ബംഗാളില്‍ സിപിഎമ്മിന് തിരിച്ചടി; കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ ധാരണ

കോണ്‍ഗ്രസ് ധാരണയോടെ രാജ്യസഭയിലേക്ക് പ്രതിനിധിയെ അയക്കാനുളള സിപിഎം ബംഗാള്‍ ഘടകത്തിന്റെ ശ്രമത്തിന് തിരിച്ചടി.
ബംഗാളില്‍ സിപിഎമ്മിന് തിരിച്ചടി; കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ ധാരണ

കൊല്‍ക്കത്ത: കോണ്‍ഗ്രസ് ധാരണയോടെ രാജ്യസഭയിലേക്ക് പ്രതിനിധിയെ അയക്കാനുളള സിപിഎം ബംഗാള്‍ ഘടകത്തിന്റെ ശ്രമത്തിന് തിരിച്ചടി. ബംഗാളില്‍നിന്ന് രാജ്യസഭയിലേക്കുള്ള അഞ്ചുസീറ്റുകളിലൊന്നില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കാന്‍ തയ്യാറാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി പ്രഖ്യാപിച്ചു.

പാര്‍ട്ടിയുടെ ഉന്നതാധികാരസമിതി യോഗത്തിനുശേഷമാണ് മമതയുടെ പ്രഖ്യാപനമുണ്ടായത്. ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച അഭിഷേക് സിംഘ്‌വിയുടെ ജയം ഇതോടെ ഉറപ്പായി.ഇടതുമുന്നണിയുമായി ഉഭയകക്ഷിചര്‍ച്ച നടന്നുവരുന്നതിനിടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. 

കോണ്‍ഗ്രസിന്റെ ഏകപക്ഷീയനടപടിയില്‍ പ്രതിഷേധിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം രബീണ്‍ ദേബിനെ സ്ഥാനാര്‍ഥിയാക്കുമെന്ന് ഇടതുമുന്നണി അറിയിച്ചു.നദിമുള്‍ ഹഖ്, സുഭാശിഷ് ചക്രവര്‍ത്തി, ആബിര്‍ ബിശ്വാസ്, ശന്തനു സെന്‍ എന്നിവരാണ് രാജ്യസഭയിലേക്കുള്ള തൃണമൂല്‍ സ്ഥാനാര്‍ഥികള്‍.

ഉഭയസമ്മതത്തോടെ ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യം കോണ്‍ഗ്രസും ഇടതുമുന്നണിയും ചര്‍ച്ചചെയ്തുവരികയായിരുന്നുവെന്ന് ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബോസ് പത്രക്കുറിപ്പില്‍ പറഞ്ഞു. വിദ്യാഭ്യാസ വിചക്ഷണനോ സാമൂഹികസേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന ആളോ ആയ സ്ഥാനാര്‍ഥിയെ കണ്ടെത്താനായിരുന്നു ശ്രമം. എന്നാല്‍, അതിനിടെ ഏകപക്ഷീയമായാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ന്യൂഡല്‍ഹിയില്‍നിന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തില്‍ സ്വന്തംസ്ഥാനാര്‍ഥിയെ നിര്‍ത്തുകയെന്നതല്ലാതെ മറ്റൊരു പോംവഴിയും മുന്നിലില്ല ബോസ് പത്രക്കുറിപ്പില്‍ വിശദീകരിച്ചു.

ബംഗാളില്‍ ബി.ജെ.പി.യുടെ ഭീഷണി ശക്തമാകുന്നത് കണക്കിലെടുത്താണ് തൃണമൂല്‍ അധ്യക്ഷ മമതാ ബാനര്‍ജി രാഷ്ട്രീയതന്ത്രം മാറ്റിക്കളിക്കുന്നതെന്നാണ് സൂചന. കോണ്‍ഗ്രസിനെ ഒപ്പംകൂട്ടിക്കൊണ്ട് ദേശീയതലത്തില്‍ രൂപപ്പെടുത്തുന്ന പ്രതിപക്ഷ ഐക്യനിരയില്‍ ഒപ്പംനില്‍ക്കാനാണ് ഇതിലൂടെ മമത ശ്രമിക്കുന്നത്. 

സീതാറാം യെച്ചൂരിയെ സ്ഥാനാര്‍ഥിയാക്കാമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനം നിരസിക്കേണ്ടിവന്ന ഇടതുപക്ഷത്തിന് പുതിയ സംഭവവികാസം കൂടുതല്‍ ക്ഷീണമുണ്ടാക്കും. ഇടതുപിന്തുണയോടുകൂടി സ്വതന്ത്രന്‍ എന്ന സൗഹാര്‍ദസമീപനം കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ ചൗധരി സ്വീകരിച്ചെങ്കിലും ഹൈക്കമാന്‍ഡ് ഇതിനോട് യോജിച്ചില്ലെന്നാണ് സൂചന. ന്യൂഡല്‍ഹിക്ക് പോകുംമുന്‍പ് പ്രതിപക്ഷനേതാവ് അബ്ദുള്‍ മന്നാന്‍ മമതയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അപ്പോഴും അഞ്ചാംസീറ്റിലും വേണ്ടിവന്നാല്‍ മത്സരിക്കുമെന്നും കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിപ്പിച്ചുജയിക്കാന്‍ ശ്രമിക്കുമെന്നുമായിരുന്നു തൃണമൂലിന്റെ പരസ്യസമീപനം. അപ്രതീക്ഷിതമായാണ് ഇടതുമുന്നണിയെ തളര്‍ത്തിക്കൊണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വപ്രഖ്യാപനം നടത്തിയതും തൊട്ടുപിന്നാലെ മമത പരസ്യപിന്തുണ പ്രഖ്യാപിച്ചതും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com