ഈ സമരം ദണ്ഡിയാത്രയെ ഓര്‍മ്മിപ്പിക്കുന്നു; സര്‍ക്കാരുകളെ പിഴുതെറിയാന്‍ കര്‍ഷകര്‍ക്ക് കഴിയുമെന്ന് യെച്ചൂരി

കേന്ദ്രസര്‍ക്കാരിനെ വരെ പിഴുതെറിയാന്‍ ശക്തിയുളള ജനവിഭാഗമാണ് കര്‍ഷകരെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മുന്നറിയിപ്പ്.
ഈ സമരം ദണ്ഡിയാത്രയെ ഓര്‍മ്മിപ്പിക്കുന്നു; സര്‍ക്കാരുകളെ പിഴുതെറിയാന്‍ കര്‍ഷകര്‍ക്ക് കഴിയുമെന്ന് യെച്ചൂരി

മുംബൈ: കേന്ദ്രസര്‍ക്കാരിനെ വരെ പിഴുതെറിയാന്‍ ശക്തിയുളള ജനവിഭാഗമാണ് കര്‍ഷകരെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മുന്നറിയിപ്പ്. മുംബൈയില്‍ കര്‍ഷകരുടെ ലോങ് മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ നിറവേറ്റിയിലെങ്കില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെയും കേന്ദ്രസര്‍ക്കാരിനെയും ഇവര്‍ പിഴുതെറിയുമെന്ന് സീതാറാം യെച്ചൂരി മുന്നറിയിപ്പ് നല്‍കി. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന ഒരു പാര്‍ട്ടിക്കും അതിജീവനം സാധ്യമല്ല. കഴിഞ്ഞ വര്‍ഷം കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കര്‍ഷകരുടെ കടം എഴുതി തളളുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ പത്തുമാസം കഴിഞ്ഞിട്ടും ഈ പ്രഖ്യാപനം നടപ്പിലാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറായില്ല. സൈനികര്‍ രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന പോലെ കര്‍ഷകര്‍ ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം ഉല്‍പ്പാദിക്കുന്നുവെന്നും സീതാറാം യെച്ചൂരി ഓര്‍മ്മിപ്പിച്ചു.

88 വര്‍ഷം മുന്‍പ് ഗാന്ധിജിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദണ്ഡി യാത്രയെ അനുസ്മരിപ്പിക്കുന്നതാണ് കര്‍ഷകരുടെ സമരം. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിത്തറ വരെ ഇളക്കിയതാണ് ദണ്ഡിയാത്ര. ഇത് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി കൊടുക്കുന്നതിലേക്ക് വരെ നയിച്ചു. സമാനമായ നിലയില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ അധികാരികള്‍ കേട്ടില്ലായെങ്കില്‍ സംസ്ഥാനത്തെയും കേന്ദ്രത്തെയും പിടിച്ചുകുലുക്കുന്ന ശക്തിയായി കര്‍ഷകര്‍ മാറും. ഇവര്‍ തങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകളെ മാറ്റി അവര്‍ക്ക് ഇഷ്ടപ്പെട്ടവരെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്യുമെന്ന് സീതാറാം യെച്ചൂരി മുന്നറിയിപ്പ് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com