മോദി വിദേശ യാത്രയ്ക്കായി മാത്രം ചെലവിട്ടത് 355 കോടി; കണ്ടത് 50 രാജ്യങ്ങള്‍

കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ 165 ദിവസവും നമ്മുടെ പ്രധാനമന്ത്രി  വിദേശത്തായിരുന്നു
മോദി വിദേശ യാത്രയ്ക്കായി മാത്രം ചെലവിട്ടത് 355 കോടി; കണ്ടത് 50 രാജ്യങ്ങള്‍

ന്യൂഡല്‍ഹി: നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് 2014 മെയ് 26നാണ്. ഇതിനിടയില്‍ 41 വിദേശ യാത്രകളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. സന്ദര്‍ശിച്ചത് 50 രാജ്യങ്ങള്‍. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് നരേന്ദ്രമോദി നടത്തിയ വിദേശ യാത്രകളുടെ ചെലവും വിവരങ്ങളും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.  355 കോടി രൂപയാണ് ഇതിന്റെ ചെലവ്. 

കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ 165 ദിവസവും നമ്മുടെ പ്രധാനമന്ത്രി  വിദേശത്തായിരുന്നു.2015 ഏപ്രില്‍ മാസത്തില്‍ ഫ്രാന്‍സ്, ജര്‍മ്മനി, കാനഡ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ നടത്തിയ ത്രിരാഷ്ട്ര യാത്രയാണ് ഏറ്റവും ചെലവേറിയതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒമ്പത് ദിവസങ്ങളായിരുന്നു മോദി യാത്രയ്ക്കായി ചെലവഴിച്ചത്. ഈ യാത്രയ്ക്ക് മാത്രം ചെലവാക്കിയത് 31.25 കോടി രൂപയാണ്. 

യാത്രകളില്‍ ഏറ്റവും ചെലവ് കുറഞ്ഞത് പ്രധാനമന്ത്രിയായ ശേഷം ആദ്യം നടത്തിയ ഭൂട്ടാന്‍ സന്ദര്‍ശനത്തിനാണ് 2.45 കോടി രൂപയായിരുന്നു ഈ യാത്രയുടെ ചെലവ്.ഇത് വിദേശയാത്രകളുടെ മാത്രം ചെലവാണ്. നരേന്ദ്രമോദിയുടെ ഇന്ത്യയ്ക്ക് അകത്തെ യാത്രകള്‍ക്കും സുരക്ഷാ സംവിധാനങ്ങള്‍ക്കുമായി ചെലവാക്കിയ തുക ആവശ്യപ്പെട്ടിട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ലഭ്യമാക്കിയിട്ടില്ലെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ പറഞ്ഞു.  

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്ന എസ്പിജി സംഘത്തിന്റെ പ്രവൃത്തികള്‍ വിവരാവകാശ നിയമത്തിന് പുറത്താണെന്നാണ് പിഎംഒ ഇക്കാര്യത്തില്‍ മറുപടി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com