പ്രതിപക്ഷ ഐക്യം അധികാരത്തിനായുള്ള അത്യാര്‍ത്തിയെന്ന് മോദി; ഇത്തവണ കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് വിലയിരുത്തല്‍

ദാരിദ്ര്യം തുടച്ചുനീക്കാമെന്ന് വാഗ്ദാനം നല്‍കി രാജ്യത്തെ വഞ്ചിച്ച പ്രതിപക്ഷപ്പാര്‍ട്ടികള്‍ക്ക് സ്വന്തം നിലനില്‍പ്പ് മാത്രമാണ് വിഷയമെന്ന് മോദി കുറ്റപ്പെടുത്തി
പ്രതിപക്ഷ ഐക്യം അധികാരത്തിനായുള്ള അത്യാര്‍ത്തിയെന്ന് മോദി; ഇത്തവണ കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അധികാരത്തോടുള്ള അത്യാര്‍ത്തിയാണ് പ്രതിപക്ഷപാര്‍ട്ടികളെ ഒന്നിച്ചു നിര്‍ത്തുന്നതെന്ന് മോദി പറഞ്ഞു. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിശദീകരിച്ചും പ്രതിപക്ഷ ഐക്യനീക്കങ്ങളെ കടന്നക്രമിച്ചും ബിജെപിയുെട ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് യുപിയില്‍ പ്രധാനമന്ത്രി തുടക്കം കുറിച്ചു.
 
ഭക്തകവി കബീര്‍ദാസിന്റെ സമാധി സ്ഥിതി ചെയ്യുന്ന യുപിയിലെ മഘറില്‍ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പടയോട്ടത്തിന് തുടക്കം കുറിച്ചത്. കബീറിന്റെ 500 ാം ചരമവാര്‍ഷികച്ചടങ്ങില്‍ പങ്കെടുത്ത മോദി കബീര്‍ അക്കാദമിക്ക് തറക്കലിട്ടു. ഹിന്ദുക്കളും മുസ്‌ലിംങ്ങളും ഒരുപോലെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന കബീര്‍ ദാസിന്റെ സമാധിയില്‍ നിന്ന് പ്രചാരണം തുടങ്ങുന്നത് രാഷ്ട്രീയമായി ഏറെ നിര്‍ണായകമാണ്. 

ദാരിദ്ര്യം തുടച്ചുനീക്കാമെന്ന് വാഗ്ദാനം നല്‍കി രാജ്യത്തെ വഞ്ചിച്ച പ്രതിപക്ഷപ്പാര്‍ട്ടികള്‍ക്ക് സ്വന്തം നിലനില്‍പ്പ് മാത്രമാണ് വിഷയമെന്ന് മോദി കുറ്റപ്പെടുത്തി. മുത്തലാഖ് നിരോധനനിയമം പാസാകുന്നത് തടയാന്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍വച്ച് പ്രതിപക്ഷം ശ്രമിച്ചു.  രാമനെക്കുറിച്ചും രാമരാജ്യത്തെക്കുറിച്ചും തന്റെ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെക്കുറിച്ചും മോദി മഘറില്‍ സംസാരിച്ചു. 

2014ല്‍ വാരണാസിയില്‍ നിന്നാണ് മോദിയുടെ പ്രചാരണം തുടങ്ങിയത്. അതേസമയം 2014 ല്‍ തൂത്തൂവാരിയ യുപിയില്‍ ഇത്തവണ കാര്യങ്ങള്‍ കൈവിട്ടമട്ടാണെന്നാണ് ആര്‍ എസ് എസിന്റെ വിലയിരുത്തല്‍. മോശം പ്രകടനം കാഴ്ച്ച വെച്ചുവെന്ന് വിലയിരുത്തലുള്ള എം.പിമാര്‍ക്ക് 2019 ല്‍ ബിജെപി ടിക്കറ്റ് നല്‍കില്ല. ഏതാണ്ട് മുപ്പത്തിയഞ്ച് പേര്‍ പുറത്തിരിക്കേണ്ടിവരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com