മഹാരാഷ്ട്രയിലെത് തുടക്കം മാത്രം; കര്‍ഷകര്‍ ഉണരുകയാണ്

മഹാരാഷ്ട്രയില്‍ നടന്ന കര്‍ഷസമരത്തിന്റെ ഊര്‍ജ്ജം ഉള്‍കൊണ്ട് സമരം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാന്‍ കര്‍ഷക സംഘടനകളുടെ നീക്കം.
 മഹാരാഷ്ട്രയിലെത് തുടക്കം മാത്രം; കര്‍ഷകര്‍ ഉണരുകയാണ്

ന്യൂഡല്‍ഹി:  മഹാരാഷ്ട്രയില്‍ നടന്ന കര്‍ഷസമരത്തിന്റെ ഊര്‍ജ്ജം ഉള്‍കൊണ്ട് സമരം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാന്‍ കര്‍ഷക സംഘടനകളുടെ നീക്കം. വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ സമാനമായ ദുരിതം നേരിടുന്നുണ്ട്. ഇതെല്ലാം കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലമാണെന്ന് കര്‍ഷക സംഘടന നേതാക്കള്‍ ആരോപിക്കുന്നു. ഇതിനെല്ലാം പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ തുടക്കത്തില്‍ അതാത് സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലേക്കും തുടര്‍ന്ന്്  അന്തിമ പോരാട്ടം എന്ന നിലയില്‍ ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലേക്കും സമരം വ്യാപിപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ നീക്കം.

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷവിരുദ്ധ നയങ്ങളെ വെല്ലുവിളിക്കുക എന്നതാണ് സമരങ്ങളുടെ മുഖ്യഅജണ്ട. മഹാരാഷ്ട്രയ്ക്ക് പിന്നാലെ അസമിലെ പ്രമുഖ നഗരമായ ഗുവാഹട്ടിയിലേക്ക് റാലി സംഘടിപ്പിക്കുകയാണ് അടുത്ത ദൗത്യം. ഇതിന് പുറമേ എല്ലാ സംസ്ഥാനങ്ങളിലെ കര്‍ഷക സംഘടന നേതാക്കളുമായി കൂടിയാലോചന നടത്തി ഏപ്രിലില്‍ ഡല്‍ഹിയിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കാനാണ് ഉദേശിക്കുന്നതെന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കര്‍ഷക സംഘടനയുടെ നേതാവായ അഖില്‍ ഗോഗോയി അറിയിച്ചു.


വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. മണ്ണൊലിപ്പ്, വെളളപ്പൊക്കം ഉള്‍പ്പെടെയുളള പ്രശ്‌നങ്ങള്‍ കര്‍ഷകര്‍ക്ക് ദുരിതം സമ്മാനിക്കുകയാണ്. എന്നാല്‍ ഇതൊന്നും വേണ്ട പ്രാധാന്യത്തോടെ പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ഗോഗോയി ആരോപിച്ചു.

 ഡല്‍ഹിയില്‍ സംഘടിപ്പിക്കാന്‍ പോകുന്ന സമരപരിപാടി ഗുജറാത്ത്, തമിഴ്‌നാട്, മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളിലെ കര്‍ഷക നേതാക്കള്‍ സ്ഥിരീകരിച്ചു. കര്‍ഷര്‍ എല്ലാം നിരാശരാണ്. അവരില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്താണ് പ്രതീക്ഷിക്കുക. അവര്‍ സമാധാനപരമായാണ് സമരം നയിച്ചത്. സര്‍ക്കാര്‍ ഉടന്‍ തന്നെ ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാകണമെന്ന് ഗുജറാത്തില്‍ നിന്നുളള കര്‍ഷക നേതാവായ സാഗര്‍ റാബ്‌റി മുന്നറിയിപ്പ് നല്‍കി.


കര്‍ഷകരുടെ പ്രതിഷേധങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മുഖവിലയ്ക്ക് എടുത്തില്ലായെങ്കില്‍ ശക്തമായ പ്രക്ഷോഭപരിപാടികളെയായിരിക്കും മോദി അഭിമുഖീകരിക്കേണ്ടിവരുക എന്ന് മധ്യപ്രദേശില്‍ നിന്നുളള കര്‍ഷക നേതാവ് ശിവകുമാര്‍ ശര്‍മ്മ താക്കീത് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com