'ഗോത്രവര്‍ഗക്കാര്‍ക്ക് പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യത്തില്‍ പിന്നോട്ടില്ല' ; ബിജെപിയെ വെട്ടിലാക്കി സഖ്യകക്ഷിയായ ഐപിഎഫ്ടി

സര്‍ക്കാരിന്റെ ഭാഗമാകുമ്പോഴും പ്രത്യേക സംസ്ഥാനം എന്ന ആവശ്യം ഉയര്‍ത്തി  ശക്തമായ പോരാട്ടം തുടരുമെന്ന് ഐപിഎഫ്ടി പ്രസിഡന്റ് എന്‍സി ദേബ് ബര്‍മ
'ഗോത്രവര്‍ഗക്കാര്‍ക്ക് പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യത്തില്‍ പിന്നോട്ടില്ല' ; ബിജെപിയെ വെട്ടിലാക്കി സഖ്യകക്ഷിയായ ഐപിഎഫ്ടി

അഗര്‍ത്തല : ത്രിപുരയില്‍ ചരിത്രവിജയം നേടിയതിന്റെ ആഘോഷങ്ങള്‍ക്ക് ശോഭ കെടുത്തി പ്രത്യേക സംസ്ഥാനമെന്ന വാദവുമായി ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്ടി രംഗത്ത്. ഗോത്രവിഭാഗക്കാര്‍ക്കായി ' ട്വിപ്രാലാന്‍ഡ് ' എന്ന പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ഇന്‍ഡിജീനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര നേതാക്കള്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും തങ്ങള്‍ ഈ ആവശ്യമാണ് മുന്നോട്ടുവെച്ചത്. സര്‍ക്കാരിന്റെ ഭാഗമാകുമ്പോഴും ഈ ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല. പ്രത്യേക സംസ്ഥാനം എന്ന ആവശ്യം ഉയര്‍ത്തി സംഘടന ശക്തമായ പോരാട്ടം തുടരുമെന്നും ഐപിഎഫ്ടി
പ്രസിഡന്റ് എന്‍സി ദേബ് ബര്‍മ പറഞ്ഞു. 

ത്രിപുരയില്‍ ബിജെപി വിജയം നേടിയതിന് പിന്നാലെ, മുഖ്യമന്ത്രിയായി ഗോത്രവര്‍ഗ വിഭാഗക്കാരനെ പരിഗണിക്കണമെന്ന് ഐപിഎഫ്ടി ആവശ്യപ്പെട്ടിരുന്നു. ഗോത്രവിഭാഗക്കാരുടെയും ആദിവാസികളുടെയും പിന്തുണ കൊണ്ടാണ് ബിജെപി -ഐപിഎപ്ടി സഖ്യത്തിന് ത്രിപുരയില്‍ മികച്ച വിജയം നേടാനായത്. ഇക്കാര്യം നേതൃത്വം പരിഗണിക്കണം. പുതിയ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുമ്പോള്‍ ഗോത്രവിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ കണക്കിലെടുക്കണം. അവരെ വഞ്ചിക്കുന്ന നിലപാട് സ്വീകരിക്കരുതെന്നും ദേബ് ബര്‍മ അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് കുമാര്‍ ദേബിനെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി പരിഗണിക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് സഖ്യകക്ഷി, ഗോത്രവര്‍ഗ മുഖ്യമന്ത്രി വേണമെന്ന ആവശ്യമുയര്‍ത്തിയത്. 

ഐപിഎഫ്ടിയുടെ പ്രസ്താവനകളില്‍ അത്ഭുതമില്ലെന്ന് സിപിഎമ്മും കോണ്‍ഗ്രസും പ്രതികരിച്ചു. വിഘടനവാദ സംഘടനയുമായി ബിജെപി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയത് തന്നെ അധികാരനേട്ടത്തിന് വേണ്ടിയാണ്. ഈ സഖ്യം അസ്ഥിരമായിരിക്കും. പ്രത്യേക സംസ്ഥാനത്തിന് വേണ്ടി ഐപിഎഫ്ടി നടത്തുന്ന സമരം സംസ്ഥാനത്ത് ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്നും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് തപസ് ഡേ പ്രതികരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com