ഭയ്യാജി ജോഷിയും രാം ലാലും മാറിയേക്കും; ബിജെപിയില്‍ ആകാംക്ഷ ഉയര്‍ത്തി ആര്‍എസ്എസില്‍ നേതൃമാറ്റം വരുന്നു

മോഹന്‍ ഭഗവതിന് പിന്നില്‍ സംഘടനയുടെ രണ്ടാമന്‍ ആര് എന്ന് ചോദ്യം സജീവ ചര്‍ച്ചയാകുന്നു
ഭയ്യാജി ജോഷിയും രാം ലാലും മാറിയേക്കും; ബിജെപിയില്‍ ആകാംക്ഷ ഉയര്‍ത്തി ആര്‍എസ്എസില്‍ നേതൃമാറ്റം വരുന്നു

ന്യൂഡല്‍ഹി: പരിവാര്‍ സംഘടനകളെയെല്ലാം വിളിച്ച് ചേര്‍ത്ത് ആര്‍എസ്എസ് സംഘടിപ്പിക്കുന്ന അഖില്‍ ഭാരതീയ പ്രതിനിധി സഭയ്ക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, മോഹന്‍ ഭഗവതിന് പിന്നില്‍ സംഘടനയുടെ രണ്ടാമന്‍ ആര് എന്ന് ചോദ്യം സജീവ ചര്‍ച്ചയാകുന്നു. ആര്‍എസ്എസിന്റെ രാഷ്ട്രീയ മുഖമായ ബിജെപിയുമായി സംഘം നിരന്തരം സമ്പര്‍ക്കം നടത്തുന്നത് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി അഥവാ സര്‍കാര്യവാഹുമായാണ്. അതുകൊണ്ടുതന്നെ സംഘടനയുടെ രണ്ടാമനെ നിര്‍ണയിക്കുന്ന സമ്മേളനത്തെ ബിജെപിയും ഏറേ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

നിലവിലെ സര്‍കാര്യവാഹ് ഭയ്യാജി ജോഷിയുടെ മൂന്നുവര്‍ഷ കാലാവധി അവസാനിക്കുകയാണ്. 2009 ല്‍ സര്‍കാര്യവാഹ് പദവിയിലേക്ക് ഉയര്‍ന്ന ഭയ്യാജി ജോഷി തുടര്‍ച്ചയായി മൂന്നുതവണയാണ് ഈ പദവിയിലേക്ക്് തെരഞ്ഞടുക്കപ്പെട്ടത്. ഇത്തവണ പുതിയ വ്യക്തി പദവിയിലേക്ക് വരുമെന്നാണ് സൂൂചന. എന്നാല്‍ ഭയ്യാജി ജോഷി തന്നെ തല്‍സ്ഥാനത്ത് തുടരുമോയെന്ന ചോദ്യങ്ങള്‍ക്ക് നേതൃത്വം നിശബ്ദത പാലിക്കുകയാണ്. 

ഭയ്യാജി ജോഷി മാറുകയാണെങ്കില്‍ സര്‍കാര്യവാഹ് സ്ഥാനത്തേയ്ക്ക് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്നത് നിലവിലെ ജോയിന്റ് ജനറല്‍ സെക്രട്ടറിയായ ദത്താത്രേയ ഹൊസബലയ്ക്കാണ്്. കര്‍ണാടക സ്വദേശിയായ ദത്താത്രേയ ഹൊസബല എന്ന ആര്‍എസ്എസ് പ്രചാരക് എബിവിപിയിലുടെയാണ് ഉയര്‍ന്നുവന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധമുളളയാളാണ് ദത്താത്രേയ ഹൊസബല. മോദിയുടെ സമ്മര്‍ദഫലമായി ദത്താത്രേയ ഹൊസബലയെ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയായി അവരോധിക്കുമോയെന്നാണ് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്. 

സര്‍സംഘ്ചാലക് കഴിഞ്ഞാല്‍ ആര്‍എസ്എസിലെ ഏറ്റവും പരമോന്നത പദവിയാണ് സര്‍കാര്യവാഹ്.  ആര്‍എസ്എസിന്  കീഴിലുളള പോഷക സംഘടനകളെയും മറ്റു പരിവാര്‍ സംഘടനകളെ നിയന്ത്രിക്കുന്നതും സര്‍കാര്യവാഹ് ആണ്.

മുന്‍പ് കെ എസ് സുദര്‍ശന്‍ ആര്‍എസ്എസ് മേധാവിയായിരുന്ന സമയത്ത് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി പദവിയില്‍ മോഹന്‍ ഭഗവത് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  

അതേസമയം ബിജെപിയെ ആര്‍എസ്എസുമായി ബന്ധിപ്പിക്കുന്ന മറ്റൊരു പ്രധാന കണ്ണിയായ ബിജെപിയുടെ സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനമാണ് എല്ലാവരും ഉറ്റുനോക്കുന്ന മറ്റൊരു പദവി. നീണ്ടകാലമായി ഈ സ്ഥാനം കൈകാര്യം ചെയ്യുന്നത് രാം ലാല്‍ ആണ്. ഇത്തവണ ഇവിടെയും മാറ്റം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകിനെ ഡ്പ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഈ പദവിയിലേക്ക് നിയോഗിക്കുകയാണ് പതിവ്. കെ എന്‍ ഗോവിന്ദാചാര്യ, നരേന്ദ്രമോദി, സഞ്ജയ് ജോഷി, തുടങ്ങിയവര്‍ ഈ പദവി അലങ്കരിച്ചവരാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com