ഇനി ലക്ഷ്യം ദക്ഷിണേന്ത്യ; ത്രിപുരയിലെ തന്ത്രം കര്‍ണാടകയിലും പയറ്റാനൊരുങ്ങി  ബിജെപി 

ആര്‍എസ്എസിന്റെ നേതൃത്വത്തിലാണ് ത്രിപുരയില്‍ പയറ്റിയ ബൂത്ത്തല തന്ത്രം കര്‍ണാടകയിലും പ്രയോഗിക്കാന്‍ ഒരുങ്ങുന്നത്
ഇനി ലക്ഷ്യം ദക്ഷിണേന്ത്യ; ത്രിപുരയിലെ തന്ത്രം കര്‍ണാടകയിലും പയറ്റാനൊരുങ്ങി  ബിജെപി 

ബംഗ്ലൂരു: ത്രിപുരയിലെ മിന്നുന്ന വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ കര്‍ണാടക തെരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപി, സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ ഉപയോഗിച്ച അതേ തന്ത്രം ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തും പ്രയോഗിക്കുന്നു. ആര്‍എസ്എസിന്റെ നേതൃത്വത്തിലാണ് ത്രിപുരയില്‍ പയറ്റിയ ബൂത്ത്തല തന്ത്രം കര്‍ണാടകയിലും പ്രയോഗിക്കാന്‍ ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച സന്നദ്ധത ആര്‍എസ്എസ് നേതൃത്വം ബിജെപിയെ അറിയിച്ചതായാണ് വിവരം.

കര്‍ണാടക തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്  സംസ്ഥാന ആസ്ഥാനമായ ബംഗ്ലൂരുവില്‍ ആര്‍എസ്എസ് അടിയന്തര യോഗം ചേര്‍ന്നു. തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാന്‍ ചേര്‍ന്ന യോഗത്തില്‍ ബൂത്ത് തലം ഏറ്റെടുത്ത് താഴെത്തട്ടില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ ഈ ഉത്തരവാദിത്വം സംഘടന ഏറ്റെടുക്കുന്നതായി ആര്‍എസ്എസ് നേതൃത്വം ബിജെപിയെ അറിയിച്ചു.

ഇക്കാര്യം സ്ഥിരീകരിച്ച ബിജെപി നേതൃത്വം, ആദ്യമായിട്ടാണ് കര്‍ണാടകയില്‍ ആര്‍എസ്എസ് ബൂത്ത്തലത്തില്‍ പ്രവര്‍ത്തനം ഏറ്റെടുക്കുന്നതെന്നും അറിയിച്ചു. തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം കാഴ്ചവെയ്ക്കാന്‍ ആര്‍എസ്എസിന്റെ ശക്തമായ സാന്നിധ്യം ഗുണം ചെയ്യുമെന്ന് ബിജെപി നേതൃത്വം പ്രതീക്ഷ പ്രകടിപ്പിച്ചു.

കോണ്‍ഗ്രസിലെ എല്ലാം നേതാക്കളോടും തങ്ങള്‍ എതിരല്ല. ആര്‍എസ്എസിനെ അധിക്ഷേപിക്കാത്ത നല്ല നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്. എന്നാല്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യത്യസ്തനാണ്. ഒരു കമ്മ്യൂണിസ്റ്റുകാരനെ പോലെയാണ് അദ്ദേഹം പെരുമാറുന്നതെന്ന് ആര്‍എസ്എസ് സംസ്ഥാന നേതൃത്വം ആരോപിക്കുന്നു. 

സിദ്ധരാമയ്യയ്ക്ക് പിന്നില്‍ നിലയുറപ്പിച്ചിരിക്കുന്ന പിന്നോക്കവിഭാഗങ്ങളുടെയും ദളിതുകളുടെയും വോട്ടുകള്‍ വിഘടിപ്പിക്കാന്‍ തന്ത്രങ്ങള്‍ മെനയാന്‍ ബിജെപിയോട് ആര്‍എസ്എസ് നിര്‍ദേശിച്ചു.ബിജെപി അഴിമതിയാരോപണങ്ങള്‍ നേരിടുന്നുണ്ട്. ഇതിനെ മറികടക്കാന്‍ താഴെത്തട്ടിലുളള പ്രവര്‍ത്തനം അനിവാര്യമാണ്. എല്ലാ ആര്‍എസ്എസ് പ്രവര്‍ത്തകരും ബിജെപിക്ക് വോട്ടു ചെയ്യും. എന്നാല്‍ എല്ലാ ബിജെപിക്കാരും ആര്‍എസ്എസുകാര്‍ ആകണമെന്നില്ല. ഇക്കാരണത്താല്‍ എല്ലാ ബൂത്തുകളിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഉണ്ടാകേണ്ടത് ബിജെപിയുടെ വിജയത്തിന് അനിവാര്യമാണെന്ന്് ആര്‍എസ്എസ് വിലയിരുത്തുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com