'സമാനതകളില്ലാത്ത സമരമുന്നേറ്റത്തെ ഒരു വ്യക്തിയിലേക്ക് ചുരുക്കരുത്'

മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ലോങ് മാര്‍ച്ചിനെ ഒരു വ്യക്തിയിലേക്ക് ചുരുക്കുന്നത് സമരത്തിന്റെ യഥാര്‍ത്ഥ വൈപുല്യത്തെയും കരുത്തിനെയും ചെറുതാക്കി കാണുന്നതാണെന്ന് ആള്‍ ഇന്ത്യ കിസാന്‍ സഭ ജോയിന്റ് സെക്രട്ടറി 
'സമാനതകളില്ലാത്ത സമരമുന്നേറ്റത്തെ ഒരു വ്യക്തിയിലേക്ക് ചുരുക്കരുത്'

ഹാരാഷ്ട്രയിലെ കര്‍ഷകരുടെ ലോങ് മാര്‍ച്ചിനെ ഒരു വ്യക്തിയിലേക്ക് ചുരുക്കുന്നത് സമരത്തിന്റെ യഥാര്‍ത്ഥ വൈപുല്യത്തെയും കരുത്തിനെയും ചെറുതാക്കി കാണുന്നതാണെന്ന് ആള്‍ ഇന്ത്യ കിസാന്‍ സഭ ജോയിന്റ് സെക്രട്ടറി വിജൂ കൃഷ്ണന്‍. കര്‍ഷക സമരത്തെ കുറിച്ച് വിശദീകരിച്ചുകൊണ്ടും പിന്തുണച്ച് രംഗത്തെത്തിയവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുമുള്ള അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

മഹാരാഷ്ട്രയില്‍ നടന്നുവരുന്ന ഉജ്ജ്വലമായ കര്‍ഷക മുന്നേറ്റത്തെക്കുറിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്നത് സന്തോഷകരവും പ്രതീക്ഷാ നിര്‍ഭരവുമാണ്. മുഖ്യധാര മാധ്യമങ്ങളാളെ കോര്‍പ്പറേറ്റ് താല്പര്യങ്ങളെ മാത്രം താലോലിക്കുന്ന കാലത്ത് നവമാധ്യമങ്ങളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സഖാക്കളും മറ്റ് ജനാധിപത്യ വിശ്വാസികളുമെല്ലാം നടത്തിയ വിപുലമായ ഈ പ്രചരണം തീര്‍ച്ചയായും രാജ്യത്തെ പൊരുതുന്ന ജനതയ്ക്ക് പകരുന്ന ആവേശവും ആശ്വാസവും വളരെ വലുതാണ്. ഈ സമരത്തിന്റെ നേതൃത്വം എന്ന നിലയില്‍ അഖിലേന്ത്യാ കര്‍ഷക സംഘവും സമരത്തില്‍ അണിനിരക്കുന്ന ഓരോ കര്‍ഷകരും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഈ പിന്തുണയെ അഭിവാദ്യം ചെയ്യുന്നു.അദ്ദേഹം പറഞ്ഞു. 

ഒരു കാര്യം കൂടി സൂചിപ്പിക്കാതിരിക്കാന്‍ വയ്യ. ചിലരെങ്കിലും ആയിരക്കണക്കിനാളുകള്‍ പങ്കു ചേര്‍ന്ന, നൂറുകണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിക്കുന്ന, മഹാരാഷ്ട്രയിലെ ഗ്രാമനഗരങ്ങളെ പ്രകമ്പനം കൊള്ളിച്ച് മുന്നേറുന്ന, ലോങ് മാര്‍ച്ചെന്ന സമാനതകളില്ലാത്തൊരു സമര മുന്നേറ്റത്തെ ഒരു വ്യക്തിയിലേക്ക് ചുരുക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. അത് സമരത്തിന്റെ യഥാര്‍ത്ഥ വൈപുല്യത്തെയും കരുത്തിനെയും ചെറുതാക്കി കാണുന്നതാണെന്ന് ഖേദത്തോടെ പറയട്ടെ. കര്‍ഷക സംഘത്തിന്റെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്ന നിലയില്‍ മറ്റനേകം പോരാളികളായ സഖാക്കള്‍ക്കൊപ്പം എനിക്കും ആ സമരത്തിന്റെ ഭാഗമാകാന്‍ സാധിച്ചിട്ടുണ്ട്. വ്യത്യസ്ത വിഭാഗം ജനങ്ങളെ സംഘടിപ്പിച്ച് കര്‍ഷക വിരുദ്ധവും, സര്‍വ്വോപരി അങ്ങേയറ്റം ജന വിരുദ്ധവുമായ ബിജെപി സര്‍ക്കാരിനെതിരെ രാജ്യമെമ്പാടും ഏറ്റവും വിപുലമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരണമെന്ന് ഞങ്ങള്‍ കൂട്ടായെടുത്ത തീരുമാനത്തിന്റെ തുടര്‍ച്ചയായാണ് ഇത്തരം സമരങ്ങള്‍ നടക്കുന്നതും. 

അത് ഒരു വ്യക്തിയുടെ തീരുമാനമോ സംഘാടനമോ അല്ല. ഒരു സംഘടനയുടെ ഇച്ഛാശക്തിയും ആസൂത്രണവുമാണ്. അത് നടപ്പിലാക്കാന്‍ സംഘടന ഏല്‍പിച്ച ഉത്തരവാദിത്തങ്ങള്‍ കഴിവിന്റെ പരമാവധിയില്‍ ചെയ്യുക മാത്രമാണ് ഞങ്ങള്‍ ഓരോരുത്തരും ചെയ്യുന്നത്. ഏതെങ്കിലും ഒരു നേതാവ് അല്ല, കീഴടങ്ങാത്ത ജനതയാണ് ഇത്തരം പ്രക്ഷോഭങ്ങളുടെ അനിവാര്യ ഘടകം. കര്‍ഷക സംഘം എടുത്ത തീരുമാനത്തോട് വെല്ലുവിളികള്‍ വകവെക്കാതെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തെരുവിലേക്കിറങ്ങിയ കര്‍ഷകലക്ഷങ്ങളാണ് ഈ സമരത്തിന്റെ കരുത്ത്. 

മഹാരാഷ്ട്രയിലെ കര്‍ഷക സംഘമാണ് ലോംങ് മാര്‍ച്ചിന്റെ സംഘാടനത്തില്‍ നേതൃപരമായ പങ്ക് വഹിക്കുന്നത്. മുന്‍പ് രാജസ്ഥാനിലും ഹരിയാനയിലും കര്‍ണാടകയിലും ഒഡീഷയിലും ബീഹാറിലുമുള്‍പ്പടെ സമരങ്ങള്‍ നടന്നിട്ടുണ്ട്. വരും നാളുകളില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് കര്‍ഷകസംഘം തീരുമാനമെടുത്തിരിക്കുന്നതും. വ്യക്തിപരവും ഒറ്റപ്പെട്ടതുമായ ശേഷികളല്ല, ഏറ്റവും മൂര്‍ച്ചയുള്ള ജനപക്ഷ രാഷ്ട്രീയ ബോധ്യമാണ് ഞങ്ങളെ നയിക്കുന്നത്. സംഘടനയാണ് ആയുധം, നിശ്ചയദാര്‍ഢ്യമുള്ള പൊരുതുന്ന ജനതയാണ് കരുത്ത്. അതിനെയാണ് ഉയര്‍ത്തിക്കാട്ടേണ്ടത്. അതു മാത്രമാണ് ആഘോഷിക്കപ്പെടേണ്ടത്. പുതിയൊരിന്ത്യയിതാ മാര്‍ച്ച് ചെയ്തു വരുന്നു... നമ്മള്‍ ഇനിയും കീഴടങ്ങാത്ത ജനതയാണ്... അതിനെ തീവ്രമാക്കുക..അഭിവാദ്യങ്ങള്‍,അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com