മോദി തരംഗത്തെ തടഞ്ഞുനിര്‍ത്തി മണിക് ദാ

മോദി തരംഗത്തെ തടഞ്ഞുനിര്‍ത്തി മണിക് ദാ
മോദി തരംഗത്തെ തടഞ്ഞുനിര്‍ത്തി മണിക് ദാ

ന്യൂഡല്‍ഹി: ബിജെപി കേന്ദ്രത്തില്‍ ഭരണം പിടിച്ച ശേഷം രാജ്യത്തു നടന്ന ഒട്ടുമിക്ക തെരഞ്ഞെടുപ്പുകളിലുമെന്ന പോലെ ത്രിപുര തൂത്തുവാരാമെന്ന സംഘപരിവാര്‍ സ്വപ്‌നം തകര്‍ത്തത് മണിക് ദാ എന്ന ത്രിപുര മുഖ്യമന്ത്രി. രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രിയെന്ന് ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിച്ച മണിക് സര്‍ക്കാരിന്റെ ക്ലീന്‍ പ്രതിച്ഛായയായിരുന്നു ബിജെപിക്ക് ത്രിപുരയില്‍ മുന്നേറ്റമുണ്ടാക്കുന്നതിനുള്ള പ്രധാന തടസം. ഇപ്പോള്‍ തെരഞ്ഞെടുപ്പു ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ വ്യക്തമാവുന്നതും അതുതന്നെയാണ്.

ഇരുപത്തഞ്ച് വര്‍ഷമായി തുടരുന്ന സിപിഎം ഭരണം അവസാനിപ്പിച്ച് ത്രിപുരയില്‍ ഭരണം പിടിച്ചെടുക്കാമെന്ന അമിത് ഷായുടെ പദ്ധതിയെ സിപിഎം പ്രതിരോധിച്ചത് മണിക് സര്‍ക്കാരിന്റെ മുന്‍നിര്‍ത്തിയാണ്. ഭരണവിരുദ്ധ വികാരം ഉപയോഗപ്പെടുത്താന്‍ ബിജെപി പരമാവധി ശ്രമിച്ചെങ്കിലും അടിസ്ഥാന മേഖലകള്‍ മണിക് സര്‍ക്കാരിനൊപ്പം ഉറച്ചുനിന്നതായാണ് സൂചനകള്‍. 

വ്യത്യസ്തനായ മുഖ്യമന്ത്രിയെന്നു വിശേഷിപ്പിക്കപ്പെടുന്ന മണിക് സര്‍ക്കാരിന്റെ ലളിത ജീവിതം തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ തന്നെ ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. ശമ്പളമായി ലഭിക്കുന്ന തുക പാര്‍ട്ടിക്ക് നല്‍കി പാര്‍ട്ടി നല്‍കുന്ന 9700 രൂപയിലാണ് അദ്ദേഹം ദൈനംദിന ചെലവുകള്‍ മുന്നോട്ട് കൊണ്ടുപോവുന്നത്.  ഇതിനു പുറമേ അദ്ദേഹത്തിന് ആകെയുള്ളത് 0.0118 ഏക്കര്‍ കാര്‍ഷികേതര ഭൂമിയാണ്. 

സ്വന്തമായി  ഇ-മെയില്‍ അക്കൗണ്ട് പോലുമില്ലാത്ത മണിക് സര്‍ക്കാറിന് സമൂഹമാധ്യമത്തില്‍ സാന്നിധ്യമില്ല. അഞ്ചു തവണ മുഖ്യമന്ത്രിയായ അദ്ദേഹം മൊബൈല്‍ ഫോണ്‍ കൊണ്ടുനടക്കാറില്ലെന്നതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഔദ്യോഗിക വസതിയിലാണു ഭാര്യ പാഞ്ചാലി ഭട്ടാചാര്യയോടൊപ്പം താമസം.  ഔദ്യോഗിക വാഹനം ഉപയോഗിക്കാതെ റിക്ഷയിലാണു പാഞ്ചാലിയുടെ യാത്ര. സര്‍ക്കാര്‍ സര്‍വീസില്‍നിന്നു വിരമിച്ച പാഞ്ചാലിയുടെ കൈവശമുള്ള പണം 20,140 രൂപയാണ്. ഇവരുടെ ബാങ്ക് അക്കൗണ്ടിലുള്ളത് 12,15,714 രൂപ മാത്രമാണ് എന്ന് നാമിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com