ബിജെപിക്കു തുണയായത് കോണ്‍ഗ്രസിന്റെ വോട്ടു ചോര്‍ച്ച; വോട്ടു ശതമാനം ഇടിഞ്ഞത് മുപ്പത്തിയാറില്‍ നിന്ന് രണ്ടിലേക്ക് 

ബിജെപിക്കു തുണയായത് കോണ്‍ഗ്രസിന്റെ വോട്ടു ചോര്‍ച്ച; വോട്ടു ശതമാനം ഇടിഞ്ഞത് മുപ്പത്തിയാറില്‍ നിന്ന് രണ്ടിലേക്ക് 
ബിജെപിക്കു തുണയായത് കോണ്‍ഗ്രസിന്റെ വോട്ടു ചോര്‍ച്ച; വോട്ടു ശതമാനം ഇടിഞ്ഞത് മുപ്പത്തിയാറില്‍ നിന്ന് രണ്ടിലേക്ക് 

ന്യൂഡല്‍ഹി: ത്രിപുരയില്‍ വന്‍ മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്കു തുണയായത് കോണ്‍ഗ്രസിന്റെ വോട്ടു ചോര്‍ച്ച. ബിജെപിയുടെ വോട്ടു ശതമാനം ഒന്നരയില്‍നിന്ന് നാല്‍പ്പതിനു മുകളിലേക്കു ഉയര്‍ന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സ്വന്തം വോട്ടുകള്‍ ഏതാണ്ട് മുഴുവനായിത്തന്നെ നഷ്ടമായി. രണ്ടു ശതമാനത്തില്‍ താഴെ വോട്ടു മാത്രമാണ്, കഴിഞ്ഞ തവണ മുഖ്യപ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ നേടാനായത്. 

നാല്‍പ്പത്തിയെട്ടു സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് കഴിഞ്ഞ തവണ പത്തിടത്താണ് വിജയം നേടിയത്. സംസ്ഥാനത്ത് ആകെ പോള്‍ ചെയ്തവോട്ടുകളുടെ കണക്കു നോക്കുമ്പോള്‍ 36.53 ശതമാനം വോട്ടാണ് കോണ്‍ഗ്രസ് 2013ല്‍ നേടിയത്. മത്സരിച്ച സീറ്റുകളുടെ എണ്ണം വച്ചു നോക്കുമ്പോള്‍ ഇത് 45 ശതമാനത്തിനും മുകളിലാണ്. ഇത്തവണ പക്ഷേ കോണ്‍ഗ്രസിന് നേടാനായത് രണ്ടു ശതമാനത്തിനു താഴെ വോട്ടുകള്‍ മാത്രമാണ്. 1.9 ശതമാനമാണ്, തെരഞ്ഞെടുപ്പു കമ്മിഷന്റെ പ്രാഥമിക കണക്ക് അനുസരിച്ച് കോണ്‍ഗ്രസിന്റെ വോട്ടു വിഹിതം. അഞ്ചു വര്‍ഷക്കാലയളവു കൊണ്ട് പാര്‍ട്ടു വോട്ടുകള്‍ ഏതാണ് മുഴവനായിതന്നെ ചോര്‍ന്നുപോയി.

ഇത്തവണത്തെ വോട്ടു വിഹിതം (പ്രാഥമിക കണക്ക്)
 

കഴിഞ്ഞ തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച പത്തു പേര്‍ ആദ്യം കൂട്ടത്തോടെ തൃണമൂല്‍ കോണ്‍ഗ്രസിലേക്കും പിന്നീട് ബിജെപിയിലേക്കും ചേരുകയായിരുന്നു. നിയമസഭാ കക്ഷിയെ മൊത്തമായി ബിജെപി പര്‍ച്ചേസ് ചെയ്യുകയായിരുന്നു എന്നാണ് ആക്ഷേപം ഉയര്‍ന്നത്. ഇതിനു പിന്നാലെ പാര്‍ട്ടി നേതാക്കള്‍ ഒന്നൊന്നായി ബിജെപിയില്‍ എത്തുകയും ചെയ്തു. ഇത്തരത്തില്‍ ബിജെപിയില്‍ എത്തിയവരില്‍ നല്ലൊരു പങ്കും സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ചോര്‍ന്ന് എത്തിയത് ബിജെപിയുടെ പെട്ടിയില്‍ തന്നെയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കഴിഞ്ഞ തവണ അന്‍പതു സീറ്റില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥികളില്‍ 49 പേര്‍ക്കും കെട്ടിവച്ച പണം നഷ്ടമാവുകയായിരുന്നു. വോട്ടുവിഹിതം 1.54 ശതമാനം. ഇത്തവണ ബിജെപി വോട്ടുവിഹിതം നാല്‍പ്പത്തിയൊന്നു ശതമാനത്തിനു മുകളിലാണെന്നാണ് കണക്കുകള്‍. കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം മുപ്പത്തിയഞ്ചു ശതമാനത്തോളം ചോര്‍ന്നപ്പോള്‍ ബിജെപിക്കു കൂടിയത് നാല്‍പ്പതു ശതമാനം വോട്ടുകള്‍. ബിജെപി സഖ്യകക്ഷിയായ എന്‍എഫ്പിടി നേടിയത് ഏഴര ശതമാനം വോട്ടുകളാണ്.

2013ലെ വോട്ടുവിഹിതം
 

കഴിഞ്ഞ തവണ 55 സീറ്റില്‍ മത്സരിച്ച് 49 ഇടത്ത് വിജയം നേടിയ സിപിഎം നേടിയത് 48.11 ശതമാനം വോട്ടാണ്. ഇത് ഇത്തവണ നാല്‍പ്പത്തിനാലു ശതമാനത്തിനു മുകളിലാണെന്നാണ് പ്രാഥമിക കണക്കുകള്‍. 44.1 ശതമാനം വോട്ടാണ് സിപിഎം നേടിയിട്ടുള്ളത്. നേടിയ സീറ്റുകളുടെ എണ്ണം കുത്തനെ കുറഞ്ഞെങ്കിലും സിപിഎമ്മിന്റെ വോട്ടു വിഹിതത്തിലുണ്ടായത് നാലു ശതമാനത്തോളം വോട്ടുകളുടെ ഇടിവാണ്. 

കോണ്‍ഗ്രസ് വോട്ടുകള്‍ രണ്ടു ശതമാനത്തില്‍ താഴെയായി കുറഞ്ഞ തെരഞ്ഞെടുപ്പില്‍ നോട്ട നേടിയത് ഒരു ശതമാനത്തിനും മുകളിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com