രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് : സുഖേന്ദു ശേഖര്‍ റോയ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി

സുഖേന്ദുവിനെ പിന്തുണയ്ക്കണമെന്ന മമതാ ബാനര്‍ജിയുടെ നിര്‍ദേശത്തെ കോണ്‍ഗ്രസ് അംഗീകരിക്കുകയായിരുന്നു 
രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് : സുഖേന്ദു ശേഖര്‍ റോയ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി : രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുഖേന്ദു ശേഖര്‍ റോയ് പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയാകും. സുഖേന്ദുവിനെ പിന്തുണയ്ക്കണമെന്ന തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയുടെ നിര്‍ദേശം കോണ്‍ഗ്രസ് നേതൃത്വം അംഗീകരിക്കുകയായിരുന്നു. 

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ വിശാല സഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങളിലാണ് കോണ്‍ഗ്രസ്.  ഇതിന്റെ ഭാഗമായാണ് രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താമെന്ന നിര്‍ദേശം കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മുന്നില്‍ വച്ചത്. പിജെ കുര്യന്റെ രാജ്യസഭാ കാലാവധി അവസാനിച്ചതോടെയാണ് പുതിയ ഉപാധ്യക്ഷനെ കണ്ടെത്താന്‍ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 

അതേസമയം രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം എങ്ങനെയും പിടിച്ചെടുക്കണമെന്ന നിലപാടിലാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി. എന്നാല്‍ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ആരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോ, ബിജെപി അധ്യക്ഷന്‍ അമിത് ഷായോ ഇതുവരെ ഒരു സൂചനയും പുറത്തുവിട്ടിട്ടില്ല. 

ഒരു മുന്നണിയെയും പിന്തുണയ്ക്കാത്ത ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ്, തെലങ്കാന രാഷ്ട്രസമിതി എന്നിവരുടെ തീരുമാനമാണ് രണ്ട് പക്ഷവും ഉറ്റുനോക്കുന്നത്. അതേസമയം ടിഎംസി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ ബിജെഡിയും ടിആര്‍എസും പിന്തുണയ്ക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

രാജ്യസഭയില്‍ മൂന്ന് നോമിനേറ്റഡ് അംഗങ്ങളുടെ ഒഴിവാണ് നിലവിലുള്ളത്. ഇത് നികത്തുന്നതോടെ മൊത്തം അംഗങ്ങളുടെ എണ്ണം 244 ആകും. ഇതില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ 123 വോട്ടുകളാണ് വേണ്ടത്. പ്രതിപക്ഷത്തിന് ഇപ്പോള്‍ 116 എംപിമാരുടെ പിന്തുണയുണ്ട്. അതേസമയം എന്‍ഡിഎയ്ക്ക,് 13 എഐഎഡിഎംകെ എംപിമാര്‍ ഉള്‍പ്പെടെ 108 അംഗങ്ങളാണ് ഉള്ളത്. 

9 എംപിമാരുള്ള ബിജെഡി, 6 എംപിമാരുള്ള ടിആര്‍എസ്, രണ്ടംഗങ്ങളുള്ള പിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ഒരു എംപിയുള്ള ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ എന്നിവരാണ് നിഷ്പക്ഷ നിലപാടുമായി രംഗത്തുള്ളത്. 1992 ലാണ് രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്. അന്ന് നജ്മ ഹെപ്ത്തുള്ള, രേണുക ചൗധരിയെ പരാജയപ്പെടുത്തുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com