സംശയത്തിന്റെ പേരില്‍ ഭാര്യയെ വെട്ടി നുറുക്കി പെട്ടിയിലാക്കി; പെട്ടിയില്‍ ഒട്ടിച്ച  സ്റ്റിക്കര്‍ ഭര്‍ത്താവിനെ കുടുക്കി

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി പൊതിഞ്ഞു കാര്‍ഡ് ബോഡ് പെട്ടിയിലാക്കിയ ഭര്‍ത്താവ് പിടിയില്‍
സംശയത്തിന്റെ പേരില്‍ ഭാര്യയെ വെട്ടി നുറുക്കി പെട്ടിയിലാക്കി; പെട്ടിയില്‍ ഒട്ടിച്ച  സ്റ്റിക്കര്‍ ഭര്‍ത്താവിനെ കുടുക്കി

ന്യൂഡല്‍ഹി: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി പൊതിഞ്ഞു കാര്‍ഡ് ബോഡ് പെട്ടിയിലാക്കിയ ഭര്‍ത്താവ് പിടിയില്‍. ജൂണ്‍ 21നാണ് ജൂഹി എന്ന സ്ത്രീയുടെ വെട്ടിമുറിച്ച ശരീരഭാഗങ്ങളുമായി കാര്‍ഡ്‌ബോര്‍ഡ് പെട്ടി പൊലീസ് കണ്ടെത്തിയത്. ആദ്യം മരിച്ചത് ആരാണെന്നോ, കൊലപ്പെടുത്തിയത് ആരാണെന്നോ എന്ന വിവരം പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍  പ്രതിയെ കണ്ടെത്താന്‍ പൊലീസിന് തുണയായത് മൃതദേഹം പൊതിഞ്ഞു കെട്ടിയ പെട്ടിയുടെ പുറത്ത് ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കറായിരുന്നു. 

വെട്ടിനുറുക്കിയ യുവതിയുടെ മൃതദേഹം ലഭിച്ചതിന് പിന്നാലെ പൊലീസ് അവര്‍ ആരാണെന്നും എന്താണെന്നും അന്വേഷിച്ചുവരികയായിരുന്നു. തുടക്കത്തില്‍ യുവതി ധരിച്ച വസ്ത്രം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിന്റെ ഭാഗമായി നൂറോളം വസ്ത്രവ്യാപാരശാലകളില്‍ പൊലീസ് തിരച്ചില്‍ നടത്തി. ഒരു ഫലവുമുണ്ടായില്ല. ശരീരം അരിച്ചാക്കില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയതിനാല്‍ അരിക്കടകളിലും പൊലീസ് അന്വേഷണം നടത്തി. എന്നാല്‍ വിവരങ്ങളൊന്നും ലഭിച്ചില്ല. പിന്നീടാണ് മൃതദേഹം കണ്ടെത്തിയ പെട്ടിയിലെ സ്റ്റിക്കര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. 

പെട്ടിയുടെ മുകളില്‍ കണ്ടെത്തിയത് ഒരു പാക്കിംഗ് കമ്പനിയുടെ സ്റ്റിക്കര്‍ ആയിരുന്നു. അതില്‍ ഒരു കോഡും ഉണ്ടായിരുന്നു. ഈ കമ്പനിയെ സമീപിച്ചപ്പോള്‍ അത് ഡെലിവറി കോഡാണെന്നും ആര്‍ക്കാണ് ഇത് നല്‍കിയതെന്ന് കണ്ടെത്താന്‍ ഇതിലൂടെ സാധിക്കുമെന്നും അറിയിച്ചു. ഷാര്‍ജയില്‍ താമസമാക്കിയ അലിഗഡ് സ്വദേശി ജാവേദ് അക്തറിനായിരുന്നു പെട്ടി നല്‍കിയതെന്ന് അന്വേഷണത്തിലൂടെ പൊലീസിന് മനസ്സിലായി. തുടര്‍ന്ന് പൊലീസ്  ജാവേദുമായി ബന്ധപ്പെട്ടു. താന്‍ ഇത്തരത്തില്‍ കുറച്ച് ഒഴിഞ്ഞ പെട്ടികള്‍ ഡല്‍ഹിയിലെ ഷഹീന്‍ ബാഗിലുള്ള മറ്റൊരു വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അതിപ്പോള്‍ സജിദ് അലി എന്നയാള്‍ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നുമായിരുന്നു മറുപടി

ഷഹീന്‍ ബാഗിലെത്തിയ പൊലീസിന് സജിദ് അലിയെ വീട്ടില്‍ നിന്നും കണ്ടെത്താനായില്ല. ഇയാളും ഭാര്യയും ദിവസങ്ങള്‍ക്ക് മുന്‍പ് വീട് വിട്ടുപോയി എന്നാണ് അയല്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ സമീപത്തുള്ള സഹോദരന്‍ ഹസ്മത് അലിയുടെ വീട്ടില്‍ നിന്നും പൊലീസ് ഇയാളെ പിടികൂടി. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികുറ്റം സമ്മതിക്കുകയായിരുന്നു

ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ചായിരുന്നു കൊലപാതകം. മരിച്ചുവെന്ന് ഉറപ്പ് വരുത്തിയ ശേഷം മറ്റൊരു സഹോദരനായ ഇഷ്തിയാഖ് അലിയെ വിളിച്ചുവരുത്തി. രണ്ടുപേരും കൂടിച്ചേര്‍ന്ന് ശരീരം വെട്ടിനുറുക്കി അരിച്ചാക്കില്‍ കെട്ടുകയായിരുന്നു. പിന്നീട് ഹസ്മത് അലിയെയും വിവരം അറിയിച്ചു. സമീപത്തുള്ള കാട്ടിലേക്ക് കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ പൊതിഞ്ഞ് ശരീരഭാഗങ്ങള്‍ വലിച്ചെറിയുകയായിരുന്നു. ജൂഹിക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയമാണ് സജിദിനെ ഇത്തരമൊരു കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മൂന്നു സഹോദരങ്ങളും പൊലീസ് കസ്റ്റഡിയിലാണ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com