പിത്രോഡയും ദ്വിവേദിയും വേണ്ട ; രാജ്യസഭയിലേക്ക് കന്നഡിഗര്‍ മതിയെന്ന് രാഹുലിനോട് സിദ്ധരാമയ്യ

ഈ മാസം 23 ന് നടക്കുന്ന രാജ്യസഭാതെരഞ്ഞെടുപ്പില്‍ കര്‍ണാടയില്‍ നാലു സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്
പിത്രോഡയും ദ്വിവേദിയും വേണ്ട ; രാജ്യസഭയിലേക്ക് കന്നഡിഗര്‍ മതിയെന്ന് രാഹുലിനോട് സിദ്ധരാമയ്യ

ബംഗളൂരു : കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാതെരഞ്ഞെടുപ്പില്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥികളെ വേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് സംസ്ഥാനത്ത് അടുത്ത് നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കന്നഡിഗരെ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് ആവശ്യപ്പെട്ടത്. കര്‍ണാടകയില്‍ അടുത്തുതന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് കന്നഡ വികാരം ലക്ഷ്യമിട്ട് സിദ്ധരാമയ്യ ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. 

ഈ മാസം 23 ന് നടക്കുന്ന രാജ്യസഭാതെരഞ്ഞെടുപ്പില്‍ കര്‍ണാടയില്‍ നാലു സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ രണ്ട് സീറ്റുകള്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് നേടാനാകും. ഒരെണ്ണം ബിജെപിക്കും ലഭിക്കും. നാലാമത്തെ സീറ്റില്‍ ജനതാദള്‍ എസും കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം. നാലാമത്തെ സീറ്റ് ജെഡിഎസിന് നല്‍കേണ്ടെന്നാണ് സിദ്ധരാമയ്യയുടെ തീരുമാനം. പകരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ആലോചന. 

2016 ല്‍ കോണ്‍ഗ്രസ് മൂന്നുസീറ്റിലേക്കും മല്‍സരിച്ചിരുന്നു. ജെഡിഎസ് വിമത എംഎല്‍എയുടെ പിന്തുണയോടെ കോണ്‍ഗ്രസ് മൂന്നും വിജയിക്കുകയും ചെയ്തിരുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും, ദലിത് വിഭാഗത്തില്‍ നിന്നും, ലിംഗായത്ത് വിഭാഗത്തില്‍ നിന്നും ഓരോരുത്തരെ മല്‍സരിപ്പിക്കാനാണ് സിദ്ധരാമയ്യയുടെ ആലോചന. 

കര്‍ണാടക വഴി രാജ്യസഭയിലേക്ക് മല്‍സരിക്കാന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ ജനാര്‍ദ്ദന്‍ ദ്വിവേദി, മീരാ കുമാര്‍, ടെക്‌നോക്രാറ്റ് സാം പിത്രോഡ തുടങ്ങിയവര്‍ കരുക്കള്‍ നീക്കിയിരുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായുള്ള ബന്ധം മുന്‍നിര്‍ത്തി ഇതിനുള്ള കരുക്കള്‍ നീക്കിയ ഇവര്‍ക്ക് കനത്ത തിരിച്ചടിയാണ് സിദ്ധരാമയ്യയുടെ നിര്‍ദേശം. 

മുന്‍കേന്ദ്രമന്ത്രി കെ റഹ്മാന്‍ ഖാനാണ് സ്ഥാനമൊഴിയുന്ന ഒരു കോണ്‍ഗ്രസ് എംപി. നാലു തവണ എംപിയായ റഹ്മാന്‍ കാന്‍ അഞ്ചാമൂഴത്തിനായി ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ റഹ്മാന് പകരം കര്‍ണാടക മന്ത്രിയായ കെ റോഷന്‍ ബെയ്ഗിനെ മല്‍സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ താല്‍പ്പര്യം. വിവിധ പാര്‍ട്ടികളുടെ പിന്തുണയോടെ മല്‍സരിച്ച രാജീവ് ചന്ദ്രശേഖര്‍ ബിജെപി ടിക്കറ്റിനായി ശ്രമം ഊര്‍ജ്ജിതമാക്കിയതായും റിപ്പോര്‍ട്ടുണ്ട്. 

രാജീവ് ചന്ദ്രശേഖറിന്റെയും ബിസിനസുകാരന്‍ വിജയ സംഘേശ്വറിന്റെയും പേരുകളാണ് ബിജെപി സംസ്ഥാന നേതൃത്വം രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തിനായി കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലേക്ക് അയച്ചിട്ടുള്ളത്. ജെഡിഎസ് മംഗളൂരുവിലെ വ്യവസായി ബിഎം ഫറൂഖിനെ മല്‍സരിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com