക് തര്‍ക്കമില്ല.രാജ്യത്തെ ഇതരമതസ്ഥരെല്ലാം ഹിന്ദുക്കളാവണം എന്നും ഹിന്ദുക്കള്‍ക്ക് കീഴില്‍ വരണമെന്നും യുവാക്കളെ പറഞ്ഞു പഠിപ്പിക്കുന്ന വര്‍ഗീയ സംഘടനയാണ് ആര്‍എസ്എസ്. യാഥാസ്ഥിതിക ഹിന്ദുക്കളെ ആര്‍എസ്എസ് പിടിയില്‍ നിന്നും രക്ഷപെടുത്താനാണ് ശ്രമിക്കേണ്ടതെന്നും 'സ്‌ക്രോള്‍.ഇന്നി'ലെഴുതിയ പംക്തിയില്‍ അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com