'കിസാന്‍ താങ്ക്‌സ് ദേവേന്ദ്ര' ബദല്‍ ഹാഷ് ടാഗ് പ്രചാരണവുമായി ബിജെപി;  ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ 

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരിനെതിരെയുളള കര്‍ഷകരോഷം വഴിതിരിച്ചുവിടാന്‍ ബിജെപി പയറ്റിയ തന്ത്രത്തിന് സാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍ മഴ
'കിസാന്‍ താങ്ക്‌സ് ദേവേന്ദ്ര' ബദല്‍ ഹാഷ് ടാഗ് പ്രചാരണവുമായി ബിജെപി;  ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ 

മുംബൈ: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരിനെതിരെയുളള കര്‍ഷകരോഷം വഴിതിരിച്ചുവിടാന്‍ ബിജെപി പയറ്റിയ തന്ത്രത്തിന് സാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍ മഴ. 'കിസാന്‍ താങ്ക്‌സ് ദേവേന്ദ്ര' എന്ന ഹാഷ്ടാഗില്‍ ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തിലുളള സര്‍ക്കാര്‍ കര്‍ഷകരുടെ ക്ഷേമത്തിനായി വിഭാവനം ചെയ്ത പദ്ധതികള്‍ ഉയര്‍ത്തികാട്ടി ബിജെപി ഐടി സെല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം അഴിച്ചുവിടുന്നുണ്ട്. ഇതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചാണ് ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നിരിക്കുന്നത്. 

മഹാരാഷ്ട്രയെ പ്രകമ്പനം കൊളളിച്ച കര്‍ഷകസമരത്തെ അപ്രസക്തമാക്കുക എന്ന  ലക്ഷ്യത്തോടെയാണ് ഇത്തരം പ്രചാരണം അഴിച്ചുവിടുന്നത് എന്ന് ചൂണ്ടികാണിച്ച് 'കിസാന്‍ താങ്ക്‌സ് ദേവേന്ദ്ര' എന്ന ഹാഷ് ടാഗിന് താഴെ ട്രോളുകള്‍ നിറയുകയാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് കിസാന്‍ ജാം കഴിക്കുന്നത് ഉള്‍പ്പെടെയുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതാണ് വിമര്‍ശനം ഉന്നയിക്കുന്നത്. 2017ല്‍ മാത്രം 2500 കര്‍ഷകര്‍ ആത്മഹത്യ ചെയ്ത കാര്യം ഉള്‍പ്പെടെ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ വ്യാപ്തി വിശദമാക്കുന്ന ട്വിറ്റുകളും പ്രത്യക്ഷപ്പെട്ടു. ലജ്ജ തോന്നുന്നില്ലേ ഇത്തര കാപട്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ എന്ന നിലയിലും വിമര്‍ശനങ്ങള്‍ ട്വിറ്റുകളില്‍ കാണാം.

നേരത്തെ കിസാന്‍ ലോങ്മാര്‍ച്ച് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നാടകമാണെന്ന് ആരോപിച്ച് നിരവധി പോയിന്റുകള്‍ നിരത്തിയാണ് 'കിസാന്‍ താങ്ക്‌സ് ദേവേന്ദ്ര' എന്ന ഹാഷ് ടാഗില്‍ ട്വിറ്റ് പ്രത്യക്ഷപ്പെട്ടത്. മഹാരാഷ്ട്രയെ വരള്‍ച്ച മുക്തമാക്കാന്‍ ഫട്‌നാവിസ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെല്ലാം ഇതില്‍ വിവരിച്ചിട്ടുണ്ട്. ജല്‍യുക്ത ഷിവാര്‍ എന്ന പേരില്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന ജനകീയ പരിപാടികള്‍ ഉള്‍പ്പെടുത്തിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിരോധം തീര്‍ക്കാന്‍ ബിജെപി ശ്രമിച്ചത്. നമ്മുടെ പ്രിയപ്പെട്ട ദേവേന്ദ്ര സര്‍ക്കാരിന് പിന്തുണ നല്‍കാനും ആവശ്യപ്പെട്ടുകൊണ്ടുളളതാണ് ട്വിറ്റ്. ഇതിന് പിന്നാലെയാണ് ഇതിനെ ട്രോളി നിരവധി ട്വിറ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com