കര്‍ഷക റാലി അഞ്ച് ദിവസം കൊണ്ട് മുംബൈയിലെത്തി: ഗതാഗതം തിരിച്ചുവിട്ടു

കര്‍ഷക റാലിയെത്തുടര്‍ന്ന് പോലീസ് പലസ്ഥലത്തും ഗതാഗതം വഴിതിരിച്ചു വിട്ടു. 
കര്‍ഷക റാലി അഞ്ച് ദിവസം കൊണ്ട് മുംബൈയിലെത്തി: ഗതാഗതം തിരിച്ചുവിട്ടു

മുംബൈ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുള്ള 35,000 ത്തോളം കര്‍ഷകര്‍ പങ്കെടുക്കുന്ന റാലി മുംബൈ നഗരത്തിലെത്തി. അഞ്ച് ദിവസംകൊണ്ട് 180 ഓളം കിലോമീറ്റര്‍ കാല്‍നടയായി പിന്നിട്ടാണ് കര്‍ഷകര്‍ നഗരത്തില്‍ എത്തിയത്. കര്‍ഷക റാലിയെത്തുടര്‍ന്ന് പോലീസ് പലസ്ഥലത്തും ഗതാഗതം വഴിതിരിച്ചു വിട്ടു. 

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ തിങ്കളാഴ്ച നിയമസഭാ മന്ദിരം ഉപരോധിക്കാനാണ് കര്‍ഷകരുടെ നീക്കം. കാര്‍ഷിക കടം എഴുതിത്തള്ളുക, വനഭൂമി കര്‍ഷകര്‍ക്ക് കൈമാറുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് കര്‍ഷക മാര്‍ച്ച്.

ഈസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയിലൂടെയാണ് കര്‍ഷകര്‍ നീങ്ങുന്നത്. സൗത്ത് മുംബൈയിലേക്ക് പോകുന്നവര്‍ ഈസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയിലൂടെ സഞ്ചരിക്കുന്നത് ഒഴിവാക്കി എല്‍ബിഎസ് റോഡ്, സിയോണ്‍  പന്‍വേല്‍ റോഡ്, താനെ  ബെലാപുര്‍ റോഡ് എന്നിവ ഉപയോഗിക്കണമെന്ന് മുംബൈ പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഈസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയില്‍ ഞായറാഴ്ച വലിയ വാഹനങ്ങള്‍ക്ക് ഭാഗികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അക്രമ സംഭവങ്ങള്‍ ഒഴിവാക്കാന്‍ വന്‍ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. രണ്ട് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍മാരുടെയും ആറ് അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെയും നേതൃത്വത്തിലാണ് പോലീസിനെ വിന്യസിച്ചിട്ടുള്ളത്. ബിജെപി നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചുവെന്നാണ് അഖിലേന്ത്യാ കിസാന്‍ സഭ ആരോപിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com