രാജ്യത്ത് സ്ത്രീകള്‍ അരക്ഷിതരായി കഴിയുമ്പോള്‍ മോദി യോഗയുമായി പൂന്തോട്ടത്തില്‍ ചുറ്റിക്കറങ്ങുന്നു; വിമര്‍ശനവുമായി രാഹുല്‍ 

ലോകത്തില്‍ സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാത്ത രാജ്യം ഇന്ത്യയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍
രാജ്യത്ത് സ്ത്രീകള്‍ അരക്ഷിതരായി കഴിയുമ്പോള്‍ മോദി യോഗയുമായി പൂന്തോട്ടത്തില്‍ ചുറ്റിക്കറങ്ങുന്നു; വിമര്‍ശനവുമായി രാഹുല്‍ 

ന്യൂഡല്‍ഹി: ലോകത്തില്‍ സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാത്ത രാജ്യം ഇന്ത്യയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ചത് പരോക്ഷമായി സൂചിപ്പിച്ചാണ് രാഹുല്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്. ഇന്ത്യയില്‍ സ്ത്രീകള്‍ അരക്ഷിതാവസ്ഥയില്‍ കഴിയുമ്പോള്‍ പൂന്തോട്ടത്തിന് ചുറ്റും കറങ്ങുന്ന യോഗാവീഡിയോയുമായാണ് മോദി പ്രത്യക്ഷപ്പെടുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ സിറിയ, സൗദി അറേബ്യ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് മുകളിലാണ് ഇന്ത്യയുടെ സ്ഥാനം. നമ്മുടെ രാജ്യത്തെ എത്രമാത്രം ലജ്ജിപ്പിക്കുന്നതാണ് ഇതെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. 

ഐക്യരാഷ്ട്രസഭാ അംഗങ്ങളായ 193 രാജ്യങ്ങളില്‍ തോംസണ്‍ റോയിട്ടേഴ്‌സ് നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് ഇന്ത്യയെ ഞെട്ടിക്കുന്ന വിവരങ്ങളുളളത്. അഫ്ഗാനിസ്ഥാനിലും സിറിയയിലും പോലും സ്ത്രീകള്‍ ഇന്ത്യയിലുള്ളതിനേക്കാള്‍ സുരക്ഷിതരാണെന്നും റിപ്പോര്‍ട്ട് പറയുന്നു.വലിയതോതിലുള്ള ലൈംഗീക അക്രമങ്ങളും അടിമപ്പണിയും സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്നു.ആദ്യപത്തിലുള്ള പാശ്ചാത്യ രാജ്യം യുഎസ് മാത്രമാണ്. ലൈംഗീക അതിക്രമങ്ങളാണ് യുഎസില്‍ കൂടുതല്‍. 2011 ല്‍ റോയിട്ടേഴ്‌സ് നടത്തിയ സര്‍വ്വേയില്‍ അഫ്ഗാനിസ്ഥാനായിരുന്നു സ്ത്രീ സുരക്ഷ തീരെയില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമത് എത്തിയിരുന്നത്.

ബലാത്സംഗവും അതിനെ തുടര്‍ന്നുള്ള കൊലപാതകങ്ങളും ഇന്ത്യയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് വര്‍ധിച്ചുവെന്നും ഡല്‍ഹിയിലെ നിര്‍ഭയ സംഭവം മുതല്‍ കേരളത്തില്‍ വിദേശവനിത കൊല്ലപ്പെട്ടത് വരെ ചൂണ്ടിക്കാട്ടി സര്‍വ്വേ പറയുന്നു.ഓരോ മണിക്കൂറിലും രാജ്യത്ത് നിന്ന് നാല് ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകള്‍ എത്രമാത്രം ഉണ്ടാകുമെന്ന ആശങ്കയും സര്‍വ്വേ മുന്നോട്ട് വയ്ക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com