ആർഎസ്എസ് ജനറൽ സെക്രട്ടറി പദത്തിൽ സുരേഷ് 'ഭയ്യാജി' ജോഷിക്ക് നാലാമൂഴം ; ശാഖകളിലും പ്രവർത്തനങ്ങളിലും മുന്നേറ്റമെന്ന് പ്രവർത്തന റിപ്പോർട്ട്

കഴിഞ്ഞവര്‍ഷം 36,729 സ്ഥലങ്ങളില്‍ 57,185 ശാഖകളാണ് ഉണ്ടായിരുന്നത്. അത് 37,248 സ്ഥലങ്ങളിലായി 58,962 ശാഖകളായി വർധിച്ചു
ആർഎസ്എസ് ജനറൽ സെക്രട്ടറി പദത്തിൽ സുരേഷ് 'ഭയ്യാജി' ജോഷിക്ക് നാലാമൂഴം ; ശാഖകളിലും പ്രവർത്തനങ്ങളിലും മുന്നേറ്റമെന്ന് പ്രവർത്തന റിപ്പോർട്ട്

നാഗ്പൂര്‍: ആര്‍എസ്എസ് ജനറൽ സെക്രട്ടറിയായി സുരേഷ് ജോഷിയെ (ഭയ്യാജി ജോഷി)  വീണ്ടും തെരഞ്ഞെടുത്തു. നാഗ്പൂരില്‍ നടക്കുന്ന ആര്‍എസ്എസ് അഖില ഭാരതിയ പ്രതിനിധി സഭയാണ് ജനറൽ സെക്രട്ടറിയായി ഭയ്യാജി ജോഷിയെ നിലനിർത്താൻ തീരുമാനിച്ചത്. കഴിഞ്ഞ ഒമ്പതുവർഷമായി ഭയ്യാജി ജോഷി ജനറൽ സെക്രട്ടറിയായി തുടരുകയാണ്. അദ്ദേഹത്തെ മൂന്നു വർഷത്തേക്ക് കൂടി ഈ പദവിയിൽ നിലനിർത്താൻ തീരുമാനിച്ചതായി ആർഎസ്എസ്  പ്രചാർ പ്രമുഖ് മൻമോഹൻ വൈദ്യ അറിയിച്ചു. 

ആര്‍എസ്എസ് മധ്യക്ഷേത്ര സംഘ ചാലക് അശോക് സോണിയായിരുന്നു വരണാധികാരി. പശ്ചിമ ക്ഷേത്ര സംഘചാലക് ഡോ. ജയന്തി ഭായ് ബഡേസിയയാണ് ഭയ്യാജി ജോഷിയുടെ പേര് നിര്‍ദ്ദേശിച്ചത്. മറ്റൊരു പേരും ജനറൽ സെക്രട്ടറി പദത്തിലേക്ക് ഉയർന്നില്ലെന്ന് വൈദ്യ വ്യക്തമാക്കി. നേരത്തെ മോദിയുടെ വിശ്വസ്തനായ ദത്താത്രേയ ഹൊസബലെ ജനറൽ സെക്രട്ടറിയാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 

2009ല്‍ സര്‍കാര്യവാഹായ, എഴുപതുകാരനായ ഭയ്യാജി ജോഷി തുടര്‍ച്ചയായി നാലാം തവണയാണ് ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. മൂന്നു വര്‍ഷമാണ് കാലാവധി. 2021 വരെ അദ്ദേഹം ജനറൽ സെക്രട്ടറി പദത്തിൽ  തുടരും. ആർഎസ്എസ് സഹസര്‍കാര്യവാഹായും അഖില ഭാരതീയ സേവാപ്രമുഖായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

1947ല്‍ ഇന്‍ഡോറിലാണ് സുരേഷ് ജോഷിയുടെ ജനനം.  മുംബൈ സര്‍വ്വകലാശാലയില്‍ നിന്ന് ബിഎ ബിരുദം നേടി. 1975ല്‍ ആർഎസ്എസ് പ്രചാരകനായി. അടിയന്തരാവസ്ഥക്കാലത്ത് ഒളിവില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 77ല്‍ താനെ ജില്ലാ പ്രചാരകനായി. 90ല്‍ നാസിക് വിഭാഗ് പ്രചാരകന്‍. 90 മുതല്‍ 95വരെ മഹാരാഷ്ട്രയില്‍ സേവാപ്രമുഖ്. 97ല്‍ അഖില ഭാരതീയ സഹസേവാപ്രമുഖായി. 98ല്‍ സേവാപ്രമുഖായ സുരേഷ് ജോഷി 2003ല്‍ സഹസര്‍കാര്യവാഹായി. സംഘത്തിന്റെ സേവാ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടു പതിറ്റാണ്ടോളം ചുക്കാന്‍ പിടിച്ച അദ്ദേഹം 2009 മാര്‍ച്ച് 23നാണ് സര്‍കാര്യവാഹായത്.

രാജ്യത്ത് ആര്‍എസ്എസ് ശാഖകളില്‍  കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വന്‍വര്‍ധന ഉണ്ടായതായി ജനറൽ സെക്രട്ടറി സുരേഷ് ജോഷി പ്രവർത്തന റിപ്പോർട്ടിൽ വ്യക്തമാക്കി.  കഴിഞ്ഞവര്‍ഷം 36,729 സ്ഥലങ്ങളില്‍ 57,185 ശാഖകളാണ് ഉണ്ടായിരുന്നത്. അത് 37,248 സ്ഥലങ്ങളിലായി 58,962 ശാഖകളായി വർധിച്ചു. 16,405 സ്ഥലങ്ങളില്‍ പ്രതിവാര പ്രവര്‍ത്തനവും 7,973 സ്ഥലങ്ങളില്‍ പ്രതിമാസ പ്രവര്‍ത്തനവും നടക്കുന്നുണ്ട്. പ്രവര്‍ത്തകര്‍ക്ക് വിവിധ ഘട്ടങ്ങളിലായി നല്‍കുന്ന പരിശീലനങ്ങളിലെ പങ്കാളിത്തത്തിലും നല്ല മുന്നേറ്റമുണ്ടായി. 86 പരിശീലന വര്‍ഗുകളിലായി 24,139 പേര്‍ പങ്കെടുത്തു. 21,905 സ്ഥലങ്ങളില്‍ സേവാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും റിപ്പോർട്ട് അവകാശപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com