സമരവേദി മാറ്റണമെന്ന് മുംബൈ സര്‍ക്കാര്‍; സഭ വളയുമെന്ന് കിസാന്‍ സഭ

കര്‍ഷകര്‍ സമരവേദി മാറ്റണമെന്ന് ഫട്‌നാവിസ് സര്‍ക്കാര്‍ - സമരം ചെയ്യാനെത്തിയത് നിയമസഭയിലേക്ക് - വേദി മാറ്റില്ലെന്ന് കിസാന്‍സഭ - നാളെ നിയമസഭ വളയും
സമരവേദി മാറ്റണമെന്ന് മുംബൈ സര്‍ക്കാര്‍; സഭ വളയുമെന്ന് കിസാന്‍ സഭ

മുംബൈ: കാലങ്ങളായി തങ്ങൾ ഉന്നയിക്കുന്ന വിവിധ വിഷയങ്ങൾക്ക് പരിഹാരം കാണാൻ ഇടത് സംഘടനകളുടെ ആഭിമുഖ്യത്തിൽ മഹാരാഷ്ട്രയിലെ കർഷകർ നടത്തുന്ന ലോംഗ് മാർച്ച് തലസ്ഥാനമായ മുംബയിലെത്തി. സമരത്തിനെതിരെ നിലപാട് ശക്തമാക്കി സംസ്ഥാന സർക്കാരും രം​ഗത്തെത്തി. സമരവേദി മാറ്റണമെന്നാണ് സർക്കാരിന്റെ ആവശ്യം. എന്നാൽ സമരവേദി മാറ്റില്ലെന്നും നാളെ മുതൽ നിയമസഭ വളയുമെന്നും നേതാക്കൾ പറ‍ഞ്ഞു. ലോങ് മാർച്ചിനെത്തിയ സമരസഖാക്കൾക്ക് സമരം ചെയ്യാനുള്ള വേദിയായി ആസാദി മൈതാനം ഒരുക്കാമെന്നും ഫട്നാവിസ് നേതാക്കളെ അറിയിച്ചു

കാർഷിക കടം എഴുതിത്തള്ളണമെന്നത് അടക്കമുള്ള വിഷയത്തിന് പരിഹാരം കണ്ടെത്താൻ ആയില്ലെങ്കിൽ നാളെ മഹാരാഷ്ട്ര നിയമസഭ വളയുമെന്നാണ് സമരക്കാരുടെ നിലപാട്. അതേസമയം, സമരത്തെ തുടർന്ന് നഗരത്തിലെ ഗതാഗതം താറുമാറാകാതിരിക്കാൻ വേണ്ട നടപടിക്രമങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുംബയ് പൊലീസ് വ്യക്തമാക്കി. സമരം അക്രമാസക്തമാവുകയാണെങ്കിൽ നേരിടേണ്ട സുരക്ഷാ ക്രമീകരണങ്ങളും നഗരത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും മുംബയ് പൊലീസ് കൂട്ടിച്ചേർത്തു.

ജീവിതത്തിനും മരണത്തിനും ഇടയിലെ പോരാട്ടമെന്ന് പ്രഖ്യാപിച്ചാണ് സി.പി.എം അനുകൂല കർഷക സംഘടനയായ ആൾ ഇന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ 30,000ൽ അധികം കർഷകരും ആദിവാസികളും മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നും തലസ്ഥാനമായ മുംബയിലേക്ക് കാൽനടയാത്ര സംഘടിപ്പിച്ചത്. അഞ്ച് ദിവസത്തോളം നീണ്ട യാത്ര ഏതാണ്ട് 180 കിലോ മീറ്ററിലധികം പിന്നിട്ടു. മദ്ധ്യവയസ്‌ക്കരും യുവാക്കളുമായ കർഷകർക്ക് പുറമെ സ്ത്രീകളുടെയും കുട്ടികളുടെയും പങ്കാളിത്തം മാർച്ചിനുണ്ട്. ജാഥയ്‌ക്ക് സി.പി.ഐ, ഭാരത് കിസാൻ മസ്‌ദൂർ പാർട്ടി, ശിവസേന, ആം ആദ്മി തുടങ്ങിയ പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഇന്ന് മന്ത്രി ഗിരീഷ് മഹാജനുമായി നടത്തിയ ചർച്ച പരാജയമാണെന്നും നാളെ നിയമസഭ വളയുമെന്നും ആൾ ഇന്ത്യാ കിസാൻ സഭ നേതാവ് അശോക് ധാവ്‌ലേ പറഞ്ഞു. തങ്ങൾ സമാധാനപരമായ സമരത്തിനാണ് എത്തിയിരിക്കുന്നത്. മുംബയിലെ ജനങ്ങൾക്ക് യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടാകില്ല. 25,000 പേരുമായാണ് യാത്ര ആരംഭിച്ചത്. ഇപ്പോഴത് ഇരട്ടിയായിരിക്കുന്നു. അംഗസംഖ്യ ഇനിയും വർദ്ധിക്കും. വിദ്യാർത്ഥികളുടെ സ്‌കൂൾ യാത്രയ്‌ക്ക് തടസം നേരിടാതിരിക്കാൻ 11 മണിക്ക് ശേഷമേ പ്രക്ഷോഭം ആരംഭിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ പദ്ധതികൾക്കായി സർക്കാർ ഏറ്റെടുത്ത ഭൂമിക്കു മതിയായ നഷ്ടപരിഹാരം നൽകുക, താങ്ങുവില സംബന്ധിച്ച സ്വാമിനാഥൻ കമ്മിഷൻ നിർദേശങ്ങൾ നടപ്പാക്കുക, പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് ഏക്കറിനു 40,000 രൂപ വീതം നഷ്ടപരിഹാരം നൽകുക തുടങ്ങിയവയാണ് പ്രക്ഷോഭകരുടെ ആവശ്യങ്ങൾ. അഖിലേന്ത്യ കിസാൻ സഭ ദേശീയ ജോയിന്റ് സെക്രട്ടറിയും സി.പി.എം കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവുമായ മലയാളി വിജു കൃഷ്ണനാണ് സമരത്തിന് നേതൃത്വം നൽകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com