'ആര്‍എസ്എസിന് ലെനിന്‍ ചതുര്‍ത്ഥി ആവുന്നത് അവര്‍ നാസിസ്റ്റുകള്‍ ആയതുകൊണ്ടാണ്'

പ്രതിമകള്‍ തകര്‍ക്കപ്പെടാനുള്ളതാണെന്ന ബോധം ആര്‍ എസ് എസിനെപ്പോലുള്ള ഒരു ഫാസിസ്റ്റിക് സംഘടനയുടേതാണ്
'ആര്‍എസ്എസിന് ലെനിന്‍ ചതുര്‍ത്ഥി ആവുന്നത് അവര്‍ നാസിസ്റ്റുകള്‍ ആയതുകൊണ്ടാണ്'

കൊച്ചി: .നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേടാനായ വിജയത്തെത്തുടര്‍ന്ന് ത്രിപുരയിലാകെ സിപിഎം പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം നടക്കുകയാണെന്ന് സിപിഎം പിബി അംഗം എംഎ ബേബി. സിപിഎമ്മുകാരുടെ വീടുകളും പാര്‍ടി ഓഫീസുകളും തകര്‍ക്കുകയാണ്. ഇന്ത്യയിലെ ജനാധിപത്യവാദികളായ എല്ലാവരും ഈ അക്രമത്തെ ചോദ്യം ചെയ്യണം.ഈ അക്രമപരമ്പരയുടെ ഭാഗമായാണ് അഗര്‍ത്തലയ്ക്കടുത്ത് ബെലോണിയയിലെ ലെനിന്‍ പ്രതിമ സംഘപരിവാര്‍ അക്രമികള്‍ തകര്‍ത്തതെന്നും ബേബി പറഞ്ഞു. 

തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ചെയ്തത് തെരഞ്ഞെടുക്കപ്പെട്ട മറ്റൊരു സര്‍ക്കാരിന് തിരിച്ചു ചെയ്യാമെന്ന്. ഭരണഘടനാ പദവികളിലിരിക്കുന്നവരുടെ ജനാധിപത്യബോധം ഇതാണെങ്കില്‍ നമ്മുടെ നാടിന്റെ ജനാധിപത്യം ഇന്ന് നേരിടുന്ന വെല്ലുവിളി വളരെ വലുതാണ്. പ്രതിമകള്‍ തകര്‍ക്കപ്പെടാനുള്ളതാണെന്ന ബോധം ആര്‍ എസ് എസിനെപ്പോലുള്ള ഒരു ഫാസിസ്റ്റിക് സംഘടനയുടേതാണ്. റഷ്യന്‍ പടയാളികള്‍ തോല്പിച്ച ഹിറ്റ്‌ലറുടെ നാസിസത്തില്‍ നിന്ന് പ്രത്യയശാസ്ത്രം സ്വീകരിച്ച ആര്‍ എസ് എസിന് ലെനിന്‍ ചതുര്‍ത്ഥി ആവുന്നത് അവര്‍ നാസിസ്റ്റുകള്‍ ആയതുകൊണ്ടാണെന്നും ബേബി ഫെയ്‌സ്ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം

നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേടാനായ വിജയത്തെത്തുടര്‍ന്ന് ത്രിപുരയിലാകെ സിപിഐഎം പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം നടക്കുകയാണ്. പാര്‍ടി പ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ ആക്രമിക്കുന്നു. സിപിഐഎമ്മുകാരുടെ വീടുകളും പാര്‍ടി ഓഫീസുകളും തകര്‍ക്കുന്നു. ഇന്ത്യയിലെ ജനാധിപത്യവാദികളായ എല്ലാവരും ഈ അക്രമത്തെ ചോദ്യം ചെയ്യണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു

ഈ അക്രമപരമ്പരയുടെ ഭാഗമായാണ് അഗര്‍ത്തലയ്ക്കടുത്ത് ബെലോണിയയിലെ ലെനിന്‍ പ്രതിമ സംഘപരിവാര്‍ അക്രമികള്‍ തകര്‍ത്തത്. ത്രിപുര ഗവര്‍ണറും ബിജെപി നേതാവുമായ തഥാഗത റോയി ഇതിനെ ന്യായീകരിച്ച് ട്വിറ്ററിലൂടെ അഭിപ്രായവും പറഞ്ഞിരിക്കുന്നു. 'What one democratically elected government can do another democratically elected government can undo. And vice versa.' എന്നാണദ്ദേഹം പറഞ്ഞത്. തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ചെയ്തത് തെരഞ്ഞെടുക്കപ്പെട്ട മറ്റൊരു സര്‍ക്കാരിന് തിരിച്ചു ചെയ്യാമെന്ന്. ഭരണഘടനാ പദവികളിലിരിക്കുന്നവരുടെ ജനാധിപത്യബോധം ഇതാണെങ്കില്‍ നമ്മുടെ നാടിന്റെ ജനാധിപത്യം ഇന്ന് നേരിടുന്ന വെല്ലുവിളി വളരെ വലുതാണ്.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം റഷ്യയില്‍ പലയിടത്തും ലെനിന്റെ പ്രതിമകള്‍ തകര്‍ക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ മോസ്‌കോയിലെ മുസോളിയത്തില്‍ ലെനിന്റെ ഭൌതികശരീരം ഇന്നും പൊതുജനങ്ങള്‍ക്ക് കാണാനായി സൂക്ഷിച്ചിരിക്കുന്നു. റഷ്യന്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ ഈയിടെ റഷ്യയില്‍ പോയപ്പോള്‍ മോസ്‌കോയിലും റഷ്യയിലെമ്പാടും നൂറു കണക്കിന് ലെനിന്‍ പ്രതിമകളാണ് കാണാനായത്. അവയെല്ലാം തകര്‍ക്കപ്പെട്ടു എന്നത് തെറ്റായ ധാരണയാണ്. ലെനിന്‍ ഗ്രാഡ് എന്ന് വിളിക്കപ്പെട്ടിരുന്ന പഴയ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിന്റെ പേര് തിരിച്ചാക്കിയെങ്കിലും അടുത്തുള്ള ഒരു ജില്ലക്ക് ഇപ്പോഴും ലെനിന്‍ ഗ്രാഡ് എന്നു തന്നെയാണ് പേര്. സോവിയറ്റ് വിപ്ലവത്തിന് ശേഷമുള്ള ലെനിന്റെ നേതൃത്വത്തിലുള്ള താല്ക്കാലിക ഗവണ്മെന്റ് പ്രവര്‍ത്തിച്ചിരുന്ന സ്‌മോള്‍നി ഇന്‍സ്റ്റിറ്റിയൂട്ട് ഇപ്പോഴും വിപ്ലവത്തിന്റെ സ്മാരകമായി നില്ക്കുന്നു. അവിടെയും ലെനിന്‍ പ്രതിമ ഉണ്ട്. മഹത്തായ സോവിയറ്റ് വിപ്ലവത്തെക്കുറിച്ചുള്ള നിരവധി സ്മാരകങ്ങളും മ്യൂസിയങ്ങളും പ്രതിമകളും ഇന്നും സോവിയറ്റ് യൂണിയന്‍ ആയിരുന്ന സ്ഥലങ്ങളില്‍ കാണാം. അവയെല്ലാം തകര്‍ക്കപ്പെടാനുള്ളവയാണെന്ന ബോധം ആര്‍ എസ് എസിനെപ്പോലുള്ള ഒരു ഫാസിസ്റ്റിക് സംഘടനയുടേതാണ്. റഷ്യന്‍ പടയാളികള്‍ തോല്പിച്ച ഹിറ്റ്‌ലറുടെ നാസിസത്തില്‍ നിന്ന് പ്രത്യയശാസ്ത്രം സ്വീകരിച്ച ആര്‍ എസ് എസിന് ലെനിന്‍ ചതുര്‍ത്ഥി ആവുന്നത് അവര്‍ നാസിസ്റ്റുകള്‍ ആയതുകൊണ്ടാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com