നാഗാലാന്‍ഡില്‍ പ്രതിസന്ധി; മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കില്ലെന്ന് സെലിയാംഗ് 

നാഗാലാന്‍ഡില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കി മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കില്ലെന്ന് ടി.ആര്‍.സെലിയാംഗ്.
നാഗാലാന്‍ഡില്‍ പ്രതിസന്ധി; മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കില്ലെന്ന് സെലിയാംഗ് 

കൊഹിമ: നാഗാലാന്‍ഡില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കി മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കില്ലെന്ന് ടി.ആര്‍.സെലിയാംഗ്. ബി.ജെ.പിയുടെ പിന്തുണ തനിക്ക് കിട്ടുമെന്ന് സെലിയാംഗ് പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതോടെ മുന്‍ മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ വീണ്ടും മുഖ്യമന്ത്രിയാക്കി സര്‍ക്കാര്‍ രൂപികരിക്കാനുളള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് തുടക്കത്തിലെ കല്ലുകടിയായി. 

27 സീറ്റ് തന്റെ പാര്‍ട്ടിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ടിനുണ്ട്.അതുകൊണ്ടു തന്നെ ഭരിക്കാനുള്ള അവകാശമുണ്ടെന്ന വാദവുമായാണ് സെലിയാംഗ് രംഗത്തെത്തിയിട്ടുള്ളത്. മുന്‍ സഖ്യകക്ഷിയെന്ന നിലയില്‍ ബിജെപിയെ ഇക്കാര്യം പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയുമെന്ന് സെലിയാംഗ് പ്രത്യാശ പ്രകടിപ്പിച്ചു.  എന്നാല്‍ ബിജെപി നേതൃത്വം ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.  നിലവിലെ മുന്നണി സംവിധാനത്തില്‍ മാറ്റം വരുമെന്നതിനാല്‍ നേത്യത്വം വിഷയത്തെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

60 അംഗ നിയമസഭയില്‍ റിയോ നേതൃത്വം നല്‍കുന്ന എന്‍.ഡി.പി.പി ബി.ജെ.പി സഖ്യം 30 സീറ്റ് നേടിയിരുന്നു. 20 സീറ്റുകളില്‍ മത്സരിച്ച ബിജെപി മാത്രം 11 ഇടങ്ങളില്‍ വിജയിച്ചിരുന്നു. ജെ.ഡി(യു) എം.എല്‍.എയും സ്വതന്ത്രനും പിന്തുണ വാഗ്ദ്ധാനം ചെയ്തതോടെ സഖ്യത്തിന് 32 സീറ്റായി. കേവല ഭൂരിപക്ഷത്തിന് 31 സീറ്റാണ് വേണ്ടിയിരുന്നത്.

റിയോയും ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവും സഖ്യകക്ഷികളും ചേര്‍ന്ന് ഗവര്‍ണര്‍ പി.ബി.ആചാര്യയെ കണ്ട് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചു. സഖ്യകക്ഷികളുടെ പിന്തുണക്കത്തും ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്.

നാഗാലാന്‍ഡില്‍ തിരഞ്ഞെടുപ്പിന് മുന്പ് നാഗാ പീപ്പിള്‍സ് ഫ്രണ്ടുമായുള്ള സഖ്യം വിട്ടാണ് ബി.ജെ.പി എന്‍.ഡി.പി.പിയുമായി സഖ്യമുണ്ടാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com