കാർത്തി ചിദംബരത്തിനെതിരെ ഞെട്ടിക്കുന്ന തെളിവുകൾ ഉണ്ടെന്ന് സിബിഐ; വിദേശയാത്രകൾ തെളിവ് നശിപ്പിക്കാൻ

കാർത്തിക്ക് ബന്ധമുള്ള കമ്പനികൾക്ക് പണം ലഭിച്ചതിന് തെളിവായി ഇൻവോയ്സുകളും ഇ‐മെയിലുകളും പിടിച്ചെടുത്തിട്ടുണ്ടെന്ന് സിബിഐ
കാർത്തി ചിദംബരത്തിനെതിരെ ഞെട്ടിക്കുന്ന തെളിവുകൾ ഉണ്ടെന്ന് സിബിഐ; വിദേശയാത്രകൾ തെളിവ് നശിപ്പിക്കാൻ

ന്യൂഡൽഹി:  ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ അറസ്റ്റിലായ കാർത്തി ചിദംബരത്തിനെതിരെ ഞെട്ടിക്കുന്ന തെളിവുകൾ ഉണ്ടെന്ന് സിബിഐ. ബുധനാഴ്ച രാവിലെ ചെന്നൈയിൽ നിന്നും അറസ്റ്റ് ചെയ്ത കാർത്തിയെ ഡൽഹിയിലെ പട്യാല ഹൗസ് പ്രത്യേക സിബിഐ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്. കാർത്തിയുടെ വിദേശയാത്രകൾ തെളിവ് നശിപ്പിക്കാനാണെന്നും സിബിഐ കോടതിയിൽ ബോധിപ്പിച്ചു. 

അഴിമതിപ്പണം സ്വീകരിച്ച ബാങ്ക് അക്കൗണ്ടുകൾ ക്ലോസ്ചെയ്യാനാണ് അടിക്കടി വിദേശയാത്ര നടത്തിയത്. കാർത്തിക്ക് ബന്ധമുള്ള കമ്പനികൾക്ക് പണം ലഭിച്ചതിന് തെളിവായി ഇൻവോയ്സുകളും ഇരുനൂറോളം ഇ‐മെയിലുകളും പിടിച്ചെടുത്തിട്ടുണ്ടെന്നും സിബിഐക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. കാർത്തിയുടെ ചാർട്ടേർഡ് അക്കൗണ്ടന്റ് എസ് ഭാസ്കര രാമന്റെ കംപ്യൂട്ടറിൽനിന്നാണ് നിർണായക രേഖകൾ ലഭിച്ചത്. റിസർവ്ബാങ്ക് മുൻ ഗവർണർ ഡി സുബ്ബറാവു അടക്കമുള്ള സാക്ഷികൾക്കൊപ്പം ഇരുത്തി കാർത്തിയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സിബിഐ അറിയിച്ചു. 

മൂന്നുമണിക്കൂർവരെ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ കാർത്തിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. അഴിമതിക്കേസിലെ വൻ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്ന സിബിഐയുടെ വാദം കോടതി അം​ഗീകരിച്ചു. ചോദ്യം ചെയ്യലിനായി കാർത്തിയെ അഞ്ചുദിവസം സിബിഐ കസ്റ്റഡിയിൽ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടു. കോൺഗ്രസ് നേതാവ് കൂടിയായ മനു അഭിഷേക് സിങ് വിയുടെ നേതൃത്വത്തിൽ അഭിഭാഷകരുടെ വൻനിരയാണ് കാർത്തിക്ക് വേണ്ടി വാദിക്കാനെത്തിയത്. 

പി ചിദംബരവും ഭാര്യ നളിനി ചിദംബരവും പട്യാല ഹൗസ് കോടതിയിൽ എത്തിയിരുന്നു. മകനുമായി സംസാരിക്കാൻ ഇരുവർക്കും കോടതി പിന്നീട് അനുമതി നൽകി. പേടിക്കേണ്ട, താൻ കൂടെയുണ്ടെന്ന് ചിദംബരം കാർത്തിയോട് പറഞ്ഞു. വീട്ടിൽനിന്നുള്ള ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്ന കാർത്തിയുടെ ആവശ്യം കോടതി തള്ളി.  മതപരമായ കാരണങ്ങളാൽ കൈയിലെ ചെയിനും മോതിരവും ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.

കാർത്തിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റഡിയിൽ വാങ്ങാനിടയുണ്ട്. അതേസമയം കാർത്തിയുടെ ചാർട്ടേർഡ് അക്കൗണ്ടന്റ് എസ് ഭാസ്കര രാമന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി മാറ്റി. ആറുവരെ ഭാസ്കര രാമൻ കസ്റ്റഡിയിൽ തുടരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com