ജേര്‍ണലിസ്റ്റുകളുടെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ത്രിപുര സര്‍ക്കാര്‍ ; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വര്‍ധന പഠിക്കാന്‍ ഉന്നത തല സമിതി

ജേര്‍ണലിസ്റ്റുകളായ ശന്തനു ഭൗമിക്, സുദീപ് ദത്ത ഭൗമിക് എന്നിവരുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണമാണ് സിബിഐക്ക് വിട്ടത്
ജേര്‍ണലിസ്റ്റുകളുടെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ത്രിപുര സര്‍ക്കാര്‍ ; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വര്‍ധന പഠിക്കാന്‍ ഉന്നത തല സമിതി

അഗര്‍ത്തല : രണ്ട് ജേര്‍ണലിസ്റ്റുകളുടെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ത്രിപുരയിലെ ബിജെപി സര്‍ക്കാര്‍. ജേര്‍ണലിസ്റ്റുകളായ ശന്തനു ഭൗമിക്, സുദീപ് ദത്ത ഭൗമിക് എന്നിവരുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണമാണ് സിബിഐക്ക് വിട്ടത്. ഇതടക്കം നിരവധി തീരുമാനങ്ങളാണ് ബിപ്ലബ് കുമാര്‍ ദേബ് മന്ത്രിസഭ എടുത്തത്. 

ത്രിപുരയിലെ പ്രാദേശിക പത്രത്തിലെ ജേര്‍ണലിസ്റ്റായ സുദീപ് ഭൗമിക് കഴിഞ്ഞ നവംബര്‍ 21നാണ് ത്രിപുര സ്റ്റേറ്റ് റൈഫിള്‍സ് ബറ്റാലിയന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് വെടിയേറ്റ് മരിച്ചത്. ഇപ്പോള്‍ ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്ടി നടത്തിയ പ്രതിഷേധ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കഴിഞ്ഞ സംപ്തംബര്‍ 20 നാണ് അഗര്‍ത്തലയ്ക്ക് സമീപം മണ്ഡായില്‍ വെച്ച് ശന്തനു ഭൗമിക് ആക്രമിക്കപ്പെടുന്നത്. ഗുരുതരമായി പരുക്കേറ്റ ശന്തനു മരണമടഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും അലവന്‍സുകളും വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കാനും സര്‍്കകാര്‍ തീരുമാനിച്ചു. ഏഴാം ശമ്പള കമ്മീഷന്‍ നിഷ്‌കര്‍ഷിച്ച തലത്തിലേക്ക് ശമ്പളം വര്‍ധിപ്പിക്കുന്നതിനെ കുറിച്ചായിരിക്കും ഉന്നത തല സമിതി പഠനം നടത്തുക. ജീവനക്കാരുടെ ശമ്പള വര്‍ധന ബിജെപി പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. 

അഗര്‍ത്തല വിമാനത്താവളത്തിന്റെ പേര് മാറ്റിയതാണ് മറ്റൊരു സുപ്രധാന തീരുമാനം. ത്രിപുരയിലെ മഹാരാജാവായിരുന്ന ബീര്‍ ബിക്രം കിഷോര്‍ മാണിക്യ ദേബ് ബര്‍മന്റെ പേരാണ് അഗര്‍ത്തല വിമാനത്താവളത്തിന് ബിജെപി സര്‍ക്കാര്‍ നല്‍കിയത്. ആധുനിക ത്രിപുരയുടെ പിതാവായാണ് ബീര്‍ ബിക്രത്തെ കണക്കാക്കപ്പെടുന്നത്. അഗര്‍ത്തല വിമാനത്താവളത്തിന്റെ പേര് മാറ്റുമെന്ന് ബിജെപി തെരഞ്ഞെടുപ്പ് വേളയില്‍ വ്യക്തമാക്കിയിരുന്നു. 2010 ല്‍ മണിക് സര്‍ക്കാരാണ് അഗര്‍ത്തല വിമാനത്താവളത്തിന്റെ പേര് രബീന്ദ്രനാഥ ടാഗോര്‍ എന്നാക്കി മാറ്റിയത്. 

വിമാനത്താവളത്തിന്റെ പേര് ബീര്‍ ബിക്രം കിഷോര്‍ മാണിക്യ ദേബ് ബര്‍മന്‍ എന്നാക്കിയതിനെ കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സ്വാഗതം ചെയ്തു. രാഷ്ട്രീയ നേതാവ് എന്ന നിലയിലല്ല, മഹാരാജ ബീര്‍ ബിക്രത്തിന്റെ ചെറുമകന്‍ എന്ന നിലയിലാണ് സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തതെന്ന് മഹാരാജ ബീര്‍ ബിക്രം കിഷോര്‍ മാണിക്യ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com