ടിഡിപിയെ കോണ്‍ഗ്രസ് പാളയത്തിലേക്ക് അടുപ്പിക്കാന്‍ രാഹുല്‍; കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ ആന്ധ്രയ്ക്ക് പ്രത്യേക പദവി 

പ്രത്യേക സംസ്ഥാന പദവിയെ ചൊല്ലി കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുന്ന തെലുങ്കുദേശം പാര്‍ട്ടിയെ കൂടെകൂട്ടാന്‍ കോണ്‍ഗ്രസില്‍ നീക്കം.
ടിഡിപിയെ കോണ്‍ഗ്രസ് പാളയത്തിലേക്ക് അടുപ്പിക്കാന്‍ രാഹുല്‍; കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ ആന്ധ്രയ്ക്ക് പ്രത്യേക പദവി 

ഹൈദരാബാദ്: പ്രത്യേക സംസ്ഥാന പദവിയെ ചൊല്ലി കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുന്ന തെലുങ്കുദേശം പാര്‍ട്ടിയെ കൂടെകൂട്ടാന്‍ കോണ്‍ഗ്രസില്‍ നീക്കം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ടിഡിപി അനുകൂല പ്രസ്താവന ഇതിന്റെ ഭാഗമാണെന്നാണ് സൂചന.

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ തെലുങ്കുദേശം പാര്‍ട്ടിയുടെ ആവശ്യം നിറവേറ്റുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കി. ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കണമെന്നാവശ്യപ്പെട്ട് തെലുങ്കുദേശം പാര്‍ട്ടി പാര്‍ലമെന്റില്‍ പ്രതിഷേധം തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. 

ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കണമെന്നതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നാല്‍ ഇതിന് മുന്തിയ പരിഗണന നല്‍കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.ഇതൊടൊപ്പം നമ്മള്‍ ഒരുമിച്ചുനില്‍ക്കുകയാണെങ്കില്‍ മോദി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി അര്‍ഹതപ്പെട്ടത് വാങ്ങിയെടുക്കാന്‍ കഴിയുമെന്നും രാഹുല്‍ ഗാന്ധി പ്രത്യാശ പ്രകടിപ്പിച്ചു.

ആന്ധ്രാപ്രദേശിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് എന്‍ഡിഎ ഘടകമുന്നണിയായ തെലുങ്കുദേശം പാര്‍ട്ടി മാസങ്ങളായി പ്രതിഷേധത്തിലാണ്. ഇതിനിടയില്‍ മുന്നണി വിട്ടുപോകുമെന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഇടപെട്ട് സമവായത്തിലെത്തിയിരുന്നു. വാഗ്ദാനങ്ങള്‍ ഉടന്‍ നിറവേറ്റുമെന്ന ഉറപ്പിന്മേലായിരുന്നു ഈ അനുരഞ്ജന ചര്‍ച്ച. 

തുടര്‍ന്നും കേന്ദ്രത്തില്‍ നിന്നും വേണ്ട ഇടപെടല്‍ ഇല്ലാത്ത പശ്ചാത്തലത്തിലാണ് വീണ്ടും പ്രക്ഷോഭ പാതയിലേക്ക് ടിഡിപി കടന്നത്. സംസ്ഥാനം രൂപികരിക്കുന്ന സമയത്ത് നല്‍കിയ വാഗ്ദാനങ്ങല്‍ പാലിച്ചിരുന്നുവെങ്കില്‍ ആന്ധ്രാപ്രദേശിന്റെ വികസനത്തില്‍ വലിയ കുതിച്ചുച്ചാട്ടം ഉണ്ടാകുമായിരുന്നുവെന്നാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ചൂണ്ടികാണിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com