പാര്‍ട്ടിയില്‍ സമ്പൂര്‍ണ ആധിപത്യത്തിനായി രാഹുല്‍, പ്രവര്‍ത്തക സമിതിയിലേക്ക് നോമിനേഷന്‍ ഒഴിവാക്കും ; എതിര്‍പ്പുമായി സീനിയര്‍ നേതാക്കള്‍

സോണിയാഗാന്ധി 19 വര്‍ഷവും നോമിനേഷനിലൂടെയാണ് പ്രവര്‍ത്തകസമിതി പുനസംഘടിപ്പിച്ചിരുന്നതെന്ന് മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു
പാര്‍ട്ടിയില്‍ സമ്പൂര്‍ണ ആധിപത്യത്തിനായി രാഹുല്‍, പ്രവര്‍ത്തക സമിതിയിലേക്ക് നോമിനേഷന്‍ ഒഴിവാക്കും ; എതിര്‍പ്പുമായി സീനിയര്‍ നേതാക്കള്‍

ന്യൂഡല്‍ഹി : കോണ്‍ഗ്രസില്‍ സമ്പൂര്‍ണ ആധിപത്യം ഉറപ്പാക്കുക ലക്ഷ്യമിട്ട് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ഇതിന്റെ ഭാഗമായി പാര്‍ട്ടി നയരൂപീകരണ വേദിയായ പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്താനാണ് രാഹുലിന്റെ തീരുമാനം. എന്നാല്‍ ഈ നീക്കത്തിന് ശക്തമായ എതിര്‍പ്പ് ഉയരുന്നതും പാര്‍ട്ടിയില്‍ നിന്ന് തന്നെയാണ്. പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നത് ഏതുവിധേനയും തടയുക എന്ന ലക്ഷ്യത്തിലാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍. 

ഡിസംബറില്‍ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ രാഹുല്‍ഗാന്ധി ഇതുവരെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചിട്ടില്ല. പ്രവര്‍ത്തക സമിതിയിലേക്ക് മല്‍സരത്തിലൂടെ നേതാക്കളെ തെരഞ്ഞെടുക്കാമെന്നാണ് രാഹുലിന്റെ മനസ്സിലിരുപ്പ്. പ്രവര്‍ത്തക സമിതിയിലെ 12 പേരെ തെരഞ്ഞെടുപ്പിലും, ബാക്കിയുള്ളവരെ നോമിനേഷനിലൂടെയും ഉള്‍പ്പെടുത്താനാണ് രാഹുലിന്റെ ആലോചന. 

കോണ്‍ഗ്രസ് ഭരണഘടന അനുസരിച്ച് 10 അംഗങ്ങളെ പ്രതിനിധികളില്‍ നിന്ന് തെരഞ്ഞെടുക്കണം. 10 പേരെ പ്രസിഡന്റിന് നോമിനേറ്റ് ചെയ്യാം. ക്ഷണിതാക്കള്‍ അടക്കം പ്രവര്‍ത്തക സമിതി അംഗസംഖ്യ 20 ല്‍ കൂടരുതെന്നും ഭരണഘടന നിര്‍ദേശിക്കുന്നു. ഭരണ ഘടന അനുശാസിക്കുന്നത് പ്രകാരം തെരഞ്ഞെടുപ്പിലൂടെ നേത്വത്വ നിര പുനഃസംഘടിപ്പിക്കാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. 

അതേസമയം സോണിയാഗാന്ധി അധ്യക്ഷയായിരുന്ന 19 വര്‍ഷവും നോമിനേഷനിലൂടെയാണ് പ്രവര്‍ത്തകസമിതി പുനസംഘടിപ്പിച്ചിരുന്നതെന്ന് മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഈ രീതി തന്നെ പിന്തുടര്‍ന്നാല്‍ മതിയെന്നാണ് ഇവരുടെ നിലപാട്. മുമ്പ് 1992 ല്‍ പിവി നരസിംഹ റാവുവും, 1997 ല്‍ സീതാറാം കേസരിയും കോണ്‍ഗ്രസ് പ്രസിഡന്റുമാരായിരുന്നപ്പോഴാണ് പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. അന്ന് നരസിംഹറാവുവിനും കേസരിക്കും പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുണ്ടായിരുന്നു. ഇതാണ് പ്രവര്‍ത്തകസമിതിയിലേക്ക് മല്‍സരത്തിന് വഴിതെളിച്ചത്. 

എന്നാല്‍ രാഹുല്‍ഗാന്ധിയെ ഏകകണ്ഠമായാണ് പ്രസിഡന്റായി തെരഞ്ഞെടുത്തിട്ടുള്ളതെന്നും, ഇലക്ഷനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പ് സംബന്ധിച്ച് അടുത്ത ആഴ്ചയോടെ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. അതിനിടെ പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്ത്, പ്രവര്‍ത്തക സമിതി മുതല്‍ താഴേത്തലം വരെ 25 ശതമാനം പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണം എന്ന നിര്‍ദേശവും രാഹുല്‍ഗാന്ധിയുടെ പരിഗണയിലുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com