സുനന്ദയുടെ മരണം കൊലപാതകം; വിഷം നല്‍കി കൊന്നതെന്ന് പൊലീസിന്റെ രഹസ്യറിപ്പോര്‍ട്ട്

മരണം വിഷം ഉള്ളില്‍ ചെന്നാണെന്നും, അല്‍പ്രാസോലം വിഷമാണ് മരണകാരണമെന്നും പ്രേതപരിശോധന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു 
സുനന്ദയുടെ മരണം കൊലപാതകം; വിഷം നല്‍കി കൊന്നതെന്ന് പൊലീസിന്റെ രഹസ്യറിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : മുന്‍കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്. എന്നാല്‍ സുനന്ദയുടേത് കൊലപാതകമാണെന്ന് ഡല്‍ഹി പൊലീസിന് ആദ്യം തന്നെ അറിയാമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ബിഎസ് ജയ്‌സ്വാള്‍ തയ്യാറാക്കിയ രഹസ്യ റിപ്പോര്‍ട്ട് ഇത് വ്യക്തമാക്കുന്നതായി ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. 

സുനന്ദ മരിച്ചുകിടന്ന ലീല ഹോട്ടലിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയ വസന്ത് വിഹാര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അലോക് വര്‍മ്മയും സുനന്ദയുടേത് അസ്വഭാവിക മരണമാണെന്നും, ആത്മഹത്യയല്ലെന്നും സൂചിപ്പിച്ചിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് ബോധ്യപ്പെട്ട, സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, സരോജിനി നഗര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 

മരണ കാരണം വിഷം ഉള്ളില്‍ ചെന്നാണെന്നും, സാഹചര്യ തെളിവുകള്‍ വെച്ച് അല്‍പ്രാസോലം വിഷമാണ് മരണകാരണമെന്നും പ്രേതപരിശോധന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സുനന്ദയുടെ ശരീരത്തിലുണ്ടായിരുന്നത് ബലപ്രയോഗത്തിലോ, മൂര്‍ച്ച കുറഞ്ഞ ആയുധം കൊണ്ടോ ഉണ്ടായതാണ്. എന്നാല്‍ ഇത് മരണകാരണമല്ല. സുനന്ദയുടെ ശരീരത്തിലുണ്ടായിരുന്ന 1 മുതല്‍ 15 വരെയുള്ള പരിക്കുകളില്‍ പത്താമത്തേത് ഇഞ്ചക്ഷന്റെ പാടും, പന്ത്രണ്ടാമത്തേത് പല്ലുകൊണ്ടുള്ള കടിയേറ്റ പാടുമാണ്. ഇതില്‍ ഇഞ്ചക്ഷന്‍ മാര്‍ക്ക് മാത്രമാണ് പുതുതായുള്ളത്. ബാക്കി എല്ലാം 12 മണിക്കൂര്‍ മുതല്‍ നാലു ദിവസം വരെ പഴക്കമുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 

സുനന്ദയും ഭര്‍ത്താവ് ശശി തരൂരും തമ്മില്‍ വഴക്കുണ്ടാക്കിയിരുന്നതായി സഹായി നരെയ്ന്‍ സിംഗ് പൊലീസിന് മൊഴി നല്‍കിയിരുന്നു. കേസിന്റെ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന ഡല്‍ഹി സതേണ്‍ റേഞ്ച് ജോയിന്റ് കമ്മീഷണര്‍ വിവേക് ഗോഗിയക്ക് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രാലയത്തിനും സമര്‍പ്പിച്ചിരുന്നു. 

മരണകാരണം വ്യക്തമായിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാതെ വെച്ചുതാമസിപ്പിച്ച പൊലീസ്, ഒരാഴ്ചയ്ക്ക് ശേഷം ക്രൈംബ്രാഞ്ചിന് കേസ് കൈമാറി. സംഭവത്തില്‍ കൊലപാതകത്തിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ച്, നാലു മണിക്കൂറിനകം കേസിന്റെ അന്വേഷണ ചുമതല വിവേക് ഗോഗിയക്ക് തിരികെ നല്‍കുകയായിരുന്നു. 

ക്രൈംബ്രാഞ്ച് സുനന്ദ മരിച്ച ഹോട്ടല്‍ റൂം സന്ദര്‍ശിച്ചെങ്കിലും, ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി എസ് ബസി ഇടപെട്ട് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഒരുവര്‍ഷവും, കേസന്വേഷണം രണ്ടു വര്‍ഷവും താമസിപ്പിച്ചുവെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, കെമിക്കല്‍ രാസപരിശോധന റിപ്പോര്‍ട്ടുകള്‍, വിരലടയാള റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവയെല്ലാം കൊലപാതകത്തിലേക്കാണ് വിരല്‍ ചൂണ്ടിയത്. എന്നിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് വിസമ്മതിച്ചു. സുനന്ദയുടെ കയ്യിലെ പല്ലിന്റെ പാടുകളും, ഇഞ്ചക്ഷന്‍ അടയാളവും റിപ്പോര്‍ട്ടില്‍ എടുത്തുകാണിക്കുന്നു. വിഷം വായിലൂടെ നല്‍കുകയായിരുന്നോ, കുത്തിവെക്കുകയായിരുന്നോ ചെയ്തിരുന്നതെന്ന് അന്വേഷിക്കണമെന്ന് പ്രഥമവിവര റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. 

2014 ജനുവരി 17 ന് രാത്രി 9 മണിയ്ക്കാണ് സുനന്ദ പുഷ്‌കറിനെ ലീല ഹോട്ടലിലെ 345 ആം നമ്പര്‍ റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സുനന്ദ 2014 ജനുവരി 15 ന് വൈകീട്ട് 5.46 ന് ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്തതായാണ് രേഖകള്‍. റൂം നമ്പര്‍ 307 ആണ് ആദ്യം നല്‍കിയത്. ജനുവരി 16 ന് ഉച്ചയ്ക്ക് ശേഷമാണ് 345 നമ്പര്‍ റൂമിലേക്ക് സുനന്ദ മാറുന്നത്. മരണം നടക്കുന്ന അന്ന് വൈകീട്ട് മൂന്നുമണിയ്ക്ക് സഹായിയെ വിളിച്ച് പത്രസമ്മേളനം ഉണ്ടെന്നും അതിനായി വെള്ള വസ്ത്രം തയ്യാറാക്കിവെയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

ശശി തരൂരുമായുള്ള വിവാഹം കഴിഞ്ഞ് ഏഴു വര്‍ഷത്തിനകമാണ് സുനന്ദയുടെ മരണം സംഭവിച്ചത് എന്നതിനാലാണ്, ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് നേതൃത്വം നല്‍കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അലോക് ശര്‍മ്മ സ്ഥലത്തെത്തിയത്. സുനന്ദയുടെ മരണകാരണം ഇപ്പോഴും ദുരൂഹമായി തുടരുകയാണെന്നും, എന്നാല്‍ കൊലപാതകമാണെന്ന് ഡല്‍ഹി പൊലീസിന്റെ രഹസ്യ റിപ്പോര്‍ട്ടില്‍ തന്നെ സൂചിപ്പിച്ചിട്ടുള്ളതാണെന്നും മുതിര്‍ന്ന പൊലീസ് ഓഫീസറെ ഉദ്ധരിച്ച് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com